ചെന്നൈ : വിജയ്‌യുടെ തമിഴക വെട്രി കഴകവുമായി (ടിവികെ) കോൺഗ്രസ് കൂടുതൽ അടുക്കുന്നുവെന്ന അഭ്യൂഹങ്ങൾ തള്ളി തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിൻ. ഡിഎംകെയും കോൺഗ്രസും തമ്മിൽ ശക്തമായ ബന്ധമാണ് ഉള്ളതെന്ന് സ്റ്റാലിൻ വ്യക്തമാക്കി. രാഹുൽ ഗാന്ധി തന്നെ ഒരു സഹോദരനെ പോലെയാണ് കാണുന്നത് എന്നും അദ്ദേഹം സൂചിപ്പിച്ചു.
“കോൺഗ്രസും ഡിഎംകെയും ഒരു ടീമായാണ് പ്രവർത്തിക്കുന്നത്. നമ്മുടെ സഹോദരൻ രാഹുൽ ഗാന്ധി എന്നോട് കാണിച്ച സ്നേഹം എനിക്ക് പറഞ്ഞറിയിക്കാൻ കഴിയില്ല. ഒരു രാഷ്ട്രീയ നേതാവിനെയും ഞാൻ ഒരിക്കലും സഹോദരൻ എന്ന് വിളിക്കാറില്ല, പക്ഷേ രാഹുൽ ഗാന്ധി എന്നെ ജ്യേഷ്ഠസഹോദരനായി കാണുന്നതിനാൽ ഞാൻ അദ്ദേഹംത്തെ എന്റെ സഹോദരൻ എന്ന് വിളിക്കുന്നു” എന്നും സ്റ്റാലിൻ ഒരു പൊതു പരിപാടിയിൽ സംസാരിക്കവെ സൂചിപ്പിച്ചു.
രാഷ്ട്രീയത്തിനപ്പുറത്തേക്കുള്ള വൈകാരികവും പ്രത്യയശാസ്ത്രപരവുമായ ബന്ധമാണ് ഡിഎംകെയും കോൺഗ്രസും തമ്മിലുള്ളത് എന്നും സ്റ്റാലിൻ അഭിപ്രായപ്പെട്ടു. “ഒരുകാലത്ത് ഡിഎംകെയ്ക്കും കോൺഗ്രസിനും വ്യത്യസ്ത വഴികളായിരുന്നു, എന്നാൽ ഇപ്പോൾ ഞങ്ങൾ ഒരു ടീമാണ്. ഇന്ന്, രാജ്യത്തിന്റെ നന്മയ്ക്കും, തമിഴ്‌നാടിന്റെ വികസനത്തിനും, ഇന്ത്യയുടെ ഐക്യത്തിനും വേണ്ടി ഞങ്ങൾ ഒരേ പക്ഷത്താണ് . ഞങ്ങൾ ഒരു പൊതു കാഴ്ചപ്പാടോടെയാണ് മുന്നോട്ട് പോകുന്നത്. രാഹുൽ ഗാന്ധി എന്നോട് കാണിച്ച സ്നേഹം വാക്കുകളിൽ പ്രകടിപ്പിക്കാൻ കഴിയില്ല” എന്നും സ്റ്റാലിൻ അഭിപ്രായപ്പെട്ടു.











Discussion about this post