ഫാസിൽ സംവിധാനം ചെയ്ത മണിച്ചിത്രത്താഴ്, മലയാളിക്ക് ഒരു മാന്ത്രിക ലോകത്തിന്റെ താക്കോൽ ആയിരുന്നു കൈയിൽ കൊടുത്തത്. ശേഷം അവർക്ക് കിട്ടിയതോ ഏറ്റവും മികച്ച സിനിമ അനുഭവങ്ങളിൽ ഒന്ന്. മലയാളത്തിലെ എക്കാലത്തെയും ക്ലാസ്സിക്ക് ചിത്രങ്ങളിൽ ഒന്നായ മണിച്ചിത്രത്താഴിൽ ശോഭന ഗംഗയായും നാഗവല്ലിയായും നിറഞ്ഞാടിയപ്പോൾ അവരോടൊപ്പം മോഹൻലാലിൻറെ സണ്ണിയും സുരേഷ്ഗോപിയുടെ നകുലനും തകർപ്പൻ പ്രകടനം നടത്തി പ്രേക്ഷകരുടെ മനസ്സിൽ സ്ഥാനം ഉറപ്പിച്ചു.
എം ജി രാധാകൃഷ്‍ണൻ സംഗീത സംവിധാനം നിർവഹിച്ച ചിത്രത്തിന് പശ്ചാത്തല സംഗീതം ജോൺസണും ഗാനങ്ങൾ ബിച്ചു തിരുമലയുമായിരുന്നു. ചിത്രത്തിലെ ഗാനങ്ങൾ ഒരിക്കലെങ്കിലും മൂളാത്ത മലയാളികൾ ഇല്ലെന്ന് തന്നെ പറയാം. മണിച്ചിത്രത്താഴിന്റെ ക്ലൈമാക്സിൽ ശോഭനയും സുരേഷ് ഗോപിയും മോഹൻലാലും മാടമ്പിള്ളിയിൽ നിന്ന് മടങ്ങുമ്പോൾ അവിടെ കേൾക്കുന്ന ഒരു പാട്ടുണ്ട്.
” കൊതിയോടെ ഓടിപ്പോയ് പടിവാതിലിൽ ചെന്നെൻ മിഴി രണ്ടും നീട്ടുന്ന നേരം
നിറയെ തളിർക്കുന്നു പൂക്കുന്നു കായ്ക്കുന്നു
കനവിന്റെ തേന്മാവിൻ കൊമ്പ് – എന്റെ
കരളിലെ തേന്മാവിൻ കൊമ്പ്”
വിനയപ്രസാദ് അവതരിപ്പിക്കുന്ന ശ്രീദേവി എന്ന കഥാപാത്രം, പലവട്ടം കൊതിപ്പിച്ച് വഴിമാറിപ്പോയ മോഹപൈങ്കിളിയുടെ തിരനോട്ടം കാത്തിരിക്കുന്ന പോലെ മോഹൻലാലിന്റെ മടങ്ങിവരവ് കാത്തിരിക്കുന്ന ക്ലൈമാക്‌സ് നൽകുന്ന ഫീൽ പറഞ്ഞറിയിക്കാൻ പറ്റാത്ത ഒന്നായിരുന്നു.
ഇതിലെ വരികളിൽ നിന്ന് ഒരു സിനിമയുടെ പേര് തന്നെ ഉണ്ടായ ഒരു സംഭവം ഉണ്ടായിട്ടുണ്ട്. ചിത്രത്തിന്റെ സഹസംവിധായകനായി പ്രവർത്തിച്ച പ്രിയദർശൻ മണിച്ചിത്രത്താഴിന്റെ പ്രിവ്യു ഷോ കണ്ട സമയത്താണ് ഈ പാട്ട് കേൾക്കുന്നതും തന്റെ അടുത്ത ചിത്രത്തിന് പേര് ” തേന്മാവിൻ കൊമ്പത്ത്” എന്ന് നൽകുകയും ചെയ്തു എന്നതാണ് ആ കഥ.
Discussion about this post