അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ഫെഡറൽ ഗവൺമെന്റ് ഷട്ട്ഡൗണിലൂടെ കടന്നുപോകുകയാണ് ട്രംപ് ഭരണകൂടം. രാജ്യത്തിന്റെ ദൈനംദിനചിലവിനായി നിലവിൽ സംഭാവന സ്വീകരിക്കേണ്ട ഗതികേടിലാണ് സാക്ഷാൽ ഡൊണാൾഡ് ട്രംപെന്ന് പറഞ്ഞാൽ വിശ്വസിക്കാനാവുമോ? എന്നാൽ യാഥാർത്ഥ്യം അതാണ്.
സൈന്യത്തിന് ശമ്പളം കൊടുക്കാനായി 130 മില്യൺ ഡോളർ അതായത് ഏകദേശം 1100 കോടി ഇന്ത്യൻ രൂപയാണ് തിമോത്തി മെലൺ എന്ന വ്യക്തി സംഭാവന ചെയ്തത്. നേരത്തെ ട്രംപിന് തിരഞ്ഞെടുപ്പ് ഫണ്ടായി 400 കോടിയിലധികം സംഭാവന ചെയ്തിട്ടുള്ള, തിമോത്തിയുടെ മുത്തച്ഛൻ ആൻഡ്രൂ മെലൺ മുൻ യുഎസ് ട്രെഷറി സെക്രട്ടറിയായിരുന്നു.
സംഭാവന ലഭിച്ചെങ്കിലും ഇത് കടലിൽ കായം കലക്കിയത് പോലെയാകും. സൈന്യത്തിന്റെ രണ്ടാഴ്ചത്തെ ശമ്പളം തന്നെ ആകെ 6.3 ബില്യൺ വരും. അതായത് ഏകദേശം 55,000 കോടി രൂപ. തിമോത്തിയിൽ നിന്ന് ലഭിച്ച സംഭാവന കൊണ്ട് ഒരാൾക്ക് 100 ഡോളർ അതായത് 8500 രൂപ മാത്രമേ നൽകാനാവൂ.
തിമോത്തിയുടെ സംഭാവന പക്ഷേ സൈന്യത്തിന് ശമ്പളം നൽകാനായി ഉപയോഗിക്കുന്നത് സംബന്ധിച്ച് നിയമപ്രശ്‌നങ്ങൾ ഉണ്ടാകുമോയെന്നും സംശയം ഉയരുന്നുണ്ട്. കോൺഗ്രസിന്റെ അംഗീകാരമില്ലാത്ത തുക സൈന്യം ഉൾപ്പെടെയുള്ള ഫെഡറൽ ഏജൻസികൾ ഉപയോഗിക്കുന്നതിനെ വിലക്കുന്ന ആന്റി ഡെഫിഷൻസി നിയമത്തിന്റെ ലംഘനമാകും ഇത്.













Discussion about this post