ഗുരുവായൂർ ക്ഷേത്രത്തിലെ സ്വർണം ഉൾപ്പെടെയുള്ള വിലപിടിപ്പുള്ള വസ്തുക്കൾ നടപടി ക്രമങ്ങൾ പാലിക്കാതെ കൈകാര്യം ചെയ്തതായി റിപ്പോർട്ട്. സംസ്ഥാന ഓഡിറ്റ് വിഭാഗത്തിന്റെ റിപ്പോർട്ടിലാണ് ഈ കാര്യങ്ങൾ വ്യക്തമാക്കുന്നത്. എസ്ബിഐ ഗോൾഡ് ഡെപ്പോസിറ്റ് സ്‌കീമിൽ നിക്ഷേപിച്ച സ്വർണം യഥാസമയം പതുക്കി വയ്ക്കാത്തതിനാൽ 79 ലക്ഷം രൂപ നഷ്ടം വന്നതായും റിപ്പോർട്ടിലുണ്ട്.
ഭക്തർ സമർപ്പിച്ച ചാക്കുകണക്കിന് മഞ്ചാടിക്കുരു കാണാതായി, കുങ്കുമപ്പൂവ് രേഖകളിൽ ഉൾപ്പെടുത്തിയില്ല തുടങ്ങിയ കാര്യങ്ങളും ഓഡിറ്റ് വിഭാഗം കണ്ടെത്തിയിട്ടുണ്ട്. 2019 മുതൽ 22 വരെയുള്ള കാലത്തെ ഓഡിറ്റ് റിപ്പോർട്ടാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ളത്. നടപടികളിലെ പിഴവാണ് റിപ്പോർട്ടിലുടനീളം ചൂണ്ടിക്കാട്ടുന്നത്.
സ്വർണ്ണക്കുടയുടെ കാലിലുണ്ടായിരുന്ന 140 ഗ്രാം വെള്ളിയും കാണാനില്ല. ക്ഷേത്രത്തിൽ ലഭിക്കുന്ന വിലപിടിപ്പുള്ള വസ്തുക്കൾ അക്കൗണ്ട് ചെയ്യുന്നില്ല. പാലക്കാട് സ്വദേശി 2002ൽ ക്ഷേത്രത്തിൽ നൽകിയ 2000 കിലോ തൂക്കംവരുന്ന 15 ലക്ഷം രൂപ വിലയുള്ള ഉരുളി കണക്കിൽ ചേർത്തിട്ടില്ല.
പുന്നത്തൂർ ആനക്കോട്ടയിലെ ആനക്കൊമ്പ് ചെത്തിയതിൽ 530ലധികം കിലോ കാണാനില്ലെന്ന വിവരവും ഓഡിറ്റ് റിപ്പോർട്ടിലുണ്ട്. എന്നാൽ, ഇക്കാര്യം എസ്എഫ്ഒ നിഷേധിച്ചു. ആനക്കോട്ടയിൽ നിന്ന് ശേഖരിച്ച ആനക്കൊമ്പിന്റെ അവശിഷ്ടങ്ങൾ പൂർണമായും സർക്കാർ ലോക്കറിലുണ്ടെന്നാണ് എസ്എഫ്ഒയുടെ പ്രതികരണം.
Discussion about this post