ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആൻഡ് സിറിയയുടെ (ഐഎസ്) ആശയങ്ങൾ പ്രചരിപ്പിക്കുകയും ആളുകളെ റിക്രൂട്ട് ചെയ്യുകയും ചെയ്ത കേസിൽ പ്രതികൾ കുറ്റക്കാരാണെന്ന് എൻഐഎ കോടതി. കോയമ്പത്തൂർ സ്വദേശികളായ രണ്ടുപേർ കുറ്റക്കാരാണെന്നാണ് കേടതി വ്യക്തമാക്കിയത്. തമിഴ്‌നാട്ടിലെ കോയമ്പത്തൂർ ഉക്കടം അൻപു നഗർ സ്വദേശി മുഹമ്മദ് അസ്ഹറുദ്ദീൻ, ഉക്കടം സ്വദേശി ഷെയ്ഖ് ഹിദായത്തുള്ള എന്ന ഫിറോസ് ഖാൻ എന്നിവരെയാണ് കൊച്ചിയിലെ എൻഐഎ കേസുകൾ വിചാരണ ചെയ്യുന്ന പ്രത്യേക കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തിയത്.
ഇന്ത്യൻ ശിക്ഷാനിയമം സെക്ഷൻ 120 ബി, നിയമവിരുദ്ധ പ്രവർത്തന നിയമം സെക്ഷൻ 38, 39 എന്നിവ പ്രകാരം ശിക്ഷാർഹമായ കുറ്റകൃത്യങ്ങളിൽ ഇരുവരും കുറ്റക്കാരാണെന്ന് ജഡ്ജി എൻ ശേഷാദ്രിനാഥൻ ചൂണ്ടിക്കാട്ടി, അതനുസരിച്ച് അവരെ ശിക്ഷിച്ചു.വിചാരണയുടെ ഭാഗമായി 40 സാക്ഷികളെ കോടതി വിസ്തരിച്ചു. കോയമ്പത്തൂരിലെ സ്ഫോടനവുമായി ബന്ധപ്പെട്ട മറ്റൊരു കേസിലും അസ്ഹറുദ്ദീൻ പ്രതിയാണ്. എഫ്‌ഐആറിൽ ആറ് പേരെ പ്രതികളായി ചേർത്തിരുന്നെങ്കിലും, 2019-ൽ രണ്ട് പ്രതികൾക്കെതിരെയാണ് എൻഐഎ കുറ്റപത്രം സമർപ്പിച്ചത്.
ദക്ഷിണേന്ത്യയിൽ, പ്രത്യേകിച്ച് കേരളത്തിലും തമിഴ്‌നാട്ടിലും ഭീകരാക്രമണങ്ങൾ നടത്താനായി യുവാക്കളെ റിക്രൂട്ട് ചെയ്യുക എന്ന ഉദ്ദേശ്യത്തോടെ, നിരോധിത ഭീകര സംഘടനയായ ഐഎസിന്റെ ആശയം അസ്ഹറുദ്ദീനും കൂട്ടാളികളും പ്രചരിപ്പിക്കുന്നുവെന്ന് എൻഐഎക്ക് വിവരം ലഭിച്ചതിനെത്തുടർന്ന് 2018-ലാണ് കേസ് രജിസ്റ്റർ ചെയ്തത്. ജമാഅത്തെ ഇസ്ലാമിയുടെ പോഷകസംഘടനയായ വഹദത്തെ ഇസ്ലാമിയുമായി അസ്ഹറുദ്ദീന് ബന്ധമുണ്ടായിരുന്നുവെന്നും സംഘടനയുടെ വിവിധ പരിപാടികളിൽ പങ്കെടുത്തിരുന്നുവെന്നും എൻഐഎ നേരത്തെ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. 2013-ൽ കോയമ്പത്തൂരിലെ വഹദത്തെ ഇസ്ലാമിയുടെ ജില്ലാ നേതാവായ ഇയാൾ 2013 മുതൽ റയാൻ മസ്ജിദിലടക്കം സംഘടനയുടെ പരിപാടികളിൽ പ്രഭാഷണങ്ങൾ നടത്തിത്തുടങ്ങി.
ശ്രീലങ്കൻ ഐസിസ് നേതാവ് സഹ്റാൻ ഹാഷിമിന്റേതായി ആരോപിക്കപ്പെടുന്ന പ്രസംഗങ്ങളും മറ്റ് വസ്തുക്കളും പ്രതികളുടെ ഡിജിറ്റൽ ഉപകരണങ്ങളിൽ നിന്നും സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ നിന്നും ഫോറൻസിക് പരിശോധനയിൽ കണ്ടെടുത്തതായും റിപ്പോർട്ട് കൂട്ടിച്ചേർത്തു. 2017 മുതൽ 2019 മാർച്ച് വരെ അവർ ദക്ഷിണേന്ത്യയിൽ ഐസിസ് പ്രവർത്തനങ്ങൾ വളർത്തിയെടുത്തു.
2017 മുതൽ പ്രതികൾ കേരളത്തിലെ പല സ്ഥലങ്ങളും സന്ദർശിച്ചിട്ടുണ്ടെന്നും വിവിധ സ്ഥലങ്ങളിൽ വെച്ച് അവരുടെ കൂട്ടാളികളെ കണ്ടുമുട്ടിയിട്ടുണ്ടെന്നും ഐസിസിന് പിന്തുണ അറിയിച്ചിട്ടുണ്ടെന്നും എൻഐഎ അറിയിച്ചു.
Discussion about this post