സൂര്യകുമാർ യാദവ് ഒരു നായകൻ എന്ന നിലയിൽ തന്റെ കരിയറിലെ ഏറ്റവും മികച്ച ഘട്ടത്തിലൂടെയാണ് കടന്ന് പോകുന്നത്. നായക സ്ഥാനം ഏറ്റെടുത്ത ശേഷം വന്ന ആദ്യ പ്രധാന ടൂർണമെന്റിൽ തന്നെ ഇന്ത്യയെ കിരീടത്തിലേക്ക് നയിക്കാനും സൂര്യകുമാറിന് സാധിച്ചു എന്നുള്ളതാണ് ശ്രദ്ധിക്കേണ്ട കാര്യം. എന്നാൽ ഒരു താരമെന്ന നിലയിൽ മികച്ച ബാറ്റിംഗ് പ്രകടനമൊന്നും താരത്തിന്റെ ഭാഗത്ത് നിന്ന് ഈ ടൂർണമെന്റിൽ കണ്ടില്ല. വളരെ മോശം ഫോമിലൂടെയാണ് അദ്ദേഹം കടന്ന് പോകുന്നത്.
കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൽ ഇന്ത്യൻ പ്രീമിയർ ലീഗ് കരിയർ ആരംഭിച്ച സൂര്യകുമാറിന് അവിടെ അത്രയൊന്നും തിളങ്ങാനായില്ല. എന്നാൽ കൊൽക്കത്തയിൽ സൂര്യകുമാറിനെ കഴിവ് നന്നായി മനസിലാക്കിയ ഒരാൾ പരിശീലകൻ ഗൗതം ഗംഭീർ ആയിരുന്നു. പിന്നാലെ മുംബൈ ഇന്ത്യൻസിലെത്തിയ സൂര്യകുമാർ തന്റെ ട്രാക്ക് മാറ്റി . രോഹിത് ശർമ്മയുടെ കീഴിൽ അദ്ദേഹം ഇന്ന് നമ്മൾ കാണുന്ന കളിക്കാരനായി. 2018 മുതൽ 2025 വരെ, ഐപിഎല്ലിൽ അദ്ദേഹത്തെക്കാൾ കൂടുതൽ റൺസ് നേടിയത് മൂന്ന് കളിക്കാർ മാത്രമാണ്. അവരിൽ ആരും തന്നെ 152.07 എന്ന സ്ട്രൈക്ക് റേറ്റിന് അടുത്ത് പോലും വന്നിട്ടില്ല എന്നും ഓർക്കണം.
മുംബൈയിലെ അദ്ദേഹത്തിന്റെ വിജയമാണ് എല്ലാ ഫോർമാറ്റുകളിലും അദ്ദേഹത്തിന് ഇന്ത്യൻ ക്യാപ്പ് നേടിക്കൊടുത്തത്. സൂര്യകുമാറിന് നല്ല ഒരു കരിയർ നൽകിയത് രോഹിത് ആണെങ്കിലും അദ്ദേഹത്തെ ഏറ്റവും കൂടുതൽ കാര്യങ്ങൾ പഠിപ്പിച്ചത് ഗൗതം ഗംഭീർ ആയിരുന്നു. ഏഷ്യാ കപ്പിൽ വിജയിച്ചതിന് ശേഷം, കെകെആർ ദിനങ്ങളിൽ ഗംഭീറിൽ നിന്ന് നിരവധി തന്ത്രങ്ങൾ പഠിച്ചതായി സൂര്യകുമാർ സമ്മതിച്ചു.
“ഗൗതി ഭായിയുമായുള്ള എന്റെ ബന്ധം ഒരു ഇളയ സഹോദരന്റെയും മൂത്ത സഹോദരന്റെയും ബന്ധമാണ്. കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിൽ ഞങ്ങൾ ഒരുമിച്ച് കളിച്ചിട്ടുണ്ട്. പരസ്പരം വളരെ അടുത്തറിയാം. ഞാൻ അദ്ദേഹത്തിൽ നിന്ന് ധാരാളം കാര്യങ്ങൾ പഠിച്ചു. രോഹിത്തിന്റെ കീഴിൽ ഞാൻ കളിച്ചിട്ടുണ്ട്, പക്ഷേ കെകെആറിൽ കളിച്ച കാലത്താണ് തന്ത്രങ്ങൾ കൂടുതലും ഞാൻ പഠിച്ചത്. ഒരു താരത്തിന്റെ മനസ്സിൽ എന്താണ് കടന്നുപോകുന്നത് എന്നൊക്കെ ഗംഭീറിന് നന്നായി അറിയാം. ഒരു ടൂർണമെന്റിനായി എങ്ങനെ തയ്യാറെടുപ്പുകൾ നടത്തണം, കളിക്കാരനെ എങ്ങനെ മുന്നോട്ട് നയിക്കാമെന്നും അവരെ എങ്ങനെ സംരക്ഷിക്കാമെന്നും എല്ലാം അയാളിൽ നിന്നാണ് പഠിച്ചത്.” സൂര്യകുമാർ പറഞ്ഞു.
എന്തായാലും അടുത്ത ടി 20 ലോകകപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെ സൂര്യകുമാർ ഉടൻ ഫോം കണ്ടെത്തും എന്ന് തന്നെയാണ് പ്രതീക്ഷ.
Discussion about this post