ഒരുങ്ങി ഇറങ്ങും മുൻപ് അൽപ്പം പെർഫ്യൂം പൂശുന്നത് നമ്മുടെ എല്ലാവരുടെയും പതിവ് ശീലങ്ങളിലൊന്നായി മാറികഴിഞ്ഞു അല്ലേ. എന്നാൽ ഈ പതിവ് മാറ്റിക്കോളൂ എന്നാണ് ആരോഗ്യ വിദഗ്ധർ നൽകുന്ന മുന്നറിയിപ്പ്. പെർഫ്യൂമിൽ കാണപ്പെടുന്ന രാസവസ്തുക്കൾ ഗുരുതര ആരോഗ്യപ്രശ്‌നങ്ങൾക്ക് ഇടയാക്കിയേക്കാമെന്നും വിദഗ്ധർ പറയുന്നു.
എന്തുകൊണ്ട് കഴുത്തിൽ പെർഫ്യൂം അടിക്കരുത്?
കഴുത്ത് നമ്മുടെ ശരീരത്തിലെ ഏറ്റവും സെൻസിറ്റീവ് ഭാഗങ്ങളിൽ ഒന്നാണ്. ഇവിടെ ചർമ്മം വളരെ മൃദുവായതും, രക്തയോട്ടം കൂടുതലായതുമാണ്. ഈ ഭാഗത്ത് പെർഫ്യൂം തളിക്കുമ്പോൾ അതിലെ ആൽക്കഹോൾ, കൃത്രിമ സുഗന്ധങ്ങൾ, കേമിക്കൽ സംയുക്തങ്ങൾ എന്നിവ നേരിട്ട് ചർമ്മത്തിലൂടെ ശരീരത്തിലേക്ക് ആഗിരണം ചെയ്യപ്പെടും.
പെർഫ്യൂമുകൾ സാധാരണയായി അടങ്ങിയിരിക്കുന്ന ചില രാസവസ്തുക്കൾ — ഫ്തലേറ്റ്‌സ് (Phthalates), ബെൻസീൻ ഡെറിവേറ്റീവുകൾ, ലിമോണിൻ തുടങ്ങിയവ — ചർമ്മത്തിൽ അലർജി, ചുളിവ്, ചർമ്മം കറുത്തുപോകൽ, അതിനുമപ്പുറം ഹോർമോൺ അസന്തുലിതാവസ്ഥ പോലുള്ള പ്രശ്നങ്ങൾക്കും കാരണമാകാം.
പല കൃത്രിമ പെർഫ്യൂമുകളിലും താലേറ്റുകൾ അടങ്ങിയിട്ടുണ്ട്. ഇവയ്ക്ക് നിങ്ങളുടെ സ്വാഭാവിക ഹോർമോണുകളെ അനുകരിക്കാനോ തടസ്സപ്പെടുത്താനോ കഴിയും. ചർമത്തിലെ ലോലമായ ഭാഗങ്ങളിൽ ഇത് പതിവായി ഉപയോഗിക്കുന്നത് ഹോർമോൺ അസന്തുലിതാവസ്ഥയിലേക്ക് നയിച്ചേക്കാം. നിങ്ങളുടെ തൈറോയ്ഡ് ഗ്രന്ഥിക്ക് മുകളിൽ നേരിട്ട് പെർഫ്യൂം സ്‌പ്രേ ചെയ്യുന്നത് ഗ്രന്ഥിയുടെ പ്രവർത്തനം തടസ്സപ്പെടാനുള്ള സാധ്യത വർധിപ്പിക്കുമെന്ന് അവർ പറയുന്നു. ശരീരത്തിലെ ഉപാപചയ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നത് തൈറോയ്ഡ് ആയതിനാൽ, ഇത് മൊത്തത്തിലുള്ള ആരോഗ്യത്തേയും വലിയ രീതിയിൽ സ്വാധീനിക്കും.
കഴുത്തിലെ ചർമം നേർത്തതായതിനാൽ മറ്റ് ഭാഗങ്ങളെ അപേക്ഷിച്ച് വസ്തുക്കളെ വേഗത്തിൽ ആഗിരണം ചെയ്യുന്നു. പെർഫ്യൂമിലെ രാസവസ്തുക്കൾ രക്തപ്രവാഹത്തിൽ കലരുന്നത് കാലക്രമേണ ഒന്നിലധികം ഹോർമോൺ പ്രവർത്തനങ്ങളെ ബാധിച്ചേക്കാം.
സൂര്യപ്രകാശം + പെർഫ്യൂം = അപകടകരമായ കോമ്പിനേഷൻ
പെർഫ്യൂം അടിച്ച ഭാഗത്ത് നേരിട്ട് സൂര്യപ്രകാശം തട്ടുമ്പോൾ അത് ഫോട്ടോ ടോക്സിക് പ്രതികരണം സൃഷ്ടിക്കും. അതായത്, സൂര്യപ്രകാശവും പെർഫ്യൂമിലെ രാസഘടകങ്ങളും ചേർന്ന് ചർമ്മത്തിന് പൊള്ളലോ പാടുകളോ ഉണ്ടാക്കും. കഴുത്ത്, കൈകൾ, മുഖം തുടങ്ങിയ തുറന്ന ഭാഗങ്ങൾ ഇതിന് കൂടുതലായി ബാധിക്കുന്നു.
ഡെർമറ്റോളജിസ്റ്റുകൾ പറയുന്നത്
ഡോക്ടർമാർ പറയുന്നതനുസരിച്ച്, കഴുത്ത്, മുഖം, ചെവിപുറം തുടങ്ങിയ ഭാഗങ്ങളിൽ പെർഫ്യൂം നേരിട്ട് തളിക്കുന്നത് ഒഴിവാക്കണം. പകരം, വസ്ത്രത്തിലോ ഹെയർബ്രഷിലോ ചെറിയ അളവിൽ തളിക്കുന്നതാണ് സുരക്ഷിതം. ഇതിലൂടെ സുഗന്ധം നിലനിൽക്കും, പക്ഷേ ചർമ്മം കേടാകില്ല. ചർമ്മം അതീവ സെൻസിറ്റീവായവർക്ക് ചില പെർഫ്യൂമുകൾ കോൺടാക്ട് ഡെർമറ്റൈറ്റിസ് എന്ന അലർജിക് അവസ്ഥക്കും കാരണമാകാമെന്ന് പഠനങ്ങൾ കാണിക്കുന്നു.
സുരക്ഷിതമായ പെർഫ്യൂം ഉപയോഗത്തിനുള്ള മാർഗങ്ങൾ
കഴുത്തിൽ നേരിട്ട് അടിക്കരുത്. പകരം വസ്ത്രത്തിന്റെ അകത്തെ ഭാഗത്തോ കൈവിരലുകളുടെ മടിയിലോ ചെറിയ അളവിൽ തളിക്കുക.
സൂര്യപ്രകാശത്തിൽ ഇറങ്ങുന്നതിനുമുമ്പ് പെർഫ്യൂം അടിക്കുന്നത് ഒഴിവാക്കുക.
ആൽക്കഹോൾ-ഫ്രീ അല്ലെങ്കിൽ നാചുറൽ പെർഫ്യൂം തിരഞ്ഞെടുക്കുക.
പെർഫ്യൂം ഉപയോഗിച്ചതിന് ശേഷം ചർമ്മത്തിൽ ചൊറിച്ചിൽ, ചൂട്, ചുവപ്പ് തുടങ്ങിയ ലക്ഷണങ്ങൾ കാണിച്ചാൽ ഉടൻ ഡെർമറ്റോളജിസ്റ്റിനെ കാണുക.













Discussion about this post