ദുബായ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടന്ന ഏഷ്യാ കപ്പ് സൂപ്പർ 4 മത്സരത്തിൽ ഇന്ത്യയ്‌ക്കെതിരായ മത്സരത്തിൽ ഫഖർ സമാനെ പുറത്താക്കിയ തേർഡ് അമ്പയർ തീരുമാനത്തിനെതിരെ മുൻ പാകിസ്ഥാൻ ക്യാപ്റ്റൻ ഷാഹിദ് അഫ്രീദി നടത്തിയ വിചിത്രമായ പരാമർശം വിവാദത്തിന് തിരികൊളുത്തി. നന്നായി ബാറ്റ് ചെയ്തിരുന്ന സമയത്ത് ആയിരുന്നു ഫഖറിന്റെ വിക്കറ്റ് പാകിസ്ഥാന് നഷ്ടമായത്. പാകിസ്ഥാനെ സംബന്ധിച്ച് താരത്തിന്റെ വിക്കറ്റ് നഷ്ടമായത് വലിയ തിരിച്ചടിയായി. ഹാർദികിന്റെ പന്തിൽ സഞ്ജു ക്യാച്ച് എടുത്തായിരുന്നു താരത്തിന്റെ മടക്കം. ക്യാച്ച് എടുക്കും മുമ്പ് പന്ത് ബൗൺസ് ചെയ്തു എന്നായിരുന്നു പാകിസ്ഥാന്റെ വാദം. റീപ്ലേകൾ സൂക്ഷ്മമായി പരിശോധിച്ച തേർഡ് അമ്പയർ സാംസൺ പന്ത് ക്‌ളീനായി തന്നെയാണ് പിടിച്ചതെന്ന് വിധിച്ചു. എന്നിരുന്നാലും, ഈ തീരുമാനം തെറ്റ് ആയിരുന്നു എന്നാണ് പാക് താരങ്ങളടക്കം വാദിച്ചത്.
ഐപിഎല്ലിലും ഇവർ തന്നെ അമ്പയർ ആയി പ്രവർത്തിക്കണം എന്നാണ് അഫ്രീദി പറഞ്ഞത്. സമ ടിവിയിൽ സംസാരിക്കവെ അദ്ദേഹം പറഞ്ഞു: ” അമ്പയർമാരായി ഈ മത്സരം നിയന്ത്രിച്ചവർ ഇന്ത്യൻ പ്രീമിയർ ലീഗിലും മത്സരങ്ങൾ നിയന്ത്രിക്കട്ടെ.” അഫ്രീദി പറഞ്ഞു. ഷോയിലെ പാനലിസ്റ്റുകളിൽ ഒരാളായ മുഹമ്മദ് യൂസഫും സമാനമായ അഭിപ്രായം പറഞ്ഞു. അമ്പയർമാർ എല്ലാ ആംഗിളുകളും പരിശോധിച്ചില്ലെന്ന് അദ്ദേഹം പറഞ്ഞു. “അവർ പല ആംഗിളുകളും പരിശോധിച്ചില്ല. ഫഖർ മൂന്ന് ഫോറുകൾ അടിക്കുകയും ബുംറയെ നന്നായി കളിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ വിക്കറ്റ് ഇന്ത്യയ്ക്ക് നിർണായകമായിരുന്നു,” അദ്ദേഹം പറഞ്ഞു.
ഷോയിബ് അക്തർ പറഞ്ഞത് ഇങ്ങനെ-” 26 ക്യാമറകൾ ലഭ്യമായിട്ടും, മൂന്നാം അമ്പയർ എന്തുകൊണ്ടാണ് രണ്ട് ആംഗിളുകൾ മാത്രം പരിശോധിച്ചത്? ഫഖർ തുടർന്നിരുന്നെങ്കിൽ മത്സരം മറിഞ്ഞേനെ,” ഷോയിബ് അക്തർ പറഞ്ഞു.
ഇവരെ കൂടാതെ മത്സരത്തിൽ നിർണായകമായ ഓപ്പണർ ഫഖർ സമാന്റെ പുറത്താകലിന്റെ നിയമസാധുതയെ പാകിസ്ഥാൻ ക്യാപ്റ്റൻ സൽമാൻ അലി ആഘ ചോദ്യം ചെയ്തു, പന്ത് വിക്കറ്റ് കീപ്പർ സഞ്ജു സാംസണിൽ എത്തുന്നതിനുമുമ്പ് ബൗൺസ് ചെയ്‌തെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
പാക് നായകൻ പറഞ്ഞത് ഇങ്ങനെ :
“തീരുമാനത്തെക്കുറിച്ച് എനിക്കറിയില്ല. അത് അമ്പയറുടെ ജോലിയാണെന്ന് വ്യക്തമാണ്. അമ്പയർമാർക്ക് തെറ്റുകൾ സംഭവിക്കാം. എനിക്ക് അതിൽ ഒരു പ്രശ്നവുമില്ല. പക്ഷേ പന്ത് കീപ്പറുടെ അടുത്തേക്ക് എത്തുന്നതിന് മുമ്പ് അത് ബൗൺസ് ചെയ്തതായി തോന്നുന്നു,” സൽമാൻ പറഞ്ഞു.
“പക്ഷേ ചിലപ്പോൾ എനിക്കായിരിക്കും തെറ്റ് പറ്റിയത്. എനിക്കറിയില്ല. പവർപ്ലേയിലുടനീളം അദ്ദേഹം ബാറ്റ് ചെയ്തിരുന്നെങ്കിൽ, ഞങ്ങൾ 190 റൺസ് നേടുമായിരുന്നു എന്ന് പറയാൻ കഴിയും. പക്ഷേ അതെ, അത് അമ്പയറുടെ തീരുമാനമാണ്. അവർക്ക് തെറ്റുകൾ സംഭവിക്കാം. എനിക്കറിയില്ല. എന്റെ നോട്ടത്തിൽ, അത് കീപ്പറിൽ എത്തുന്നതിനുമുമ്പ് ബൗൺസ് ചെയ്തു,” അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post