ന്യൂയോർക്ക് : അമേരിക്കയും ഇന്ത്യയുമായുള്ള ബന്ധം നിലവിൽ നിർണായകമാണെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ. ന്യൂയോർക്കിൽ നടക്കുന്ന ഐക്യരാഷ്ട്രസഭയുടെ പൊതുസഭയുടെ (യുഎൻജിഎ) 80-ാമത് സെഷനിൽ പങ്കെടുക്കാൻ എത്തിയ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ തിങ്കളാഴ്ച വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായി കൂടിക്കാഴ്ച നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരവും സഹകരണവും വർദ്ധിപ്പിക്കേണ്ടത് നിർണായകമാണെന്നും മാർക്കോ റൂബിയോ വ്യക്തമാക്കി.
വ്യാപാരം, പ്രതിരോധം, ഊർജ്ജം, ഫാർമസ്യൂട്ടിക്കൽസ്, നിർണായക ധാതുക്കൾ എന്നിവയിൽ ഇന്ത്യയും യുഎസും തമ്മിലുള്ള വ്യാപാരവും സഹകരണവും ഏറെ പ്രധാനപ്പെട്ടതാണെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച ഒരു പോസ്റ്റിലൂടെ അറിയിച്ചു. ഇരു രാജ്യങ്ങളുടെയും അഭിവൃദ്ധി വർദ്ധിപ്പിക്കേണ്ടതുണ്ട്. ഇക്കാര്യം ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങളാണ് ഇപ്പോൾ നടക്കുന്നത്. വ്യാപാരം ഉൾപ്പെടെയുള്ള നിരവധി വിഷയങ്ങളിൽ ഇന്ത്യൻ ഗവൺമെന്റിന്റെ തുടർച്ചയായ ഇടപെടലിന് നന്ദി എന്നും മാർക്കോ റൂബിയോ അറിയിച്ചു.
ക്വാഡ് വഴി ഉൾപ്പെടെ, സ്വതന്ത്രവും തുറന്നതുമായ ഇന്തോ-പസഫിക് മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിന് അമേരിക്കയും ഇന്ത്യയും ഒരുമിച്ച് പ്രവർത്തിക്കുന്നത് തുടരുമെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ഒരു ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കി. ” യു എസുമായുള്ള സംഭാഷണം നിലവിൽ ആശങ്കയുള്ള നിരവധി ഉഭയകക്ഷി, അന്താരാഷ്ട്ര വിഷയങ്ങൾ ഉൾക്കൊള്ളുന്നു. മുൻഗണനാ മേഖലകളിലെ പുരോഗതിക്ക് സുസ്ഥിരമായ ഇടപെടലിന്റെ പ്രാധാന്യത്തെക്കുറിച്ച് ഞങ്ങൾ സമ്മതിച്ചു. ഞങ്ങൾ ബന്ധം തുടരും,” എന്നാൽ ഇന്ത്യൻ വിദേശകാര്യമന്ത്രി എസ് ജയശങ്കറും സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു.
Discussion about this post