ഇന്ത്യ – വെസ്റ്റ് ഇൻഡീസ് ആദ്യ ടെസ്റ്റിന്റെ രണ്ടാം ദിനം അവസാനിക്കുമ്പോൾ ചിത്രത്തിൽ പോലും ഇല്ലാതെ കരീബിയൻ സംഘം. ആദ്യം ബാറ്റ് ചെയ്ത വെസ്റ്റ് ഇൻഡീസ് ഉയർത്തിയ 162 റൺ ലക്ഷ്യമാക്കി ബാറ്റ് ചെയ്ത ഇന്ത്യ ദിവസത്തെ കളി നിർത്തുമ്പോൾ 448 – 5 എന്ന നിലയിൽ നിൽക്കുന്നു. ടീമിന് ഇപ്പോൾ 286 റൺ ലീഡ് ഉണ്ട്. സെഞ്ച്വറി നേടിയ കെ.എൽ രാഹുൽ, ദ്രുവ് ജുറൽ, രവീന്ദ്ര ജഡേജ എന്നിവരായിരുന്നു ഇന്ത്യൻ ബാറ്റിങ്ങിന്റെ നട്ടെല്ല്.
ഇന്നലെ 2 വിക്കറ്റ് നഷ്ടത്തിൽ ദിവസം അവസാനിപ്പിച്ച ഇന്ത്യക്കായി ഇന്ന് രാഹുൽ- ഗിൽ സഖ്യം മനോഹര തുടക്കം നൽകി. അതിനിടയിൽ നന്നായി കളിക്കുന്നതിനിടെ 50 റൺ നേടിയ നായകൻ ഗില്ലിന്റെ വിക്കറ്റ് ഇന്ത്യക്ക് നഷ്ടമായി. ശേഷം രാഹുലിന് കൂട്ടായി എത്തുന്നത് ദ്രുവ് ജൂറൽ. പന്തിന് പകരക്കാരനായി കളത്തിൽ ഇറങ്ങാൻ അവസരം കിട്ടിയ താരം മനോഹരമായി തന്നെ കളിച്ചു.
ഈ നാളുകളിൽ ടെസ്റ്റ് ക്രിക്കറ്റിൽ തന്റെ മികവ് എന്താണെന്ന് കാണിച്ച രാഹുൽ സെഞ്ച്വറി നേടിയ ശേഷം മടങ്ങിയപ്പോൾ ക്രീസിൽ ഉറച്ചത് രവീന്ദ്ര ജഡേജ. പെട്ടെന്ന് രണ്ട് വിക്കറ്റ് വീണ സമ്മർദ്ദം ജൂറലിനെ അറിയിക്കാതെ സീനിയർ താരത്തിന്റെ ഉത്തരവാദിത്വം കാണിച്ച ജഡേജ ആക്രമണ ക്രിക്കറ്റാണ് കളിച്ചത്. ഏകദിന മോഡിൽ കളിച്ച താരം വെസ്റ്റ് ഇൻഡീസിനെ തളർത്തി. ഇതിനിടയിൽ ജൂറലും ട്രാക്ക് മാറ്റി. വെസ്റ്റ് ഇൻഡീസ് ബോളർമാർ ആകട്ടെ ബോളിങ് മെഷീൻ പോലെ വെറുതെ പന്തെറിയുന്നു എന്ന റോളിലേക്ക് മാറി. ആദ്യം ജൂറൽ സെഞ്ച്വറി നേടിയപ്പോൾ പിന്നാലെ ജഡേജയും നേട്ടത്തിലേക്ക് എത്തി.
15 ബൗണ്ടറിയുടെയും 3 സിക്സിന്റെയും സഹായത്തോടെ 125 റൺ നേടി ജൂറൽ മടങ്ങിയപ്പോൾ 104 റൺ നേടി പുറത്താകാതെ നിന്ന ജഡേജക്ക് പങ്കാളി 9 റൺസുമായി ക്രീസിൽ നിൽക്കുന്ന വാഷിംഗ്‌ടൺ സുന്ദറുമാണ്. വെസ്റ്റ് ഇൻഡീസ് ടീം ഏറെ നാളുകളായി നടത്തുന്ന മോശം പ്രകടനം ഇന്നും തുടർന്നപ്പോൾ ഇവർക്ക് പകരം ഇന്ത്യയുടെ എ ടീം ആയിരുന്നെങ്കിൽ നല്ല പോരാട്ടം എങ്കിലും ആരാധകർക്ക് കാണാമായിരുന്നു എന്നാണ് അഭിപ്രായങ്ങൾ.
Discussion about this post