ശബരിമലയില്‍ നിന്ന് കാണാതായ ദ്വാരപാലക ശില്‍പങ്ങളുടെ താങ്ങുപീഠം കണ്ടെത്തി. കാണാതായെന്ന് ആരോപണമുന്നയിച്ച സ്‌പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ബന്ധുവീട്ടില്‍ നിന്നുതന്നെ ഈ പീഠങ്ങള്‍ കണ്ടെത്തുകയായിരുന്നു. വിജിലന്‍സിന്റെ അന്വേഷണത്തിലാണ് പീഠം കണ്ടെത്തിയത്. ശബരിമല ദ്വാരപാലക ശില്‍പങ്ങള്‍ക്ക് സ്വർണ പീഠംകൂടി നിര്‍മിച്ച് നല്‍കിയിരുന്നതായും ഇവ കാണാതായെന്നുമാണ് സ്‌പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റി ആരോപിച്ചത്.
ഉണ്ണിക്കൃഷ്ണന്റെ സഹോദരിയുടെ വെഞ്ഞാറമൂട്ടിലെ വീട്ടില്‍ നിന്നാണ് പീഠം കണ്ടെത്തിയത്. ഓഗസ്റ്റ് പതിമൂന്നാം തീയതിയാണ് പീഠം സഹോദരിയുടെ വീട്ടിലേക്ക് മാറ്റിയത്. അതിന് മുന്‍പ് ഇത് ജോലിക്കാരന്റെ വീട്ടില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. പീഠം കാണാതായ സംഭവം വിവാദമായതോടെ ജോലിക്കാരന്‍ ഇത് തിരികെ നല്‍കി. 2021 മുതല്‍ പീഠം ഉണ്ണിക്കൃഷ്ണന്റെ വീട്ടില്‍ സൂക്ഷിച്ചിരുന്നു. പിന്നീടാണ് സഹോദരിയുടെ വീട്ടിലേക്ക് മാറ്റിയത്.
അതേസമയം, ഇക്കാര്യത്തിൽ പ്രതികരിക്കാനില്ലെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് വ്യക്തമാക്കി. തങ്ങളുടെ കൈ പൂർണമായും ശുദ്ധമാണെന്നും എല്ലാ കാര്യങ്ങളും വിജിലൻസ് എസ്പി കോടതിയിൽ റിപ്പോർട്ട് ആയി നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post