ഒക്ടോബർ 19 ന് ആരംഭിക്കുന്ന ഓസ്‌ട്രേലിയയ്‌ക്കെതിരായ മൂന്ന് മത്സരങ്ങളുള്ള ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ വിരാട് കോഹ്‌ലിയെയും രോഹിത് ശർമ്മയെയും ഉൾപ്പെടുത്തിയിട്ടുണ്ട്. 2025 ലെ ചാമ്പ്യൻസ് ട്രോഫിക്ക് ശേഷമുള്ള ഇവരുടെ തിരിച്ചുവരവാണ് ഇതിലൂടെ സംഭവിച്ചിരിക്കുന്നത്. എന്നിരുന്നാലും, രോഹിത്തിനെയും കോഹ്‌ലിയെയും തിരഞ്ഞെടുക്കുന്നത് മെറിറ്റിന്റെ അടിസ്ഥാനത്തിലായിരിക്കുമെന്ന് സെലക്ടർമാരുടെ ചെയർമാൻ അജിത് അഗാർക്കർ പറഞ്ഞു. ആഭ്യന്തര ക്രിക്കറ്റ് കളിക്കുന്നതിന്റെ പ്രാധാന്യം അഗാർക്കർ വീണ്ടും ഓർമിപ്പിക്കുകയും വിജയ് ഹസാരെ ട്രോഫി പോലുള്ള മത്സരങ്ങളിൽ രോഹിത്തും കോഹ്‌ലിയും കഠിനാധ്വാനം ചെയ്യണമെന്ന് നിർദ്ദേശിക്കുകയും ചെയ്തു.
കഴിഞ്ഞ ദശകത്തിൽ ഇന്ത്യയുടെ ഏറ്റവും മികച്ച രണ്ട് താരങ്ങളായി രോഹിതും കോഹ്‌ലിയും വിശേഷിക്കപ്പെടുന്നു. തൽഫലമായി, മിക്കവാറും എല്ലാ പരമ്പരകളിലും ഈ താരങ്ങൾ ഭാഗമായിരുന്നു. അതിനാൽ തന്നെ ആഭ്യന്തര ക്രിക്കറ്റ് ഇവർ കളിക്കുന്ന കാര്യത്തിൽ യാതൊരു നിർബന്ധവും ബിസിസിഐ പറഞ്ഞിരുന്നുമില്ല.
ജനുവരിയിൽ, ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പര ഇന്ത്യ തോറ്റതിനെത്തുടർന്ന്, ബിസിസിഐ താരങ്ങൾക്ക് ഒരുപിടി നിർദ്ദേശങ്ങൾ നൽകിയിരുന്നു. ആഭ്യന്തര ക്രിക്കറ്റ് എല്ലാ കളിക്കാരും ലഭ്യമായിരിക്കണമെന്ന് ഇതിൽ ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്തായാലും ഇനി ആഭ്യന്തര ക്രിക്കറ്റ് കളിക്കാതെ വിരാട് കോഹ്‌ലിക്കും രോഹിത് ശർമ്മയ്ക്കും ടീമിലിടം കിട്ടില്ല എന്ന് തന്നെയാണ് അഗാർക്കർ പറയുന്നത്.
“കളിക്കാർ ലഭ്യമാകുമ്പോഴെല്ലാം അവർ ആഭ്യന്തര ക്രിക്കറ്റ് കളിക്കണമെന്ന് ഞങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്,” സെലക്ഷനിൽ തുടരാൻ കോഹ്‌ലിയോ രോഹിതോ വിജയ് ഹസാരെ ട്രോഫി കളിക്കേണ്ടതുണ്ടോ എന്ന ചോദ്യത്തിന് മറുപടിയായി അഗാർക്കർ ഒരു പത്രസമ്മേളനത്തിൽ പറഞ്ഞു.
വിജയ് ഹസാരെ ട്രോഫി ഇന്ത്യയിലെ പ്രധാന 50 ഓവർ ആഭ്യന്തര ടൂർണമെന്റാണ്. കോഹ്‌ലിയും രോഹിതും ഇപ്പോൾ ഏകദിന ഫോർമാറ്റിൽ മാത്രം കളിക്കുന്ന സാഹചര്യത്തിൽ ഈ ടൂർണമെന്റ് ഇവർക്ക് വളരെ പ്രാധാന്യം ഉള്ളതെന്ന് സാരം.
Discussion about this post