റിപ്പോർട്ടർ ചാനലിനെതിരെ 100 കോടി രൂപയുടെ മാനനഷ്ടക്കേസ് നൽകി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. റിപ്പോർട്ടർ ഉടമ ആൻറോ അഗസ്റ്റിൻ, കൺസൽട്ടിംഗ് എഡിറ്റർ അരുൺ കുമാർ, കോർഡിനേറ്റിംഗ് എഡിറ്റർ സ്മൃതി പരുത്തിക്കാട്, ന്യൂസ് കോർഡിനേറ്റർ ജിമ്മി ജയിംസ്, തിരുവനന്തപുരം ബ്യൂറോ ചീഫ് ടി വി പ്രസാദ് എന്നിവരടക്കം ഒമ്പത് പേർക്കെതിരെയാണ് കേസ്.
രാജീവ് ചന്ദ്രശേഖറിന് ബന്ധമില്ലാത്ത ബി പി എൽ എന്ന സ്ഥാപനത്തിന്റെ ഭൂമിയിടപാടുമായി ബന്ധപ്പെടുത്തി, ബി ജെ പി സംസ്ഥാന അധ്യക്ഷൻ കൂടിയായ അദ്ദേഹത്തിന്റെ പേര് ദുരുപയോഗം ചെയ്ത് വ്യാജവാർത്തകൾ തുടർച്ചയായി സംപ്രേക്ഷണം ചെയ്തതോടെയാണ് മുംബൈ ആസ്ഥാനമായ ആർ എച്ച് പി പാർട്ട്‌നേഴ്‌സ് എന്ന നിയമസ്ഥാപനം മുഖേന നൂറു കോടി രൂപയുടെ മാനനഷ്ടക്കേസ് നൽകിയത്. ഏഴ് ദിവസത്തിനുള്ളിൽ വ്യാജവാർത്ത പിൻവലിച്ച് മാപ്പ് പറയണമെന്നും നോട്ടീസിലുണ്ട്.
നേരത്തെ, ബിജെപി സംസ്ഥാന പ്രസിഡൻറ് രാജീവ് ചന്ദ്രശേഖറിനെതിരെ ഉന്നയിച്ച വ്യവസായ ഭൂമി ക്രമക്കേട് ആരോപണം അടിസ്ഥാനരഹിതവും വസ്തുതാവിരുദ്ധവുമെന്ന് ബിപിഎൽ വ്യക്തമാക്കിയിരുന്നു.രാജീവ് ചന്ദ്രശേഖറിന് ബിപിഎൽ ലിമിറ്റഡുമായി സാമ്പത്തിക ഇടപാടോ ഓഹരി പങ്കാളിത്തമോ ഇല്ല. ഈ ആരോപണങ്ങൾ രാഷ്ട്രീയപ്രേരിതവും ദുരുപദിഷ്ടവും തെറ്റിദ്ധാരണ ഉയർത്തുന്നതുമാണെന്ന് ബിപിഎൽ സിഇഒ ശൈലേഷ് മുദലർ പറഞ്ഞു. പതിച്ചു നൽകിയ ഭൂമിയിൽ 1996 നും 2004 നും ഇടക്ക് ബിപിഎൽ 450 കോടി രൂപയുടെ നിക്ഷേപം നടത്തിയിരുന്നതായും കമ്പനി അറിയിച്ചു.













Discussion about this post