ന്യൂയോർക്ക് : യുക്രെയ്‌ന് ടോമാഹോക്‌സ് മിസൈലുകൾ നൽകുമെന്ന വാക്ക് മാറ്റി ട്രംപ്. ഇന്ന് യുക്രെയ്‌ൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കിയും ഡൊണാൾഡ് ട്രംപും നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം സെലെൻസ്‌കി ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ദീർഘദൂര മിസൈലുകളായ ടോമാഹോക്‌സ് നൽകില്ലെന്ന് യുഎസ് പ്രസിഡന്റ് വ്യക്തമാക്കിയതായി യുക്രേനിയൻ പ്രസിഡണ്ട് അറിയിച്ചു. റഷ്യയുടെ ശക്തമായ എതിർപ്പിന് പിന്നാലെയാണ് യുഎസിന്റെ ഈ തീരുമാനം മാറ്റൽ എന്നാണ് സൂചന.
റഷ്യയെ ആക്രമിക്കാനുള്ള മിസൈലുകൾ അല്ല പകരം വെടിനിർത്തലിനുള്ള സഹായമാണ് തങ്ങൾ വാഗ്ദാനം ചെയ്യുന്നത് എന്നാണ് യുഎസ് വ്യക്തമാക്കുന്നത്. അതേസമയം റഷ്യയിൽ നിന്നുമുള്ള ആക്രമണങ്ങളെ തടയാൻ യുക്രെയ്‌ന് വ്യോമപ്രതിരോധ സംവിധാനങ്ങൾ നൽകാമെന്ന് ട്രംപ് അറിയിച്ചിട്ടുണ്ടെന്നാണ് സെലൻസ്കി വ്യക്തമാക്കിയിട്ടുള്ളത്. 25 പാട്രിയറ്റ് വ്യോമ പ്രതിരോധ സംവിധാനങ്ങൾക്കായി അമേരിക്കയുമായി കരാർ ഒപ്പിടാൻ തന്റെ രാജ്യം തയ്യാറെടുക്കുകയാണെന്ന് വോളോഡിമർ സെലെൻസ്‌കി ട്രംപുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമുള്ള പത്രസമ്മേളനത്തിൽ അറിയിച്ചു.
യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും വരുംദിവസങ്ങളിൽ കൂടിക്കാഴ്ച നടത്താൻ തീരുമാനിച്ചതിന് പിന്നാലെയാണ് യുഎസ് പ്രസിഡന്റിന്റെ ഈ നീക്കം. ഹംഗറിയിൽ നടക്കുന്ന ഉച്ചകോടിയിലേക്ക് ക്ഷണിച്ചാൽ ഇരു പ്രസിഡന്റുമാരുമായും കൂടിക്കാഴ്ച നടത്താൻ തയ്യാറാണെന്ന് സെലെൻസ്‌കി അറിയിച്ചു. കൂടാതെ ദീർഘദൂര മിസൈലുകൾക്കായുള്ള ആവശ്യം യുഎസ് നിരസിച്ചതിനാൽ യൂറോപ്യൻ സഖ്യകക്ഷികളെ ഈ ആവശ്യവുമായി സമീപിക്കാനാണ് യുക്രെയ്ന്റെ തീരുമാനം.









Discussion about this post