ഇന്ന് ആരംഭിക്കുന്ന ടി20 പരമ്പരയ്ക്ക് മുമ്പ് ഇന്ത്യയ്ക്ക് ശക്തമായ ഒരു സന്ദേശം നൽകിയ ട്രാവിസ് ഹെഡ്. ഓസ്‌ട്രേലിയയുടെ ആക്രമണാത്മക കളിരീതി ആയിരിക്കും ഈ പരമ്പരയിൽ ഇന്ത്യ കാണുക എന്നും ഹെഡ് പറഞ്ഞു. ഏകദിന പരമ്പര വിജയത്തിനുശേഷം ടീമിന്റെ ആത്മവിശ്വാസം ഉയർന്നതാണെന്നും ന്യൂസിലൻഡ്, ദക്ഷിണാഫ്രിക്ക, വെസ്റ്റ് ഇൻഡീസ് എന്നിവർക്കെതിരായ മത്സരങ്ങൾക്ക് ശേഷം ടി20 മത്സരങ്ങളിലും ആ ആധിപത്യം വ്യാപിപ്പിക്കാനാണ് തങ്ങൾ ലക്ഷ്യമിടുന്നതെന്നും ഓപ്പണർ പറഞ്ഞു.
ട്രാവിസ് ഹെഡ്, മിച്ചൽ മാർഷ്, ഗ്ലെൻ മാക്‌സ്‌വെൽ, ടിം ഡേവിഡ്, മാറ്റ് ഷോർട്ട്, ജോഷ് ഇംഗ്ലിസ് എന്നിവരടങ്ങുന്ന ഓസ്‌ട്രേലിയയുടെ സ്ഫോടനാത്മക ബാറ്റിംഗ് യൂണിറ്റ് ഇന്ന് ഇന്ത്യക്ക് വെല്ലുവിളി ആകും എന്ന് തന്നെയാണ് ഹെഡ് പറയുന്നത്.
“നമുക്കുള്ള ബാറ്റിംഗ് കരുത്ത് ഉപയോഗിച്ച്, ആക്രമണ ബാറ്റിംഗ് തന്നെ കാണാം ആരാധകർക്ക്. ടിം ഡേവിഡ്, മാർക്കസ് സ്റ്റോയിനിസ്, ജോഷ് ഇംഗ്ലിസ്, കാമറൂൺ ഗ്രീൻ, ഗ്ലെൻ മാക്‌സ്‌വെൽ തുടങ്ങിയ കളിക്കാർ ഉള്ള ആളുകളാണ് എന്റെ പിന്നാലെ വരുന്നത്. അതിനാൽ തന്നെ പ്രതിരോധിച്ചുള്ള സമീപനം കാണില്ല ”ഹെഡ് cricket.com.au-നോട് പറഞ്ഞു.
” എതിരാളി ഉയർത്തുന്ന ഏതൊരു ടോട്ടാലും പിന്തുടരാനുള്ള കരുത്ത് ഞങ്ങൾക്കുണ്ട്. ഞാനും മാർഷും ചേർന്ന് പവർ പ്ലേയിൽ റൺ നേടാൻ ശ്രമിക്കും. അതാണ് വർഷങ്ങളായി ഞങ്ങളുടെ കരുത്ത്. അലസരായിരിക്കാൻ ഞങ്ങൾക്ക് സമയമില്ല.” ഹെഡ് പറഞ്ഞു.
നായക സ്ഥാനം ഏറ്റെടുത്ത ശേഷം ടി 20 യിൽ പരമ്പരകൾ എല്ലാം നേടി തിളങ്ങി നിൽക്കുന്ന ഇന്ത്യൻ നായകൻ സൂര്യകുമാർ യാദവിനുള്ള യഥാർത്ഥ പരീക്ഷണം തന്നെയായിരിക്കും 5 മത്സരങ്ങൾ അടങ്ങിയ ഈ പരമ്പര.












Discussion about this post