ആറന്മുള അഷ്ടമിരോഹിണി വള്ളസദ്യയിൽ ആചാരലംഘനം നടന്നതായി തന്ത്രി. ഇത് സംബന്ധിച്ച് കത്ത് ദേവസ്വം ബോർഡിന് തന്ത്രി പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാട് നൽകിയെന്നാണ് റിപ്പോർട്ടുകൾ. വള്ളസദ്യ ദേവന് നേദിക്കുന്നതിന് മുൻപ് മന്ത്രിക്ക് നൽകിയത് ആചാരലംഘനമാണെന്നും പരസ്യ പരിഹാരക്രിയ വേണമെന്നുമാണ് കത്തിൽ പറയുന്നത്.
സെപ്റ്റംബർ 14-നായിരുന്നു ആറന്മുള വള്ളസദ്യ. ദേവസ്വം മന്ത്രി വി.എൻ. വാസവനായിരുന്നു വള്ളസദ്യയുടെ ഉദ്ഘാടകൻ. എന്നാൽ, ദേവന് നേദിക്കുന്നതിന് മുൻപ് മന്ത്രിക്കും മറ്റുവിശിഷ്ടവ്യക്തികൾക്കും വള്ളസദ്യ വിളമ്പിയെന്നായിരുന്നു ആക്ഷേപം.
പരിഹാരക്രിയകൾ പരസ്യമായി തന്നെ വേണമെന്നാണ് തന്ത്രിയുടെ നിർദേശം. പരിഹാരക്രിയയുടെ ഭാഗമായി വള്ളസദ്യയുടെ നടത്തിപ്പ് ചുമതലക്കാരായ പള്ളിയോട സേവാസംഘത്തിന്റെ മുഴുവൻ പ്രതിനിധികളും ക്ഷേത്ര ഉപദേശസമിതി അംഗങ്ങളും ഭരണസമിതി അംഗങ്ങളും പരസ്യമായി ദേവന് മുൻപിൽ ഉരുളിവെച്ച് എണ്ണപ്പണം സമർപ്പിക്കണം. 11 പറ അരിയുടെ സദ്യയുണ്ടാക്കണം. ഒരുപറ അരിയുടെ നിവേദ്യവും നാല് കറികളും നൽകണം. ദേവന് സദ്യ സമർപ്പിച്ചശേഷം എല്ലാവർക്കും വിളമ്പണമെന്നും തന്ത്രി നിർദേശിച്ചിട്ടുണ്ട്. ഇതിനുപുറമേ ഇനി അബദ്ധം ഉണ്ടാകില്ലെന്നും വിധിപരമായി സദ്യ നടത്തിക്കോളാമെന്ന് സത്യം ചെയ്യണമെന്നും തന്ത്രിയുടെ കത്തിൽ ആവശ്യപ്പെടുന്നു.
Discussion about this post