ഒമാൻ പോലെ ഉള്ള എതിരാളി വരുമ്പോൾ സ്വാഭാവികമായി ഇന്ത്യ പോലെ ഉള്ള ചാമ്പ്യൻ ടീമിന് തോന്നുന്ന ആത്മവിശ്വാസം, അത് ഇന്ത്യക്ക് ഇന്ന് അൽപ്പം കൂടുതൽ ആയിരുന്നു. ടോസ് മുതൽ ഇന്ത്യൻ താരങ്ങളുടെ അമിതതവിശ്വാസം കണ്ട മത്സരത്തിൽ ഇന്ത്യ പണി മേടിക്കാതെ രക്ഷപെട്ടത് ഭാഗ്യത്തിന് മാത്രം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഉയർത്തിയ 188 റൺ പിന്തുടർന്ന ഒമാൻ 167 റൺ വരെ എത്തി. ഇന്ത്യക്ക് 21 റൺസിന്റെ മങ്ങിയ ജയം.
സ്കോർബോർഡ് മാത്രം നോക്കിയാൽ നിങ്ങളിൽ പലർക്കും ഒന്നും തോന്നില്ല എങ്കിലും മത്സരം കണ്ടവർക്ക് അറിയാം ഇന്ത്യ ഇന്ന് എത്രത്തോളം ദയനീയം ആയിരുന്നു എന്ന്. ആദ്യം ബാറ്റ് ചെയ്യാൻ ഇന്ത്യ ഇറങ്ങുമ്പോൾ പ്രതീക്ഷിച്ചത് കൂറ്റൻ സ്കോർ ആണെങ്കിൽ സംഭവിച്ചത് മറിച്ചാണ്. തുടക്കത്തിൽ തന്നെ ഗില്ലിന്റെ( 5 ) വിക്കറ്റ് നഷ്‌ടമായ ഇന്ത്യക്കായി പിന്നാലെ അഭിഷേക്- സഞ്ജു സഖ്യം റൺ ഉയർത്തുന്ന ഉത്തരവാദിത്വം ഏറ്റെടുത്തു. 15 പന്തിൽ 38 റൺ എടുത്ത അഭിഷേക് എന്നത്തേയും പോലെ നന്നായി കളിച്ചെങ്കിലും സഞ്ജു തുടക്കത്തിൽ ബുദ്ധിമുട്ടി.
സഞ്ജു റൺ എടുത്ത് തുടങ്ങിയ സമയത്ത് അഭിഷേകിന്റെ വിക്കറ്റ് ഇന്ത്യക്ക് നഷ്ടമായി. പിന്നാലെ ഹാർദിക് 1 റൺ എടുത്ത് റണ്ണൗട്ട് ആയി മടങ്ങിയപ്പോൾ അക്‌സർ പട്ടേൽ 26 റൺസും ശിവം ദുബൈ 5 റൺ നേടിയും മടങ്ങി. തിലക് വർമ്മ നേടിയത് 29 റൺസാണ്. സ്ഥിരമായി ഇറങ്ങുന്ന മൂന്നാം നമ്പർ സ്ലോട്ട് സഞ്ജുവിനായി വിട്ടുകൊടുത്ത സൂര്യകുമാർ ഇന്ന് ബാറ്റ് ചെയ്യാൻ ഇറങ്ങാതെ സഹതാരങ്ങൾക്ക് അവസരം കൊടുത്തെങ്കിലും അത് ആരും മുതലെടുത്തില്ല എന്ന് പറയാം. സഞ്ജു പോലും അർദ്ധ സെഞ്ച്വറി നേടി എങ്കിലും ആ ഇന്നിങ്‌സിസിന് അത്ര മൊഞ്ചിലായിരുന്നു എന്ന് തന്നെ പറയാം. ഒടുവിൽ 188 റൺസാണ് ഇന്ത്യ എതിരാളികൾക്ക് മുന്നിൽ വെച്ചത്.
ശേഷം ഒമാൻ ബാറ്റിംഗിലും ഉഴപ്പി തുടങ്ങിയ ഇന്ത്യ വളരെ മോശമായി തന്നെയാണ് പന്തെറിഞ്ഞത് എന്ന് പറയാം. ആദ്യ വിക്കറ്റ് എടുക്കാൻ 56 റൺ വരെ ഇന്ത്യക്ക് കാത്തിരിക്കേണ്ടതായി വന്നു എന്നതിലുണ്ട് ദയനീയത മുഴുവൻ. 32 റൺ എടുത്ത ജതീന്ദറിന്റെ വിക്കറ്റ് നേടി കുൽദീപ് മികവ് തുടർന്നെങ്കിലും ബാക്കി ബോളർമാർ എല്ലാവരും ഉഴപ്പൻ മൂഡിൽ ആയതോടെ ശേഷം ഒമാൻ സ്കോർ ഉയർന്നു. രണ്ടാം വിക്കറ്റിൽ ആമിർ കലീം- ഹമദ് മിശ്ര സഖ്യം തുടക്കത്തിൽ റൺ സ്കോർ ചെയ്യാൻ ബുദ്ധിമുട്ടിയെങ്കിലും ശേഷം ട്രാക്ക് മാറ്റി. കളിയുടെ ആദ്യ ഘട്ടത്തിൽ തോൽവി ഉറപ്പിച്ച ഒമാൻ ഒരു ഘട്ടത്തിൽ അട്ടിമറി നടത്തും എന്ന തോന്നൽ ഉണ്ടാക്കി. പ്രാധാന ബോളർമാരായി ഇന്ന് ഇറങ്ങിയ ഹർഷിത് റാണ, അർശ്ദീപ് സിംഗ് എല്ലാവരും പ്രഹരം ഏറ്റുവാങ്ങി. ഒടുവിൽ 64 റൺ എടുത്ത ആമിറിന്റെ വിക്കറ്റ് ഹർഷിത് റാണ, ഹാർദിക് എടുത്ത മനോഹര ക്യാച്ചിന് ഒടുവിൽ പുറത്തായപ്പോൾ ആണ് ഇന്ത്യക്ക് ചിരി തിരിച്ചുകിട്ടിയത്.
ശേഷം മത്സരത്തിന്റെ കണ്ട്രോൾ ഏറ്റെടുത്ത ഇന്ത്യക്കായി അർശ്ദീപും ഹാർദിക്കും ഓരോ വിക്കറ്റുകൾ കൂടി വീഴ്ത്തി.
Discussion about this post