ഗോവിന്ദൻ ആശാൻ തന്റെ കൂട്ടാളികളുമായി തെരുവ് സർക്കസിന്റെ ഭാഗമായി ഒരു ഗ്രാമത്തിലെത്തുന്നതും അവിടേക്ക് പ്രിയ ശിഷ്യൻ ശങ്കുണ്ണി എത്തുന്നതോടെ പിന്നെ ഇവരുടെ ജീവിതത്തിൽ ഉണ്ടാകുന്ന മാറ്റങ്ങളുമായിരുന്നു കമൽ ചിത്രം വിഷ്ണുലോകം പറഞ്ഞ കഥ. 1991 ൽ പുറത്തിറങ്ങിയ ഈ ചിത്രത്തിൽ മോഹൻലാൽ, മുരളി, നെടുമുടി വേണു, ശാന്തി കൃഷ്ണ എന്നിവരാണ് പ്രധാന റോളുകളിൽ അഭിനയിച്ചത്.
ഇതിൽ പ്രതാപവർമ്മത്തമ്പുരാൻ എന്ന മുരളി അവതരിപ്പിച്ച വില്ലൻ കഥാപാത്രത്തിന്റെ തടവിലായ ശാന്തി കൃഷ്ണയുടെ സാവിത്രിക്കുട്ടിയും സർക്കസുകാരനായ ശങ്കുണ്ണിയും തമ്മിലുള്ള പ്രണയവും ഒപ്പം ശങ്കുണ്ണിയുടെ അഭ്യാസ പ്രകടനങ്ങളും ഒകെ ചേർന്നപ്പോൾ ചിത്രവും അതിലെ ഗാനങ്ങളും ആളുകൾ ഏറ്റെടുത്തു. എന്തായാലും കമൽ- മോഹൻലാൽ കൂട്ടുകെട്ടിൽ വന്ന ഈ ചിത്രം യഥാർത്ഥത്തിൽ ചെയ്യേണ്ടത് പ്രിയദർശൻ ആയിരുന്നു എന്നും എന്നാൽ തിരക്ക് കാരണം പ്രിയന് അത് ചെയ്യാൻ പറ്റാതെ പോയപ്പോൾ കമലിലേക്ക് ചിത്രം എത്തുക ആയിരുന്നു.
ഇതേക്കുറിച്ച് കമൽ ഒരു അഭിമുഖത്തിൽ ഇങ്ങനെ പറഞ്ഞു:
” രാത്രി 12 : 30 ആയിരുന്നു സമയം. പെട്ടെന്ന് മോഹൻലാൽ ഫോൺ വിളിച്ചിട്ട് താനും ന്യൂ വുഡ്ലാൻഡ്സ് ഹോട്ടലിൽ ഉണ്ടെന്നും ഒന്ന് കാണണം എന്ന് പറയുകയും ചെയ്തിരുന്നു. അവരുടെ ഒപ്പം ഒരുപാട് പേരുണ്ടായിരുന്നതിനാൽ എന്നോട് അങ്ങോട്ട് ചെല്ലാൻ പറഞ്ഞു. ഞാൻ റൂമിന്റെ ബെല്ലടിച്ച ഉടനെ അത് തുറന്നത് സുരേഷ് കുമാർ ആയിരുന്നു. സുരേഷിന്റെ മുഖം ആകെ ദേഷ്യത്തിൽ ആണെന്ന് ഞാൻ ശ്രദ്ധിച്ചു. റൂമിൽ ഉള്ള മോഹൻലാൽ, പ്രിയദർശൻ എന്നിവരെ ഒകെ കണ്ടപ്പോൾ എനിക്ക് മനസിലായി അവിടെ എന്തോ സംഘർഷം നടന്നു എന്ന്.”
” എന്താണ് സംഭവം എന്ന് ഞാൻ ലാലിനോട് ചോദിച്ച ഉടനെ അദ്ദേഹം സുരേഷ് കുമാറിന് വേണ്ടി ഒരു സിനിമ ചെയ്യാൻ പറ്റുമോ എന്നാണ് ചോദിച്ചത്. ഞാൻ ഒന്നും മനസിലാകാതെ നിന്നപ്പോൾ ആണ് ലാൽ പറഞ്ഞത്, പ്രിയനും ലാലും ഒകെ സുരേഷിന് വേണ്ടി ഒരു പ്രൊജക്റ്റ് ചെയ്യാൻ ഇരുന്നതാണ്. എന്നാൽ പ്രിയന്റെ തിരക്കുകൾ കാരണം ഇത് നടന്നില്ല. പിന്നാലെ ലാലും തിരക്കിലായി. സുരേഷ് കുമാറും, മോഹൻലാലും, പ്രിയനുമൊക്കെ ചെറുപ്പം മുതലേ കൂട്ടുകാർ ആണല്ലോ. എന്നാൽ സുരേഷിന് വേണ്ടി ഇവർ ഒരു ചിത്രം ചെയ്തിട്ട് ഒരുപാട് കാലമായി. അതായിരുന്നു സുരേഷിന്റെ പരിഭവത്തിന് പിന്നിലെ കാരണം. എന്തായാലും ഞാൻ സമ്മതം മൂളിയതോടെ എഴുത്തുകാരൻ
ടി എ റസാക്ക് ആ ചിത്രത്തിന്റെ ഒരു ഔട്ട് ലൈൻ എന്നോട് പറഞ്ഞു, അതാണ് വിഷ്ണുലോകം എന്ന ചിത്രം” കമൽ ഓർത്തു.
അന്ന് കമൽ സമ്മതിച്ചില്ലായിരുന്നു എങ്കിൽ ഈ ചിത്രം തന്നെ ഉപേക്ഷിക്കുമായിരുന്നു എന്നാണ് മോഹൻലാൽ പിന്നെ പറഞ്ഞത്.
Discussion about this post