1987 ലെ ഈ ദിവസം, ഒരു ലോകകപ്പ് മത്സരത്തിൽ സ്പോർട്സ്മാൻസ്പിരിറ്റ് ഇന്ത്യയെ സംബന്ധിച്ചിടത്തോളം പാരയായത് എങ്ങനെയെന്ന് ക്രിക്കറ്റ് ലോകം കണ്ട ദിവസമായിരുന്നു. നിലവിലെ ചാമ്പ്യന്മാർ എന്ന നിലയിൽ ഇന്ത്യയുടെ ആദ്യ ലോകകപ്പായിരുന്നു അത്. മറുവശത്ത്, മത്സരത്തിന് ഒൻപത് ദിവസം മുമ്പ് ഓസ്ട്രേലിയ മദ്രാസിലെത്തുകയും ഉടൻ തന്നെ പരിശീലനം ആരംഭിക്കുകയും ചെയ്തു. സാഹചര്യങ്ങളുമായി പൊരുത്തപ്പെടുക എന്നുള്ളതായിരുന്നു അവരുടെ ഉദ്ദേശം.
മത്സരത്തിനിടെ ആദ്യം ബാറ്റ് ചെയ്യവേ ഓസ്‌ട്രേലിയയുടെ ഡീൻ ജോൺസ് മനീന്ദർ സിങ്ങിനെതിരെ ലോംഗ് ഓഫിലൂടെ ഒരു ഷോട്ട് കളിച്ചു. രവി ശാസ്ത്രി ക്യാച്ച് എടുക്കാൻ ചാടിയെങ്കിലും നിർഭാഗ്യവശാൽ പന്ത് അദ്ദേഹത്തിന്റെ അപ്പുറത്തേക്ക് നീങ്ങുകയും അതിർത്തി കടക്കുകയും ചെയ്തു. ഇത് ഫോർ ആണോ സിക്സ് ആണോ എന്ന് ഉറപ്പില്ലാത്ത അമ്പയർ ഡിക്കി ബേർഡ് സ്ഥിരീകരണത്തിനായി രവി ശാസ്ത്രിയുടെ അടുത്തേക്ക് തിരിഞ്ഞു. ശാസ്ത്രി ആകട്ടെ അത് ബൗണ്ടറി ആണെന്ന് പറഞ്ഞു. 1987-ൽ ഹൈ റെസല്യൂഷൻ ക്യാമറകൾ ലഭ്യമല്ലാത്തതിനാൽ, ഡിക്കി ബേർഡ് രവിയുടെ വാക്ക് വിശ്വസിക്കുകയും അതിന് ബൗണ്ടറി സിഗ്നൽ നൽകി.
ജെഫ് മാർഷ് നേടിയ സെഞ്ച്വറി കൂടിയായതോടെ ഓസ്ട്രേലിയ 50 ഓവറിൽ 268 റൺസ് നേടി. ഇന്നിങ്സ് ഇടവേളയിൽ നിരാശനായ ഡീൻ ജോൺസ് തീരുമാനത്തെക്കുറിച്ച് സംശയം തോന്നി അമ്പയർമാരെ സമീപിച്ചു. അവർ വിഷയം ഇന്ത്യൻ ക്യാപ്റ്റൻ കപിൽ ദേവുമായി സംസാരിച്ചു. അപ്രതീക്ഷിതമായി സ്പോർട്സ്മാൻസ്പിരിറ്റിന്റെ അവസാന വാക്കായി കപിൽ ആ ബൗണ്ടറി സിക്സയി കൗണ്ട് ചെയ്യാൻ ആവശ്യപ്പെട്ടു. ഇതോടെ ലക്ഷ്യം 269 ൽ നിന്ന് 271 ആയി പരിഷ്കരിച്ചു.
ടോട്ടൽ പിന്തുടരാൻ ഇന്ത്യ തയ്യാറാണെന്ന് തോന്നിയെങ്കിലും ക്രെയ്ഗ് മക്ഡെർമോട്ട് മികച്ച സ്പെല്ലിൽ വഴി സിദ്ദു, അസ്ഹർ, വെങ്സർക്കാർ, രവി ശാസ്ത്രി എന്നിവരുൾപ്പെടെയുള്ള പ്രധാന ബാറ്റ്സ്മാൻമാരെ പുറത്താക്കി. അദ്ദേഹത്തിന്റെ സ്പെൽ ഓസ്‌ട്രേലിയക്ക് മത്സരത്തിൽ നിർണായകമായി.
അവസാന പന്തിൽ ഇന്ത്യയ്ക്ക് ജയിക്കാൻ രണ്ട് റൺസ് ആയിരുന്നു ജയിക്കാൻ വേണ്ടിയിരുന്നത്. മനീന്ദർ സിംഗ് ആയിരുന്നു ക്രേസിൽ. സ്റ്റീവ് വോയുടെ പന്തിൽ റൺ നേടാനുള്ള ശ്രമത്തിൽ അദ്ദേഹം ക്‌ളീൻ ബോൾഡ് ആയി. വെറും ഒരു റൺസിനാണ് ഓസ്ട്രേലിയ മത്സരം ജയിച്ചത്.
ഇന്നിങ്സ് ഇടവേളയിൽ ഇന്ത്യ ഉദാരമായി കൊടുത്ത രണ്ട് റൺസ് അവസാന ഫലത്തിൽ നിർണായകമായി. ഓസ്ട്രേലിയ ലോകകപ്പ് നേടിയപ്പോൾ ഇന്ത്യയുടെ പ്രചാരണം സെമി ഫൈനലിൽ ഇംഗ്ലണ്ടിനോട് പരാജയത്തോടെ അവസാനിച്ചു.
Discussion about this post