ബംഗളൂരു : ഹൈക്കോടതിയിൽ നിന്നും തിരിച്ചടി നേരിട്ടതോടെ ആർഎസ്എസ് മാർച്ചിന് അനുമതി നൽകി കർണാടകയിലെ കോൺഗ്രസ് സർക്കാർ. പൊതുസ്ഥലങ്ങളിലുള്ള സംഘടനകളുടെ പരിപാടികൾക്ക് നിരോധനം ഏർപ്പെടുത്തിയ കർണാടക സർക്കാരിന്റെ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തതിലൂടെ വൻ നാണക്കേടാണ് കോൺഗ്രസ് സർക്കാരിന് ഉണ്ടായിരിക്കുന്നത്. കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെയുടെ സ്വന്തം മണ്ഡലമായ യാദ്ഗിർ ജില്ലയിലെ ഗുർമിത്കലിൽ മാർച്ച് നടത്താൻ രാഷ്ട്രീയ സ്വയംസേവക സംഘത്തിന് ഭരണകൂട അനുമതി ലഭിച്ചു.
നവംബർ 1 വെള്ളിയാഴ്ച ആണ് ഖാർഗെയുടെ മണ്ഡലത്തിലെ ആർഎസ്എസ് മാർച്ച്. ആർഎസ്‌എസിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായാണ് ഈ പരിപാടി നടക്കുന്നത്. കർണാടകയിൽ പൊതുസ്ഥലങ്ങളിൽ ആർഎസ്എസ് പരിപാടികൾ നടത്തുന്നത് നിരോധിക്കണമെന്ന മല്ലികാർജുൻ ഖാർഗെയുടെ മകനും കർണാടക സർക്കാരിലെ മന്ത്രിയുമായ പ്രിയങ്ക് ഖാർഗെയുടെ ആവശ്യത്തിന് പിന്നാലെയായിരുന്നു കോൺഗ്രസ് സർക്കാർ ഇത്തരമൊരു നീക്കം നടത്തിയിരുന്നത്. കർണാടകയിലെ എല്ലാ പൊതുസ്ഥലങ്ങളിലും സ്വകാര്യ സാമൂഹ്യ സംഘടനകളുടെ യോഗങ്ങളും പരിപാടികളും നിരോധിച്ചു കൊണ്ടായിരുന്നു കർണാടക സർക്കാർ ഉത്തരവിട്ടിരുന്നത്. എന്നാൽ കർണാടക സർക്കാരിന്റെ ഈ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു.
ഗുർമിത്കലിലെ ആർഎസ്എസ് മാർച്ചിന് നിവൃത്തിയില്ലാതെ അനുമതി നൽകേണ്ടി വന്നെങ്കിലും കർശന നിബന്ധനകളാണ് ജില്ലാ ഭരണകൂടം മുന്നോട്ടുവച്ചിട്ടുള്ളത്. നിശ്ചിത വഴികളിലൂടെ മാത്രം കടന്നു പോകണം, ജാതിയോ മതമോ ആയി ബന്ധപ്പെട്ട മുദ്രാവാക്യങ്ങൾ ഒന്നും പാടില്ല, റോഡുകൾ ഉപരോധിക്കുകയോ കടകൾ അടപ്പിക്കുകയോ ചെയ്യരുത്, മാരകായുധങ്ങളോ വടിയോ കൈവശം വയ്ക്കാൻ പാടില്ല എന്നിങ്ങനെയുള്ള നിബന്ധനകളാണ് ജില്ലാ ഭരണകൂടം നിർദ്ദേശിച്ചിട്ടുള്ളത്.









Discussion about this post