കഴിഞ്ഞ 20 -30 വർഷത്തിനിടയിൽ താൻ കണ്ട ഏറ്റവും മികച്ച ക്രിക്കറ്റ് താരം വിരാട് കോഹ്‌ലിയാണെന്ന് മുൻ ഇംഗ്ലണ്ട് പേസർ സ്റ്റീവ് ഹാർമിസൺ. ചാമ്പ്യൻസ് ട്രോഫി ഫൈനലിലെ വിജയത്തിന് ശേഷം കോഹ്‌ലിയുടെ മത്സര ക്രിക്കറ്റിലേക്കുള്ള തിരിച്ചുവരവ് ഒക്ടോബറിൽ നടക്കാനിരിക്കെയാണ് ഹാർമിസന്റെ പ്രതികരണം.
ഇതിഹാസ താരം സച്ചിൻ ടെണ്ടുൽക്കറിനേക്കാൾ മികച്ചവനാണ് കോഹ്‌ലി എന്നാണ് അദ്ദേഹം പറയുന്നത്. ഒരുപാട് ആളുകൾക്ക് താൻ ഈ പറയുന്നവർ കൊണ്ട് ബുദ്ധിമുട്ട് ഉണ്ടാകുമെന്നും എന്നാൽ അതാണ് സത്യമെന്നും ഹാർമിസൺ പറഞ്ഞു. മുൻ താരം പറഞ്ഞ വാക്കുകൾ ഇങ്ങനെ:
“ഞാൻ വിരാട് കോഹ്‌ലിയെ സച്ചിൻ ടെണ്ടുൽക്കറിന് മുകളിൽ ഒന്നാം സ്ഥാനത്ത് നിർത്തും. ഇത് ഒരുപാട് ആളുകളെ അമ്പരപ്പിക്കും. എന്നാൽ അതാണ് സത്യം. അവസാന 10 വർഷത്തിനിടയിൽ മത്സരരീതികൾ ഒരുപാട് മാറി. അങ്ങനെ നോക്കുമ്പോൾ കഴിഞ്ഞ 20-30 വർഷത്തിനിടയിൽ ക്രിക്കറ്റ് കണ്ട ഏറ്റവും മികച്ച താരം വിരാട് കോഹ്‌ലിയാണെന്ന് ഞാൻ കരുതുന്നു,” ഹാർമിസൺ പറഞ്ഞു.
അതേസമയം 027 ലെ ഏകദിന ലോകകപ്പിന് മുന്നോടിയായി നടക്കുന്ന മത്സരങ്ങൾക്കായി തയ്യാറെടുക്കുക, എന്നതാണ് രോഹിത് ശർമ്മയും വിരാട് കോഹ്‌ലിയും നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഇർഫാൻ പത്താൻ പറഞ്ഞു. തങ്ങളുടെ അവസാന അന്താരാഷ്ട്ര ടൂർണമെന്റിനായി തയ്യാറെടുക്കുമ്പോൾ ഇരു കളിക്കാർക്കും ഫിറ്റ്നസ് നിലനിർത്താൻ പതിവ് ഗെയിം ടൈം നൽകേണ്ടതിന്റെ പ്രാധാന്യം പത്താൻ ഊന്നിപ്പറഞ്ഞു. ടെസ്റ്റ്, ടി20 ഫോർമാറ്റുകളിൽ നിന്ന് വിരമിച്ചതിനാൽ താരങ്ങൾ ഇപ്പോൾ കളിക്കുന്നത് ഏകദിനത്തിൽ മാത്രമാണ്.
ഓസ്‌ട്രേലിയയ്‌ക്കെതിരായ വരാനിരിക്കുന്ന ഏകദിന പരമ്പരയ്ക്കുള്ള ടീമിനെ ഒക്ടോബർ 4 ന് ബിസിസിഐ പ്രഖ്യാപിച്ചതോടെയാണ് ഇരുവരുടെയും ഭാവിയെക്കുറിച്ചുള്ള ചർച്ചകൾ ആരംഭിച്ചത്. ഈ വർഷം ആദ്യം നേടിയ ചാമ്പ്യൻസ് ട്രോഫി വിജയത്തിനുശേഷം രോഹിതും കോഹ്‌ലിയും ആദ്യമായി ടീമിലേക്ക് തിരിച്ചെത്തുന്നു എന്ന പ്രത്യേകതയും ഉണ്ടായിരുന്നു. രോഹിത് ശർമ്മയ്ക്ക് പകരക്കാരനായി ശുഭ്മാൻ ഗിൽ ഇന്ത്യയുടെ പുതിയ ഏകദിന ക്യാപ്റ്റനായി നിയമിക്കപെട്ടതും ഏവരെയും ഞെട്ടിച്ചു. തന്റെ പുതിയ യൂട്യൂബ് വീഡിയോയിൽ, രണ്ട് മുതിർന്ന കളിക്കാർക്കും പരിശീലനം നൽകേണ്ടതിനെക്കുറിച്ച് ഇർഫാൻ ഇങ്ങനെ പറഞ്ഞു.
“രോഹിത് തന്റെ ഫിറ്റ്‌നസിൽ വളരെയധികം പരിശ്രമിച്ചിട്ടുണ്ട്, അദ്ദേഹം അതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. എന്നിരുന്നാലും, പതിവ് ഫിറ്റ്‌നസും ഗെയിം-ടൈം ഫിറ്റ്‌നസും തമ്മിൽ വ്യത്യാസമുണ്ട്. നിങ്ങൾ പതിവായി ക്രിക്കറ്റ് കളിക്കുന്നില്ലെങ്കിൽ, അത് ബുദ്ധിമുട്ടുകൾ ഉണ്ടാക്കും. അതുകൊണ്ട് ഗെയിം ടൈം കിട്ടുന്നു എന്ന് ബിസിസിഐ ഉറപ്പിക്കണം.”
Discussion about this post