കീഴ്വായൂരിൽ മോഷണശ്രമം ചെറുക്കുന്നതിനിടെ ആശാപ്രവർത്തക ലതാകുമാരി മരണപ്പെട്ട സംഭവത്തിൽ പ്രതിയെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്ത്. പോലീസ് ഉദ്യോഗസ്ഥന്റെ ഭാര്യയാണ് പ്രതിയായ സുമയ്യ. കോയിപ്രം പോലീസ് സ്‌റ്റേഷനിലെ സിപിഒ ആയ ഇർഷാദറിയാതെ, സുമയ്യ ഓൺലൈൻ വായ്പ ആപ്പുകളിലും ഓൺലൈൻ ഓഹരി വ്യാപാരങ്ങളിലും സജീവമായിരുന്നുവത്രേ. 50 ലക്ഷം രൂപയുടെ നഷ്ടം വന്നതോടെ കടം വീട്ടാൻ കണ്ടെത്തിയതാണ് മോഷണം.
സുഹൃത്ത് കൂടിയായ ലതാകുമാരിയോട് ഒരു ലക്ഷം രൂപ വായ്പ ചോദിച്ചിരുന്നുവെങ്കിലും നൽകിയില്ല. ഇതോടെ പണയത്തിനായി സ്വർണാഭരണങ്ങൾ ആവശ്യപ്പെട്ടെങ്കിലും അതും നൽകിയില്ല. ഇതോടെയാണ് കവർച്ച ചെയ്യാമെന്ന പദ്ധതിയിലേക്ക് സുമയ്യ എത്തുന്നത്.
മല്ലപ്പള്ളി പഞ്ചായത്ത് 11ാം വാർഡിലെ ആശാ പ്രവർത്തകയായ ലതാകുമാരിക്ക് ഒരുവർഷം മുൻപുണ്ടായ പക്ഷാഘാതത്തിന്റെ ഫലമായി ആരോഗ്യക്കുറവുണ്ടായിരുന്നു. ഇക്കാരണത്താൽ ബലപ്രയോഗത്താൽ കീഴ്പ്പെടുത്താമെന്നായിരുന്നു സുമയ്യ കണക്കുകൂട്ടിയിരുന്നത്. ഏഴുമാസം പ്രായമുള്ള ഇളയകുട്ടിയുമായാണ് കൃത്യം നിറവേറ്റുന്നതിനായി സുമയ്യ പുളിമലയിലെ ലതാകുമാരിയുടെ വീട്ടിലെത്തിയത്. ലതയുടെ ഭർത്താവ് കീഴ്വായ്പൂരിൽ ജനസേവാകേന്ദ്രം നടത്തുന്ന രാമൻകുട്ടി വീട്ടിൽ ഇല്ലാതിരുന്ന സമയത്തായിരുന്നു കവർച്ച. കുട്ടിയെ അടുത്ത മുറിയിൽ കിടത്തിയശേഷം ലതയെ കത്തികാണിച്ച് ഭീഷണിപ്പെടുത്തി. തുടർന്ന് കെട്ടിയിട്ട് സ്വർണാഭരണങ്ങൾ കവർന്നു. രണ്ടരപ്പവന്റെ മാലയും ഓരോ പവൻ വീതമുള്ള 3 വളകളും എടുത്തശേഷം മണ്ണെണ്ണ ഒഴിച്ച് തീയും കൊളുത്തി.
ഗുരുതരമായ പരിക്കേറ്റ ലതാകുമാരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ച സമയത്ത് നൽകിയ മൊഴിയിലാണ് സുമയ്യയെ കുറിച്ച് ഇവർ പറഞ്ഞത്. ഇതോടെ പോലീസ് നിരീക്ഷണത്തിൽ സുമയ്യയെ കോഴഞ്ചേരിയിലെ മഹിളാസദനത്തിലാക്കി. പിന്നാലെ വിരലടയാള വിദഗ്ധരും ഫോറൻസിക് വിദഗ്ധരും പോലീസ് നായയും ഇലക്ടിക്കൽ ഇൻസ്‌പെട്ടറേറ്റ് വകുപ്പ് അധികൃതരും സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി. അന്ന് തന്നെ ഷോർട്ട് സർക്യൂട്ടല്ല തീപിടുത്തത്തിന് കാരണമെന്ന് കണ്ടെത്തി. പോലീസ് അന്വേഷണത്തിലും സുമയ്യയ്‌ക്കെതിരെ വ്യക്തമായ തെളിവ് ലഭിച്ചതോടെയാണ് അറസ്റ്റിലേക്ക് നീങ്ങിയത്. മോഷണം പോയ സ്വർണാഭരണങ്ങൾ പോലീസ് ക്വാട്ടേഴ്‌സിലെ ശുചിമുറിയുടെ ഫ്‌ളഷ്ടാങ്കിൽ നിന്ന് കണ്ടെത്തിയിരുന്നു.
Discussion about this post