മുതിർന്ന ആർഎസ്എസ് പ്രവർത്തകനായ പിഇബി മേനോൻ അന്തരിച്ചു. ആർഎസ്എസിന്റെ മുൻ പ്രാന്ത സംഘചാലകായിരുന്നു അദ്ദേഹം.എണ്‍പത്താറ് വയസായിരുന്നു. ആരോഗ്യ പ്രശ്‌നങ്ങളെത്തുടര്‍ന്ന് കുറച്ചുനാളായി അമൃത ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു മരണം. ഭൗതിക ശരീരം വൈകിട്ട് 5 ന് ആലുവയിലെ വസതിയിലെത്തിക്കും. നാളെ രാവിലെ 10 മുതൽ ഒരു മണി വരെ ആലുവ ടൗൺ ഹാളിൽ പൊതുദർശനം. അന്ത്യകർമ്മങ്ങൾക്ക് ശേഷം ഉച്ചയ്ക്ക് മൂന്ന് മണിയോടെ ആലുവ യു സി കോളജിന് സമീപമുള്ള ടി.എൻ. എസ്. ശ്മശാനത്തിൽ സംസ്‌കാരം.വിജയലക്ഷ്മിയാണ് ഭാര്യ. വിഷ്ണുപ്രസാദ് മകനും വിഷ്ണുപ്രിയ മകളുമാണ്. മരുമക്കള്‍: അനുപമ, രാജേഷ് . ചെറുമക്കള്‍: നിരഞ്ജന, ഗോവിന്ദ്, ഗായത്രി.
പ്രമുഖ ചാർട്ടേഡ് അക്കൗണ്ടന്റ് സ്ഥാപനമായ ബാലൻ ആൻഡ് കമ്പനിയുടെ മേധാവിയാണ് 2003 മുതൽ പ്രാന്തസംഘചാലകായ പി.ഇ.ബി. മേനോൻ. പി. മാധവ്ജിയുടെ സമ്പർക്കത്തിലൂടെ ക്ഷേത്ര സംരക്ഷണസമിതി പ്രവർത്തകനായി. പിന്നീട് ആർഎസ്എസ് ആലുവ ജില്ലാ സംഘചാലക്, എറണാകുളം വിഭാഗ് സംഘചാലക്, സഹപ്രാന്തസംഘചാലക് എന്നീ ചുമതലകൾ വഹിച്ചിരുന്നു.
ആർഎസ്എസുമായി ബന്ധപ്പെട്ട നിരവധി ട്രസ്റ്റുകളിലൂടെയും സേവാഭാരതിയിലൂടെയും ഒട്ടനവധി ബാലികാ, ബാല സദനങ്ങളും മാതൃസദനങ്ങളും വിദ്യാലയങ്ങളുമൊക്കെ തുടങ്ങാൻ മുൻകൈയ്യെടുത്ത കാര്യകർത്താവായിരുന്നു പിഇബി മേനോൻ. കേരളത്തിലെ വിദ്യാഭാരതി പ്രസ്ഥാനത്തിന്റെ മുതിർന്ന പ്രചാരക് സ്ഥാപകനും ദക്ഷിണ ക്ഷേത്ര മുൻ ഓർഗനൈസിംഗ് സെക്രട്ടറിയുമായ പരേതനായ എ.വി. ഭാസ്‌കർജിയുടെ ആത്മീയ ശിഷ്യനാണ് അദ്ദേഹം.
മാതൃച്ഛായ അടക്കമുള്ള നിരവധി സേവനപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കുന്ന ആലുവ ഗ്രാമസേവാസമിതിയുടെ പ്രേരണാസ്രോതസാണ് പി.ഇ.ബി. മേനോന്‍.
തന്ത്രവിദ്യാപീഠം, ബാലസംസ്‌കാരകേന്ദ്രം, ഡോ. ഹെഡ്‌ഗേവാര്‍ സ്മാരക സേവാസമിതി, അന്താരാഷ്ട്ര ശ്രീകൃഷ്ണകേന്ദ്രം, രാഷ്ട്രധര്‍മ്മ പരിഷത്ത് തുടങ്ങി നിരവധി പ്രവര്‍ത്തനങ്ങള്‍ക്ക് അദ്ദേഹത്തിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ പ്രേരണയായി. നടന്‍ മോഹന്‍ലാല്‍ ആരംഭിച്ച വിശ്വശാന്തി ഫൗണ്ടേഷന്റെ മാനേജിങ് ഡയറക്ടറായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.
Discussion about this post