ആറുവയസുകാരിക്ക് പാമ്പുകടിയേറ്റ് ദാരുണാന്ത്യം. ഏങ്ങണ്ടിയൂർ പുളിഞ്ചോട് തച്ചാട്ട് വീട്ടിൽ നന്ദുമുക്കന്ദന്റെയും ലക്ഷ്മിയുടെയും മകൾ അനാമികയാണ് മരിച്ചത്. തളിക്കുളം സിഎംഎസ് യുപി സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാർഥിനിയാണ് അനാമിക. തളിക്കുളം പുളിയംതുരുത്തിലെ വാടകവീട്ടിലാണ് കുടുംബം താമസിക്കുന്നത്.
ചൊവ്വാഴ്ച രാത്രി പാമ്പുകടിയേറ്റെന്നാണ് നിഗമനം. ഉറക്കത്തിൽ കാലിൽ കടുത്ത വേദനയോടെ ഉണർന്ന അനാമിക വയറുവേദനിക്കുന്നതായും വീട്ടുകാരോട് പറഞ്ഞു. ഉടൻതന്നെ വീട്ടുകാർ അനാമികയെ ചാവക്കാട് ഗവ. താലൂക്ക് ആശുപത്രിയിലെത്തിച്ചു. എന്നാൽ, അസ്വാഭാവികമായി ഒന്നും കണ്ടിരുന്നില്ല. വയറുവേദനയ്ക്ക് മരുന്നും കാലിൽ പുരട്ടാനുള്ള മരുന്നും നൽകി. ആശുപത്രിയിൽ കുറച്ചുനേരം നിരീക്ഷണത്തിൽ കഴിഞ്ഞ ശേഷം വീട്ടിലേക്ക് മടങ്ങി.
പിറ്റേന്ന് രാവിലെയോടെ അനാമികയുടെ കാലിൽ നീരുവെക്കുകയും കാഴ്ച മങ്ങുകയും ചെയ്തു. അസ്വസ്ഥത പ്രകടിപ്പിച്ചതോടെ വീട്ടുകാർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചു. രക്തപരിശോധനയിലാണ് പാമ്പിൻ വിഷം രക്തത്തിൽ കലർന്നതായി കണ്ടെത്തിയത്. വെന്റിലേറ്ററിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ഇവരുടെ വാടകവീടിന് സമീപം കണ്ടെത്തിയ അണലിയെ നാട്ടുകാർ തല്ലിക്കൊന്നിരുന്നു.
Discussion about this post