വെസ്റ്റ് ഇൻഡീസിനെതിരായ രണ്ട് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയിൽ 12 വിക്കറ്റുകൾ വീഴ്ത്തി കുൽദീപ് യാദവ് തന്റെ മികവ് ലോകത്തിന് മുന്നിൽ കാണിച്ചു. ഡൽഹിയിൽ നടന്ന രണ്ടാം മത്സരത്തിൽ 8 വിക്കറ്റുകൾ വീഴ്ത്തിയപ്പോൾ, കളിയിലെ താരവും കുൽദീപ് യാദവ് തന്നെ ആയിരുന്നു.
കാര്യങ്ങൾ ഇങ്ങനെയൊക്കെ ആയിട്ടും കിട്ടിയ എല്ലാ അവസരങ്ങളിലും തന്റെ കഴിവ് തെളിയിച്ചിട്ടും കുൽദീപ് എട്ട് വർഷത്തിനിടെ 15 റെഡ്-ബോൾ മത്സരങ്ങളിൽ മാത്രമാണ് കളിച്ചത് എന്ന് ഓർക്കണം. തനിക്ക് മികവ് കാണിക്കാൻ അവസരമൊരുക്കിയ രവീന്ദ്ര ജഡേജക്ക് നന്ദി പറഞ്ഞ കുൽദീപ്, തന്റെ ആരാധനാപാത്രമായ ഷെയ്ൻ വോണിനെ ഓർത്തു.
“ഷെയ്ൻ വോണിനെ നോക്കുമ്പോൾ അയാളുമായി എന്നെ താരതമ്യപ്പെടുത്തുന്നവർ അറിയാൻ, എനിക്ക് അയാളുടെ അടുത്തെത്താനുള്ള മികവ് പോലുമില്ല. അദ്ദേഹത്തിന്റെ നേട്ടങ്ങൾക്ക് ഒപ്പമെത്താൻ എനിക്ക് ഒരുപാട് അദ്ധ്വാനിക്കേണ്ടതുണ്ട്”
പരിമിതമായ അവസരങ്ങൾ മാത്രമാണ് ടെസ്റ്റിൽ ലഭിച്ചതെങ്കിലും തന്നെ സഹായിച്ച ജഡേജക്ക് കുൽദീപ് നന്ദി പറയുകയും ചെയ്തു. “തയ്യാറെടുപ്പാണ് പ്രധാനം. കളിക്കാത്തപ്പോൾ ആരെയും കുറ്റപ്പെടുത്താം. പക്ഷേ നിങ്ങളുടെ പ്രകടനത്തെക്കുറിച്ചും നിങ്ങളുടെ ബലഹീനതകളിൽ എങ്ങനെ പ്രവർത്തിക്കാമെന്നതിനെക്കുറിച്ചും ചിന്തിക്കേണ്ടത് പ്രധാനമാണ്. ഞാൻ പുറത്ത് ഇരിക്കുമ്പോൾ, എന്റെ കളിയെക്കുറിച്ച് ചിന്തിക്കുകയായിരുന്നു. അത്തരം സാഹചര്യങ്ങളിൽ രവീന്ദ്ര ജഡേജയെപ്പോലുള്ള ഒരു മൂത്ത സഹോദരനെ നിങ്ങൾക്ക് ആവശ്യമാണ്. അദ്ദേഹം എന്നെ തയ്യാറായി നിർത്തുകയും എപ്പോഴും നിർദ്ദേശങ്ങൾ നൽകുകയും ചെയ്തിട്ടുണ്ട്. ജഡേജ എപ്പോഴും എന്നെ പിന്തുണച്ചിട്ടുണ്ട്. ആദ്യ മത്സരത്തിൽ ഞാൻ ക്ഷമ കാണിച്ചില്ല, പക്ഷേ രണ്ടാമത്തെ മത്സരത്തിൽ ഞാൻ വളരെ മികച്ച രീതിയിൽ ബൗൾ ചെയ്തു,” കുൽദീപ് പറഞ്ഞു.
ഓസ്‌ട്രേലിയക്ക് എതിരായ വൈറ്റ് ബോൾ പരമ്പരയ്ക്കുള്ള ടീമിൽ ഭാഗമാണ് കുൽദീപ്.
Discussion about this post