ജുഡീഷ്യൽ സിറ്റി കളമശ്ശേരിയിൽ സ്ഥാപിക്കുന്നതിന് മന്ത്രിസഭാ യോഗം തത്വത്തിൽ അംഗീകാരം നൽകിയിരിക്കുകയാണ്. എച്ച്.എം.ടിയുടെ കൈവശമുള്ള 27 ഏക്കർ ഭൂമി ഏറ്റെടുത്ത് ജുഡീഷ്യൽ സിറ്റി സ്ഥാപിക്കാനാണ് തീരുമാനം. പദ്ധതി നടപ്പാക്കുന്നതിനുള്ള പ്രാരംഭ നടപടികൾ സ്വീകരിക്കാൻ ആഭ്യന്തര വകുപ്പിനെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. ഈ അവസരത്തിൽ മുരളി തുമ്മാരുകുടി പങ്കുവച്ച കുറിപ്പ് ചർച്ചയാവുകയാണ്.
കൊച്ചിയിലെ ഹൈക്കോടതി ഇരിക്കുന്ന സ്ഥലം പരിസ്ഥിതികമായും കാലാവസ്ഥ വ്യതിയാനത്തിന്റെ സാഹചര്യത്തിലും ഒട്ടും ഉചിതമായതല്ലെന്നും അതുകൊണ്ട് തന്നെ ബൈ പാസ്സിന് പുറകിലുള്ള ഏതെങ്കിലും സ്ഥലത്തേക്ക് മാറ്റുന്നതാണ് ഏറ്റവും ഉചിതമെന്നും ഞാൻ ഏറെനാളായി പറയാറുണ്ടെന്ന് അദ്ദേഹം കുറിച്ചു. മാറുന്ന കാലാവസ്ഥക്ക് അനുകൂലമാകണം നമ്മുടെ ഒരു സ്ഥാപനങ്ങളും, അതനുസരിച്ചാണ് നമ്മുടെ പ്ലാനിങ്ങുകൾ നടക്കേണ്ടത്.ഹൈക്കോടതിയുടെ മാറ്റം ഒരു നല്ല തുടക്കമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
കുറിപ്പിൻ്റെ പൂർണരൂപം
കൊച്ചിയിലെ ഹൈക്കോടതി ഇരിക്കുന്ന സ്ഥലം പരിസ്ഥിതികമായും കാലാവസ്ഥ വ്യതിയാനത്തിന്റെ സാഹചര്യത്തിലും ഒട്ടും ഉചിതമായതല്ലെന്നും അതുകൊണ്ട് തന്നെ ബൈ പാസ്സിന് പുറകിലുള്ള ഏതെങ്കിലും സ്ഥലത്തേക്ക് മാറ്റുന്നതാണ് ഏറ്റവും ഉചിതമെന്നും ഞാൻ ഏറെനാളായി പറയാറുണ്ട്. ഇപ്പോൾ ഹൈക്കോടതി ഉൾപ്പെടുന്ന ഒരു ജുഡീഷ്യൽ സിറ്റി തന്നെ കളമശ്ശേരിയിൽ വരുന്നു എന്നത് ഏറെ സന്തോഷം നൽകുന്ന ഒന്നാണ്.
വാസ്തവത്തിൽ ഹൈക്കോടതി മാറ്റുന്നതിന് മുൻപ് തന്നെ മാറ്റേണ്ടത് ജനറൽ ആശുപത്രിയും പോലീസ് കമ്മീഷണറുടെ ഓഫിസും ഒക്കെയാണ്. ഒരു സുനാമി വന്നാൽ ആദ്യം അടിച്ചുപോകുന്നത് ദുരന്തബാധിതരുടെ രക്ഷാപ്രവർത്തനം ഏകോപിപ്പിക്കേണ്ട പോലീസ് സ്റ്റേഷനും ദുരന്ത ബാധിതരെ ചികിൽസിക്കേണ്ട ആശുപത്രിയും ഒക്കെ ആണെങ്കിൽ ദുരന്ത നിവാരണം തന്നെ ദുരന്തമാകും.
സുനാമി ഉണ്ടായില്ലെങ്കിൽ പോലും രണ്ടായിരത്തി ഒരുന്നൂറിലെ കൊച്ചിയിൽ ഇപ്പോഴത്തെ ജനറൽ ആശുപ്രത്രിയും പോലീസ് കമ്മീഷണറേറ്റും കോർപ്പറേഷൻ ഓഫീസും ഒക്കെ വെള്ളക്കെട്ടിലാണ്. അപ്പോൾ ഇവിടങ്ങളിൽ പുതിയതായി നടത്തുന്ന ഓരോ ഇൻവെസ്റ്റ്മെന്റും കടലിൽ കല്ലിടുന്നതാണ്.
മാറുന്ന കാലാവസ്ഥക്ക് അനുകൂലമാകണം നമ്മുടെ ഒരു സ്ഥാപനങ്ങളും, അതനുസരിച്ചാണ് നമ്മുടെ പ്ലാനിങ്ങുകൾ നടക്കേണ്ടത്.
ഹൈക്കോടതിയുടെ മാറ്റം ഒരു നല്ല തുടക്കമാണ്
മുരളി തുമ്മാരുകുടി
Discussion about this post