സിഡ്‌നിയിൽ ഓസ്‌ട്രേലിയയ്‌ക്കെതിരായ മൂന്നാം ഏകദിനത്തിൽ ഒരു ടെസ്റ്റ് മത്സരത്തിൽ ബാറ്റ് ചെയ്യുന്നതുപോലെ ഇന്നിംഗ്‌സ് ആരംഭിക്കാൻ വിരാട് കോഹ്‌ലിയോട് ഉപദേശവുമായി മുൻ ഇന്ത്യൻ ക്യാപ്റ്റൻ സുനിൽ ഗവാസ്‌കർ. ബോളർമാർക്ക് തുടക്കത്തിൽ വളരെയധിയകം സഹായം കിട്ടുന്ന ട്രാക്കിൽ രക്ഷപെടാൻ ഇതാണ് കോഹ്‌ലിക്ക് മുന്നിലുള്ള വഴിയെന്നും അദ്ദേഹം പറഞ്ഞു.
ഇന്നലെ അഡലെയ്ഡിൽ നടന്ന മൂന്ന് മത്സര പരമ്പരയിലെ രണ്ടാം ഏകദിനത്തിൽ ഓസ്‌ട്രേലിയ ഇന്ത്യയെ രണ്ട് വിക്കറ്റിന് പരാജയപ്പെടുത്തിയിരുന്നു. പരാജയത്തെക്കാൾ ആരാധകരെ സങ്കടപെടുത്തിയത് പരമ്പരയിൽ തുടർച്ചയായ രണ്ടാം തവണയും കോഹ്‌ലി പൂജ്യത്തിന് പുറത്താകുന്ന കാഴ്ചയായിരുന്നു. സേവ്യർ ബാർട്ട്ലെറ്റിന്റെ പന്തിൽ വിക്കറ്റിന് മുന്നിൽ കുടുങ്ങിയായിരുന്നു കോഹ്‌ലിയുടെ മടക്കം. പെർത്തിൽ നടന്ന ആദ്യ ഏകദിനത്തിൽ, മിച്ചൽ സ്റ്റാർക്കായിരുന്നു കോഹ്‌ലിയെ പുറത്താക്കിയത്.
മുൻ താരം പറഞ്ഞ വാക്കുകൾ ഇങ്ങനെ:
“50 ഓവർ മത്സരത്തിൽ, നിങ്ങൾക്ക് പ്രതിരോധ സമീപനമൊക്കെ സ്വീകരിക്കാം. സിഡ്‌നിയിൽ അതുതന്നെയാണ് വിരാട് ചെയ്യാൻ ശ്രമിക്കേണ്ടതും. ഒരു ടെസ്റ്റ് മത്സര ഇന്നിംഗ്‌സ് പോലെ ഇന്നിംഗ്‌സ് ആരംഭിക്കുക. നിങ്ങളുടെ ശ്രദ്ധ കേന്ദ്രീകരിക്കുക, ക്രീസിൽ സെറ്റാകുക. പിന്നെ, നിങ്ങളുടെ കൈവശമുള്ള ഷോട്ടുകൾ കളിക്കാൻ തുടങ്ങാം.”
“ഇന്ത്യൻ പിച്ചുകളിൽ കളിച്ച് പിന്നീട് ഓസ്‌ട്രേലിയയിലോ ചിലപ്പോൾ ദക്ഷിണാഫ്രിക്കയിലോ പോയി കളിക്കുന്ന ഏതൊരു ബാറ്റ്‌സ്മാനെയും സംബന്ധിച്ച് വലിയ വെല്ലുവിളികളുണ്ട്. പിച്ചുകളിൽ അധിക ബൗൺസ് ഉണ്ട്. ഒരു ബാറ്റ്‌സ്മാൻ അതിനോട് പൊരുത്തപ്പെടാൻ കുറച്ചുകൂടി സമയമെടുക്കും, ഈ 12 പന്തുകളിൽ കോഹ്‌ലിയുടെ കാര്യത്തിൽ നമ്മൾ കണ്ടത് അതാണ്.”
അഡലെയ്ഡിൽ നടന്ന രണ്ടാം ഏകദിനത്തിൽ ആദ്യ ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറിൽ 264-9 റൺസ് നേടി. രോഹിത് ശർമ്മ 97 പന്തിൽ നിന്ന് 73 റൺസ് നേടി ടോപ് സ്കോറർ ആയി. ശ്രേയസ് അയ്യർ 61 ഉം അക്സർ പട്ടേൽ 44 ഉം റൺസ് നേടി തിളങ്ങി. വിജയലക്ഷ്യം ഓസ്ട്രേലിയ തുടക്കത്തിൽ പതറിയെങ്കിലും മാത്യു ഷോർട്ട് 74 ഉം കൂപ്പർ കോണോളി 53 പന്തിൽ നിന്ന് 61* ഉം തിളങ്ങിയതോടെ അവർ വിജയം സ്വന്തമാക്കി.











Discussion about this post