അന്തരിച്ച നടൻ കലാഭവൻ മണിയെ നിറത്തിന്റെ പേരിൽ അപമാനിച്ചുവെന്ന് ആരോപിച്ച് നടി ദിവ്യ ഉണ്ണിക്കെതിരെ വർഷങ്ങളായി നിലനിന്നിരുന്ന കുറ്റപ്പെടുത്തലുകൾക്ക് ഒടുവിൽ അവസാനമിട്ട് സംവിധായകൻ വിനയൻ. കലാഭവൻ മണിയെ അപമാനിച്ച നായിക ദിവ്യ ഉണ്ണി അല്ലെന്ന് വിനയൻ തുറന്നുപറഞ്ഞു. വിവാദത്തിന് ആസ്പദമായ സംഭവം നടന്നത് ‘കല്യാണ സൗഗന്ധികം’ എന്ന സിനിമയുടെ സെറ്റിലല്ലെന്നും, ‘വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും’ എന്ന സിനിമയുമായി ബന്ധപ്പെട്ടായിരുന്നു യഥാർഥ സംഭവമെന്നും ആ നടി ദിവ്യ ഉണ്ണി അല്ലെന്നും വിനയൻ വ്യക്തമാക്കി.
കല്യാണ സൗഗന്ധികത്തെക്കുറിച്ച് വിനയൻ പങ്കിട്ട പോസ്റ്റിന് താഴെ ഒരാൾ ഇക്കാര്യം ചോദിച്ചെത്തിയപ്പോഴാണ് അദ്ദേഹം മനസ് തുറന്നത്. ”കലാഭവൻ മണിയുടെ നായിക ആകാൻ ഇല്ലെന്നു ഒരു നടി പറഞ്ഞന്ന് വിനയൻ സാർ പറഞ്ഞത് ഈ സിനിമയെ പറ്റി അല്ലേ?” എന്നായിരുന്നു കമന്റ്.
അത് ഈ സിനിമ അല്ല. വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന സിനിമയിലാണ് പ്രശസ്തയായ ഒരു നടി അങ്ങനെ പറഞ്ഞത്. ആ നായിക നടിയുടെ പേര് ഞാനിതുവരെ വെളിപ്പെടുത്തിയിട്ടുമില്ല. കല്യാണ സൗഗന്ധികത്തിൽ മണിയുമായി ലൗ സീനുള്ള ഒരു പാട്ടാണ് എടുക്കാൻ പോകുന്നതെന്നു അസിസ്ററന്റ് ഡയറക്ടർ പറഞ്ഞപ്പോൾ ഏയ് മണിച്ചേട്ടന്റെ കൂടെ ഞാനല്ല എന്റെ ഹീറോ ദിലീപ് ചേട്ടനാണ് എന്ന് ദിവ്യ പറഞ്ഞതിനെ പറ്റി മണി ഒരു ഇന്റർവ്യൂവിൽ തമാശ രൂപേണ അവതരിപ്പിച്ചിരുന്നു. അത് ശരിയുമായിരുന്നു.” വിനയൻ പറയുന്നു.
”ദീലീപിന്റെ നായിക ആകാൻ ആദ്യമായി സിനിമയിലേക്കു വന്ന ഒരു പതിനാലുകാരിയുടെ സ്വപ്നം നിറഞ്ഞ ആകാംഷയായി മാത്രമേ ഞാനതിനെ കണ്ടുള്ളു. പുതുമുഖം ആയതുകൊണ്ടു തന്നെ സൗമ്യതയോടെ ഞാൻ കാര്യം പറഞ്ഞു മനസ്സിലാക്കിയപ്പോൾ ദിവ്യ അതു ചെയ്യുകയും ചെയ്തു. കലാഭവൻ മണി കല്യാണ സൗഗന്ധികത്തിൽ ഉണ്ടായ കാര്യം പറഞ്ഞതും, വാസന്തിയും ലക്ഷമിയും എന്ന സിനിമയിലേക്കു നായികയെ അന്വഷിച്ചപ്പോൾ എനിക്കുണ്ടായ അനുഭവം പറഞ്ഞതും കൂട്ടിച്ചേർത്ത് ചിലരെഴുതിയപ്പോൾ ദിവ്യയിലേക്ക് ആ ആരോപണം മുഴുവൻ വന്നു’വാസന്തിയിൽ അഭിനയിക്കാൻ ബുദ്ധിമുട്ടു പറഞ്ഞ നടി ഒരിക്കലും ദിവ്യ ഉണ്ണി അല്ല. ദിവ്യയോട് ആവശ്യപ്പെട്ടിട്ടുമില്ല. ചാലക്കുടിക്കാരൻ ചങ്ങാതി എന്ന സിനിമയിൽ മണിയെ നിരാകരിച്ച നടിയുടെ വിഷയം ഞാൻ സൂചിപ്പിച്ചിട്ടൊണ്ട്.ഇപ്പഴും പലരും പറയുന്ന ഒരു കാര്യത്തിന്റെ സത്യം എല്ലാവരും അറിയുവാൻ വേണ്ടിയാണ് ഇത്രയും എഴുതിയത്.എന്നാണ് വിനയൻ പറയുന്നത്.
Discussion about this post