ന്യൂഡൽഹി : പുതിയ ചുഴലിക്കാറ്റ് മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ബംഗാൾ ഉൾക്കടലിൽ ആണ് പുതിയ ചുഴലിക്കാറ്റ് രൂപം കൊണ്ടിരിക്കുന്നത്. ആൻഡമാൻ നിക്കോബാർ ദ്വീപുകൾക്കും തമിഴ്നാടിനും ഈ ചുഴലിക്കാറ്റ് കനത്ത നാശനഷ്ടങ്ങൾ സൃഷ്ടിച്ചേക്കുമെന്നാണ് സൂചന. ദക്ഷിണേന്ത്യയിൽ ശക്തമായ മഴ ഉണ്ടാകുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.
ഒക്ടോബർ 23 വരെ കനത്ത മഴയ്ക്കും ശക്തമായ കാറ്റിനും കടൽ പ്രക്ഷുബ്ധമാകുന്നതിനും സാധ്യതയുണ്ട് എന്നാണ് മുന്നറിയിപ്പ്. മത്സ്യബന്ധനത്തിന് പോകുന്നവർക്കും തീരപ്രദേശങ്ങളിൽ താമസിക്കുന്നവർക്കും പ്രാദേശിക തുറമുഖങ്ങൾക്കും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നിക്കോബാർ ദ്വീപുകളിൽ 7 മുതൽ 11 സെന്റീമീറ്റർ വരെ കനത്ത മഴ പ്രതീക്ഷിക്കുന്നതായും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഒക്ടോബർ 22 മുതൽ 23 വരെ, ആൻഡമാൻ കടലിൽ മണിക്കൂറിൽ 35-45 കിലോമീറ്റർ വേഗതയിൽ അല്ലെങ്കിൽ മണിക്കൂറിൽ 55 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്. അടുത്ത അഞ്ച് ദിവസത്തേക്ക് കടൽ പ്രക്ഷുബ്ധമായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഒക്ടോബർ 24 വരെ ആൻഡമാൻ കടലിലും ആൻഡമാൻ നിക്കോബാർ തീരങ്ങളിലും മത്സ്യത്തൊഴിലാളികൾ പോകരുത്. തമിഴ്‌നാട്ടിലെ 18 ജില്ലകളിൽ കനത്ത മഴയ്ക്കും സാധ്യതയുണ്ട് എന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
Discussion about this post