ഇസ്ലാമാബാദ് : ഇസ്താംബൂളിൽ നാല് ദിവസങ്ങളിലായി നടന്ന താലിബാനുമായുള്ള സമാധാന ചർച്ച പരാജയപ്പെട്ടതിന് ഇന്ത്യയെ കുറ്റപ്പെടുത്തി പാകിസ്താൻ. താലിബാൻ ഇന്ത്യയുടെ പാവയാണെന്നും ഇന്ത്യ താലിബാനെ ഉപയോഗിച്ച് നിഴൽ യുദ്ധം നടത്തുകയാണെന്നും പാകിസ്താൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് ആരോപിച്ചു. മേഖലയിൽ അസ്വസ്ഥത സൃഷ്ടിക്കാൻ ഇന്ത്യയുടെ നിർദ്ദേശപ്രകാരമാണ് അഫ്ഗാനിസ്ഥാൻ പ്രവർത്തിക്കുന്നത് എന്നും ഖ്വാജ ആസിഫ് അഭിപ്രായപ്പെട്ടു.
“കാബൂളിലെ സർക്കാരിലേക്ക് ഇന്ത്യ നുഴഞ്ഞുകയറി. ന്യൂഡൽഹി അഫ്ഗാനിസ്ഥാനിലൂടെ ഒരു നിഴൽ യുദ്ധം ആരംഭിച്ചിരിക്കുന്നു. അതിൽ യാതൊരു സംശയവുമില്ല. താലിബാനെ ഒരു ‘പാവ’യായി ഉപയോഗിച്ച് ന്യൂഡൽഹി ഒരു ‘പ്രോക്സി യുദ്ധം’ നടത്തുകയാണ്” എന്നും ഖ്വാജ ആസിഫ് അഭിപ്രായപ്പെട്ടു.
അഫ്ഗാനിസ്ഥാൻ തുടർച്ചയായി നിലപാടുകൾ മാറ്റിയതിനാൽ പാകിസ്താനും അഫ്ഗാനിസ്ഥാനും തമ്മിൽ തുർക്കിയിൽ നടന്ന ചർച്ച പരാജയപ്പെട്ടുവെന്ന് ഖ്വാജ ആസിഫ് വ്യക്തമാക്കി. “അതിർത്തിക്കപ്പുറത്തുള്ള ആക്രമണങ്ങൾ വർദ്ധിക്കുന്നതിൽ പങ്കുവഹിക്കുന്ന തീവ്രവാദികൾക്ക് താലിബാൻ അഭയം നൽകുന്നു. പാകിസ്താനെതിരെ ആക്രമണം നടത്താൻ അഫ്ഗാൻ പ്രദേശം ഉപയോഗിക്കുന്നു. തുർക്കിയിൽ നടന്ന ചർച്ചയിൽ ഞങ്ങൾ ഒരു കരാറിലേക്ക് അടുക്കുമ്പോഴെല്ലാം ചർച്ചക്കാർ കാബൂളിൽ റിപ്പോർട്ട് ചെയ്തപ്പോൾ, അവിടെ നിന്നും ഇടപെടൽ ഉണ്ടായിരുന്നു. അങ്ങിനെ ഓരോ തവണയും കരാർ പിൻവലിക്കപ്പെട്ടു” എന്നും ഖ്വാജ ആസിഫ് സൂചിപ്പിച്ചു.









Discussion about this post