വെസ്റ്റ് ഇൻഡീസിനെതിരായ ഹോം ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി ഇന്ത്യൻ ടീമിൽ നിന്ന് പുറത്തായ കരുൺ നായർ താൻ അങ്ങനെ പുറത്താകേണ്ട ആൾ അല്ലായിരുന്നു എന്നും കുറച്ചുകൂടി മത്സരങ്ങൾ അർഹിച്ചിരുന്നു എന്നും പറഞ്ഞിരിക്കുകയാണ് ഇപ്പോൾ. ഇംഗ്ലണ്ടിൽ നടന്ന 2025 ലെ ആൻഡേഴ്സൺ-ടെണ്ടുൽക്കർ ട്രോഫിയിലൂടെയായിരുന്നു എട്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം താരം ദേശീയ ടീമിലേക്ക് തിരിച്ചുവരവ് നടത്തിയത്. ആഭ്യന്തര സീസണിലെ തകർപ്പൻ പ്രകടനത്തിന്റെ പിൻബലത്തിൽ ആയിരുന്നു അത്.
ഇംഗ്ലണ്ട് പര്യടനത്തിൽ കാര്യാമായ ഒന്നും ചെയ്യാൻ സാധിക്കാതെ പോയ കരുണിന്, ഓവലിൽ നടന്ന അവസാന ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്സിൽ നേടിയ അർദ്ധ സെഞ്ച്വറി മാറ്റി നിർത്തിയാൽ ഓർക്കാനുള്ളതും ഒന്നും പരമ്പരയിൽ ഉണ്ടായിരുന്നില്ല. അതിനിടയിൽ താരത്തെ ടീമിൽ നിന്ന് ഒഴിവാക്കുകയും ചെയ്തു.
കെ.എസ്.സി.എയുടെ കെ. തിമ്മപ്പയ്യ ട്രോഫിയിലും, ഇപ്പോൾ 2025-26 രഞ്ജി ട്രോഫിയിലും കരുണ്‍ നായർ റൺ കണ്ടെത്തി. വിദർഭയ്ക്ക് വേണ്ടി കഴിഞ്ഞ സീസണിൽ കളിച്ച താരം കർണാടകക്ക് വേണ്ടിയാണ് ഈ സീസണിൽ പാഡുകെട്ടുന്നത്. സൗരാഷ്ട്രയ്ക്കെതിരായ രഞ്ജി മത്സരത്തിൻറെ ആദ്യ ഇന്നിംഗ്സിൽ 73 റൺസ് നേടി മികച്ച പ്രകടനം കാഴ്ചവച്ചു. പിന്നാലെ ഗോവയ്ക്കെതിരെ 174 റൺസ് നേടി പുറത്താകാതെ ഫോം തുടർന്നു.
“എനിക്ക് വേണ്ടി ഞാൻ നിശ്ചയിച്ചിട്ടുള്ള ചില ലക്ഷ്യങ്ങളുണ്ട്, അതിനെക്കുറിച്ച് സംസാരിക്കാൻ ആഗ്രഹിക്കുന്നില്ല. ടീമിനായി മത്സരങ്ങൾ ജയിക്കുക എന്നതാണ് പ്രധാന ലക്ഷ്യം. എന്നെ ഒഴിവാക്കിയത് ശരിക്കും നിരാശയാണ്. പക്ഷേ കഴിഞ്ഞ രണ്ട് വർഷമായി (ആഭ്യന്തര ക്രിക്കറ്റിൽ) മികച്ച പ്രകടനം നടത്തിയ എനിക്ക് ഇന്ത്യൻ ടീമിൽ തുടരാൻ അർഹതയുണ്ടെന്ന് എനിക്കറിയാം. ആളുകൾക്ക് അവരുടേതായ അഭിപ്രായങ്ങളുണ്ടാകാം, പക്ഷേ വ്യക്തിപരമായി, ഞാൻ ഇതിലും മികച്ചത് അർഹിക്കുന്നു എന്നതാണ് എന്റെ അഭിപ്രായം, ”കരുൺ നായർ പറഞ്ഞു.
അതേസമയം താരത്തിന്റെ ഇംഗ്ലണ്ടിലെ പ്രകടനം മികച്ചതല്ലെന്നും ഇത്രയും കടുത്ത മത്സരം നടക്കുമ്പോൾ എല്ലാ കളിക്കാർക്കും ഒരുപാട് അവസരങ്ങൾ കിട്ടില്ല എന്നുമാണ് കരുണിനെ ഒഴിവാക്കിയ ചോധ്യത്തിന് മറുപടിയായി അഗാർക്കർ പറഞ്ഞത്. “നിർഭാഗ്യവശാൽ, എല്ലാവർക്കും 15–20 ടെസ്റ്റ് മത്സരങ്ങൾ നൽകാൻ ഞങ്ങൾക്ക് കഴിയില്ല. ഇംഗ്ലണ്ടിൽ കരുണിൽ നിന്ന് ഞങ്ങൾ കൂടുതൽ പ്രതീക്ഷിച്ചിരുന്നു,” ഇന്ത്യ ടീം പ്രഖ്യാപന പത്രസമ്മേളനത്തിൽ അഗാർക്കർ പറഞ്ഞു.













Discussion about this post