അനുഭവപരിചയമില്ലാത്ത ഓസ്‌ട്രേലിയൻ മധ്യനിരയ്‌ക്കെതിരെ കുൽദീപ് യാദവിനെ ആയുധമാക്കുന്നതിനുപകരം വീണ്ടും ബെഞ്ചിൽ ഇരുത്തിയ ടീം മാനേജ്‌മെന്റിന്റെ തീരുമാനത്തെ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം രവിചന്ദ്രൻ അശ്വിൻ ചോദ്യം ചെയ്തു. ഇന്നലെ അഡലെയ്ഡ് ഓവലിൽ നടന്ന രണ്ടാം ഏകദിനത്തിൽ ഓസ്‌ട്രേലിയയോട് രണ്ട് വിക്കറ്റിന് തോറ്റപ്പോൾ മധ്യ ഓവറുകളിൽ ആക്രമണാത്മക ബൗളിംഗ് ഓപ്ഷൻ ഇല്ലാത്ത കുറവ് ഇന്ത്യയെ ബാധിച്ചു എന്നാണ് അശ്വിൻ പറഞ്ഞത്.
നിർണായക മത്സരത്തിൽ മാറ്റങ്ങളൊന്നുമില്ലാത്ത പ്ലെയിംഗ് ഇലവനെയാണ് ഇന്ത്യ ഇറക്കിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 265 റൺസ് നേടി ഓസ്‌ട്രേലിയയെ വെല്ലുവിളിക്കാൻ ശ്രമിച്ചെങ്കിലും ആ സ്കോർ പ്രതിരോധിക്കാൻ ഇന്ത്യൻ ബോളർമാർക്ക് സാധിച്ചില്ല. ബൗളിംഗ് ആദ്യ മത്സരത്തിലെ വെച്ച് നോക്കുമ്പോൾ ഭേദപ്പെട്ട എന്ന് പറയാമെങ്കിലും താരതമ്യേന ദുർബല മധ്യനിരയുള്ള ഓസ്‌ട്രേലിയെ തോൽപ്പിക്കാൻ പറ്റാതെ പോയത് സങ്കടകരം തന്നെയാണെന്ന് പറയാം.
മിച്ചൽ മാർഷും ട്രാവിസ് ഹെഡും അടങ്ങുന്ന ഓപ്പണിങ് ജോഡിക്ക് കാര്യമായ സ്വാധീനം ചെലുത്താൻ കഴിഞ്ഞില്ലെങ്കിലും മാറ്റ് ഷോർട്ട്, കൂപ്പർ കോണോളി, മിച്ചൽ ഓവൻ എന്നിവരുടെ മികവിൽ ഓസ്ട്രേലിയ ലക്ഷ്യം മറികടന്നു. ഇവർ മൂവരും ചേർന്ന് ആകെ 26 ഏകദിനങ്ങൾ മാത്രമേ കളിച്ചിട്ടുള്ളൂ എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം .
ആദം സാമ്പ എന്ന മുൻനിര സ്പിന്നറെ ഉൾപ്പെടുത്താനുള്ള ഓസ്ട്രേലിയയുടെ തന്ത്രം എങ്ങനെ ഫലം കണ്ടു എന്ന് ആർ അശ്വിൻ അഭിപ്രായപ്പെട്ടു. നാല് വിക്കറ്റുകൾ വീഴ്ത്തിയ സാമ്പ തിളങ്ങി. കുൽദീപ് യാദവിനെ പ്ലെയിംഗ് ഇലവനിൽ ഉൾപ്പെടുത്തി ഇന്ത്യയ്ക്ക് സമാനമായ ഒരു സമീപനം സ്വീകരിക്കാമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. വാക്കുകൾ ഇങ്ങനെ:
“ആദം സാംപ എങ്ങനെയാണ് നാല് വിക്കറ്റുകൾ നേടിയത്? അദ്ദേഹം പന്ത് തിരിച്ച രീതി നിങ്ങൾ ശ്രദ്ധിച്ചോ? കൂപ്പർ കോണോളി എപ്പോഴെങ്കിലും കുൽദീപ് യാദവിനെ നേരിട്ടിട്ടുണ്ടോ? മാറ്റ് ഷോർട്ട് ഇടയ്ക്കിടെ കളിച്ചിട്ടുണ്ടാകാം, അലക്സ് കാരി അദ്ദേഹത്തെ കുറച്ച് നേരിട്ടിട്ടുണ്ടാകാം, പക്ഷേ അദ്ദേഹം ബുദ്ധിമുട്ടിയിട്ടുണ്ട്. മിച്ചൽ ഓവനും കുൽദീപിനെതിരെ കളിച്ചിട്ടില്ല. അങ്ങനെയുള്ള കുൽദീപിനെ ബെഞ്ചിൽ ഇടുന്നത് അത്ര ബുദ്ധിപരമായ കാര്യമല്ല. അദ്ദേഹത്തിന് അടുത്ത മത്സരത്തിൽ അവസരം ലഭിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ഹർഷിത് റാണ റൺസ് നേടി 2 വിക്കറ്റുകൾ നേടി എന്നത് ശരിതന്നെ. പക്ഷേ എപ്പോഴും കുൽദീപ് കുൽദീപാണ്,” ആർ അശ്വിൻ തന്റെ യൂട്യൂബ് ചാനലിൽ പറഞ്ഞു.
“സത്യം പറഞ്ഞാൽ, ബൗളിംഗ് ആക്രമണം മോശമായിട്ടാണ് എനിക്ക് തോന്നുന്നത്. ഒരു വിക്കറ്റ് വീഴുമെന്ന് തോന്നൽ പോലും ഉണ്ടാകുന്നില്ല. നിങ്ങളെ റൺസ് നേടാൻ സഹായിക്കുന്ന ബൗളർമാരെക്കാൾ, നിങ്ങൾക്ക് വിക്കറ്റ് നേടാൻ കഴിയുന്ന ബൗളർമാരെയാണ് നമുക്ക് വേണ്ടത്,” അശ്വിൻ കൂട്ടിച്ചേർത്തു.
18 പന്തിൽ നിന്ന് 24 റൺസ് നേടി പുറത്താകാതെ നിന്ന ഹർഷിത് റാണ ട്രാവിസ് ഹെഡിന്റെയും മാറ്റ് ഷോർട്ടിന്റെയും വിക്കറ്റുകൾ വീഴ്ത്തി. എന്നിരുന്നാലും, എട്ട് ഓവറിൽ 59 റൺസാണ് അദ്ദേഹം വിട്ടുകൊടുത്തത്.











Discussion about this post