റിയാദ് : ഇസ്രായേലിനെതിരായി സൗദി അറേബ്യയുടെ പിന്തുണ തേടി ലെബനനിലെ ഹിസ്ബുള്ള തലവൻ നയിം ഖാസിം. ജിസിസി രാജ്യങ്ങൾ യഥാർത്ഥ ശത്രുവിനെ തിരിച്ചറിയണമെന്നും ഇസ്രായേലിനെ തകർക്കുന്നതിനായി തങ്ങളോടൊപ്പം നിൽക്കണമെന്നും നയിം ഖാസിം ആവശ്യപ്പെട്ടു. ഹിസ്ബുള്ളയുടെ ശത്രു ഇസ്രായേൽ മാത്രമാണെന്നും സൗദി അറേബ്യ ഉൾപ്പെടെയുള്ള ജിസിസി രാഷ്ട്രങ്ങൾ മുൻകാല അഭിപ്രായവ്യത്യാസങ്ങൾ മറന്ന് തങ്ങളോടൊപ്പം പ്രവർത്തിക്കണമെന്നുമാണ് ഹിസ്ബുള്ള നേതാവ് ആവശ്യപ്പെടുന്നത്.
ലെബനൻ സായുധ ഗ്രൂപ്പായ ഹിസ്ബുള്ളയും സൗദി അറേബ്യയും തമ്മിൽ വർഷങ്ങളായി സംഘർഷത്തിലാണുള്ളത്. ഇറാനുമായി സൗദി അറേബ്യയ്ക്ക് വർഷങ്ങളായി നിലനിൽക്കുന്ന ശത്രുതയാണ് ഇറാന്റെ പിന്തുണയോടെ പ്രവർത്തിക്കുന്ന ഹിസ്ബുള്ളയോടുള്ള സംഘർഷങ്ങൾക്കും പ്രധാന കാരണം. സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) 2016 ൽ ഹിസ്ബുള്ളയെ തീവ്രവാദ സംഘടനയായി മുദ്രകുത്തിയിരുന്നു.
സിറിയൻ ആഭ്യന്തരയുദ്ധത്തിൽ സ്ഥാനഭ്രഷ്ടനാക്കപ്പെട്ട നേതാവ് ബഷർ അൽ-അസദിന് വേണ്ടിയുള്ള പ്രവർത്തനങ്ങളും യെമനിലെ ഹൂത്തികൾക്കുള്ള പിന്തുണയുമാണ് ഹിസ്ബുള്ളയെ ഭീകര സംഘടനയായി പ്രഖ്യാപിക്കാൻ കാരണമായി ജിസിസി രാഷ്ട്രങ്ങൾ ചൂണ്ടിക്കാട്ടിയിട്ടുള്ളത്. എന്നാൽ തങ്ങളുടെ ചെറുത്തുനിൽപ്പിനു മേലുള്ള ജിസിസി രാജ്യങ്ങളുടെ സമ്മർദ്ദം ഇസ്രായേലിന് ഗുണം ചെയ്യുന്നതാണെന്ന് ഹിസ്ബുള്ള കുറ്റപ്പെടുത്തി. യുഎസിന്റെ പൂർണ്ണ പിന്തുണയോടെ ഇസ്രായേൽ ഇപ്പോൾ ക്രൂരതയുടെ പാരമ്യത്തിലെത്തിയിരിക്കുകയാണ്. ഖത്തറിനെതിരായ ഇസ്രായേൽ ആക്രമണം ഒരു വഴിത്തിരിവായി കണ്ട് സൗദി അറേബ്യ ഉൾപ്പെടെയുള്ളവർ തങ്ങളെ പിന്തുണയ്ക്കണം എന്ന് ഹിസ്ബുള്ള തലവൻ നയിം ഖാസിം ആവശ്യപ്പെട്ടു.
Discussion about this post