2025 ലെ ഏഷ്യാ കപ്പ് ഫൈനലിൽ ഇന്ത്യക്ക് എതിരാളി പാകിസ്ഥാൻ. സെപ്റ്റംബർ 28 ന് ദുബായ് ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന പോരിൽ 41 വർഷത്തെ ഏഷ്യാ കപ്പ് ചരിത്രത്തിൽ ആദ്യമായി ഇരുടീമുകളും നേർക്കുനേർ വരും. ഇന്നലെ ഫൈനൽ ഉറപ്പിക്കാനുള്ള പോരാട്ടത്തിൽ ബംഗ്ലാദേശിനെതിരെ ആദ്യ ബാറ്റ് ചെയ്ത പാക് പട 135 റൺസ് മാത്രമാണ് നേടിയത് എങ്കിലും എതിരാളികളെ 20 ഓവറിൽ 124/9 എന്ന സ്‌കോറിൽ ഒതുക്കി 11 റൺസിന്റെ ജയമാണ് സൽമാനും സംഘവും നേടിയത്.
ടൂർണമെന്റിന്റെ ഈ പതിപ്പിൽ ഇന്ത്യ ഇതിനകം രണ്ടുതവണ പാകിസ്ഥാനെ പരാജയപ്പെടുത്തിയിട്ടുണ്ട്. ഗ്രൂപ്പ് ഘട്ട ഇന്ത്യ 7 വിക്കറ്റിന് വിജയിച്ചപ്പോൾ സൂപ്പർ 4 ൽ വിജയം 6 വിക്കറ്റിനായിരുന്നു. എന്നിരുന്നാലും, ഫൈനൽ മത്സരത്തിൽ തന്റെ ടീം ഇന്ത്യയെ തോൽപ്പിക്കും എന്ന് പറയുകയാണ് പാകിസ്ഥാൻ നായകൻ സൽമാൻ.
വാക്കുകൾ ഇങ്ങനെ:
“എന്താണ് ചെയ്യേണ്ടതെന്ന് ഞങ്ങൾക്കറിയാം, ഏതൊരു ടീമിനെയും തോൽപ്പിക്കാൻ ഞങ്ങൾ പ്രാപ്തരാണ്. ഇന്ത്യയെ തോൽപ്പിക്കാൻ ഞങ്ങൾ തയ്യാറായിരിക്കും,” മത്സരശേഷം നടന്ന അവതരണ ചടങ്ങിൽ സൽമാൻ പറഞ്ഞു.
ബംഗ്ലാദേശിനെതിരായ മത്സരത്തിലെ കളിക്കാരുടെ സംഭാവനകളെ അദ്ദേഹം പ്രശംസിച്ചു. “ഇത്തരത്തിലുള്ള മത്സരങ്ങളിൽ നിങ്ങൾക്ക് വിജയിക്കാൻ കഴിയുമെങ്കിൽ, നിങ്ങൾ ഒരു പ്രത്യേക ടീമാണ്. ഹാരിസും ഷഹീനും മികച്ച രീതിയിൽ പന്തെറിഞ്ഞു, പക്ഷേ ഫൈനലിൽ ഞങ്ങൾക്ക് ബാറ്റിംഗ് നിരയിൽ നിന്നും മികച്ച പ്രകടനം ആവശ്യമാണ്. ആ മത്സരത്തിന് ഞങ്ങൾ തയ്യാറാകും. ഞങ്ങളുടെ ബാറ്റിംഗ് എനിക്ക് ഇഷ്ടപ്പെട്ടില്ല, ന്യൂ ബോളിൽ നന്നായി പന്തെറിഞ്ഞാൽ ഞങ്ങൾ കളി ജയിക്കുമെന്ന് എനിക്കറിയാമായിരുന്നു. ഫീൽഡിംഗ് മികവിൽ ഞാൻ സന്തുഷ്ടനാണ്,” അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post