ബംഗളൂരു : കർണാടകയിൽ ആർഎസ്എസിന്റെ പരിപാടികൾ നിരോധിക്കണമെന്ന ആവശ്യവുമായി പ്രിയങ്ക് ഖാർഗെ. ആർഎസ്എസ് കുട്ടികളെയും യുവാക്കളെയും വഴിതെറ്റിക്കുകയാണ്. ഇത് രാജ്യത്തിന്റെ ഐക്യത്തിനും മതേതരത്വത്തിനും ഭീഷണിയാണ്. കർണാടകയിൽ ഒരു പൊതു സ്ഥലങ്ങളിലും ആർഎസ്എസ് പരിപാടികൾ നടത്തുന്നില്ല എന്ന് ഉറപ്പാക്കണം മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് എഴുതിയ കത്തിൽ മല്ലികാർജുൻ ഖാർഗെയുടെ മകനും കർണാടക ഐടി മന്ത്രിയുമായ പ്രിയങ്ക് ഖാർഗെ അറിയിച്ചു.
സ്കൂളുകൾ, കോളേജുകൾ, പൊതു പാർക്കുകൾ, മത ട്രസ്റ്റുകൾ നടത്തുന്ന ക്ഷേത്രങ്ങൾ എന്നിവിടങ്ങളിൽ ആർഎസ്എസ് പരിപാടികൾ നടത്തുന്നത് വിലക്കുകയും നിരോധിക്കുകയും വേണമെന്ന് പ്രിയങ്ക് ഖാർഗെ ആവശ്യപ്പെടുന്നു. സ്കൂളുകളിലും പൊതു പാർക്കുകളിലും ആർഎസ്‌എസ് ശാഖകൾ നടത്തുന്നുണ്ടെന്നും, അവിടെ മുദ്രാവാക്യങ്ങൾ ഉയർത്തുകയും കുട്ടികളുടെയും യുവാക്കളുടെയും മനസ്സിൽ നെഗറ്റീവ് ചിന്തകൾ കുത്തിവയ്ക്കുകയും ചെയ്യുന്നുണ്ടെന്നും പ്രിയങ്ക് ഖാർഗെ ആരോപിച്ചു.
“ഇന്ത്യയുടെ ഐക്യത്തിന്റെയും മതേതരത്വത്തിന്റെയും മൂല്യങ്ങൾക്ക് എതിരാണ് ആർഎസ്‌എസിന്റെ പ്രത്യയശാസ്ത്രമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സമൂഹത്തിൽ വിദ്വേഷം പ്രചരിപ്പിക്കുന്ന വിഘടന ശക്തികളാണ് അവർ. വടികൾ ഉപയോഗിച്ച് അവർ ആക്രമണാത്മക പ്രവർത്തനങ്ങൾ നടത്തുന്നു. അത്തരം ശക്തികളെ തടയാനും രാജ്യത്തിന്റെ മതേതര മൂല്യങ്ങൾ സംരക്ഷിക്കാനുമുള്ള അവകാശം നമുക്ക് ഉണ്ട്. അതിനാൽ കുട്ടികളുടെയും യുവാക്കളുടെയും പൊതുജനങ്ങളുടെയും മുഴുവൻ സമൂഹത്തിന്റെയും താൽപ്പര്യാർത്ഥം, ശാഖകളുടെയോ മീറ്റിംഗുകളുടെയോ പേരിൽ ആർഎസ്‌എസ് സംഘടിപ്പിക്കുന്ന എല്ലാ പരിപാടികളും നിരോധിക്കണമെന്ന് ഞാൻ വിനീതമായി അഭ്യർത്ഥിക്കുന്നു” എന്ന് സിദ്ധരാമയ്യക്ക് എഴുതിയ കത്തിൽ പ്രിയങ്ക് ഖാർഗെ ആവശ്യപ്പെടുന്നു. കർണാടക മുഖ്യമന്ത്രിയുടെ ഓഫീസ് ആണ് പ്രിയങ്ക് ഖാർഗെയുടെ കത്ത് പുറത്തുവിട്ടിരിക്കുന്നത്.
Discussion about this post