ഞായറാഴ്ച നടന്ന മത്സരത്തിൽ പാകിസ്ഥാനെ അഞ്ച് വിക്കറ്റിന് തോൽപ്പിച്ചിട്ടും ഏഷ്യാ കപ്പ് ഫൈനൽ ടീമിന് ട്രോഫി നിഷേധിക്കാൻ കാരണമായ നാടകീയ സംഭവങ്ങളെക്കുറിച്ച് ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് വിശദീകരിച്ചു. ഏഷ്യാ കപ്പ് ട്രോഫി, ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ (എസിസി) മേധാവിയും പാകിസ്ഥാനിലെ രാഷ്ട്രീയ നേതാവുമായ മൊഹ്‌സിൻ നഖ്‌വിയിൽ നിന്ന് സ്വാവീകരിക്കില്ല എന്ന് ഇന്ത്യൻ ടീം നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. എന്നാൽ, ഫൈനലിനുശേഷം ഇന്ത്യൻ ടീം ഇക്കാര്യത്തിൽ നിലപാട് ആവർത്തിച്ചതോടെ, ട്രോഫിയുമായി നഖ്‌വി ചടങ്ങിൽ നിന്ന് ഇറങ്ങിപ്പോയി.
ഇന്ത്യൻ എക്സ്പ്രസുമായുള്ള ഒരു ചാറ്റിൽ സൂര്യകുമാർ യാദവ്, ഫൈനലിനു ശേഷമുള്ള നാടകീയതയെക്കുറിച്ച് സൂര്യകുമാർ പറഞ്ഞത് ഇങ്ങനെ:
“ഞങ്ങൾ വാതിൽ അടച്ച് ഡ്രസ്സിംഗ് റൂമിനുള്ളിൽ ഇരുന്നില്ല. ചടങ്ങിനായി ആരോടും കാത്തിരിക്കാൻ ഞങ്ങൾ നിർബന്ധിച്ചില്ല. അവരുടെ ആളുകൾ ട്രോഫിയുമായി ഓടിപ്പോകുന്നത് ഞാൻ കണ്ടു . അതാണ് ഞാൻ കണ്ടത്. എനിക്കറിയില്ല, ചിലർ ഞങ്ങളുടെ വീഡിയോ എടുക്കുന്നുണ്ടായിരുന്നു, പക്ഷേ ഞങ്ങൾ അകത്തേക്ക് പോയില്ല, അവിടെ തന്നെ നിന്നു” അദ്ദേഹം പറഞ്ഞു.
നഖ്‌വിയിൽ നിന്ന് ഏഷ്യാ കപ്പ് ട്രോഫി നിരസിക്കാൻ ഇന്ത്യൻ ടീമിന് മുൻകൂർ പദ്ധതിയില്ലായിരുന്നുവെന്നും എന്നാൽ ബോർഡ് അങ്ങനെ ചെയ്യാൻ നിർദ്ദേശിച്ചുവെന്നും പാകിസ്ഥാൻ ക്രിക്കറ്റ് ലോകത്തെ നിരവധി പ്രമുഖർ അവകാശപ്പെട്ടിട്ടുണ്ട്.
ടൂർണമെന്റിന്റെ ഒരു ഘട്ടത്തിലും ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡോ (ബിസിസിഐ) സർക്കാരോ അത്തരമൊരു പ്രവൃത്തിയെക്കുറിച്ച് നിർദ്ദേശം നൽകിയിട്ടില്ലെന്ന് സൂര്യകുമാർ വ്യക്തമാക്കി. നഖ്‌വിയിൽ നിന്ന് ട്രോഫി സ്വീകരിക്കേണ്ട എന്ന തീരുമാനം ടീം മാത്രമാണ് എടുത്തത്.
“ഒന്നാമതായി, ഞാൻ വ്യക്തമാക്കട്ടെ, ആരെങ്കിലും ട്രോഫി നൽകിയാൽ ഞങ്ങൾ അത് സ്വീകരിക്കില്ലെന്ന് ടൂർണമെന്റിലുടനീളം സർക്കാരിൽ നിന്നോ ബിസിസിഐയിൽ നിന്നോ ആരും ഞങ്ങളോട് ഒന്നും പറഞ്ഞില്ല. ഞങ്ങൾ ആ തീരുമാനം സ്വന്തമായി എടുത്തു. അവർ (എസിസി ഉദ്യോഗസ്ഥർ) വേദിയിൽ നിൽക്കുകയായിരുന്നു, ഞങ്ങൾ താഴെ നിൽക്കുകയായിരുന്നു. അവർ വേദിയിൽ സംസാരിക്കുന്നത് ഞാൻ കണ്ടു, അവരുടെ സംഭാഷണത്തിന്റെ വിശദാംശങ്ങൾ എനിക്കറിയില്ല. ജനക്കൂട്ടത്തിലെ ചിലർ കൂക്കിവിളിക്കാൻ തുടങ്ങി. തുടർന്ന് അവരുടെ പ്രതിനിധിയായ ഒരാൾ ട്രോഫി എടുത്ത് ഓടിപ്പോകുന്നത് ഞങ്ങൾ കണ്ടു,” അദ്ദേഹം പറഞ്ഞു.
Discussion about this post