അപൂർവ ധാതു കാന്തങ്ങളുടെ കയറ്റുമതിയിൽ ഇന്ത്യയ്ക്ക് പ്രത്യേക ഇളവുകൾ നൽകി ചൈന. ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യാൻ ഇന്ത്യൻ കമ്പനികൾക്കാണ് ചൈന അനുമതി നൽകിയിരിക്കുന്നത്. ആറുമാസത്തെ കയറ്റുമതി നിയന്ത്രണത്തിന് ശേഷമാണ് ഇന്ത്യയ്ക്ക് നിയന്ത്രണത്തിൽ ഇളവ് നൽകിയത്.
ചില ഇന്ത്യൻ കമ്പനികൾക്ക് ചൈനയിൽ നിന്ന് അപൂർവ ധാതു കാന്തങ്ങൾ ഇറക്കുമതി ചെയ്യാനുള്ള ലൈസൻസുകൾ ലഭിച്ച വിവരം വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ വ്യാഴാഴ്ച സ്ഥിരീകരിച്ചിരുന്നു. എന്നാൽ ലൈസൻസ് ലഭിച്ച കമ്പനികളുടെ വിശദാംശങ്ങൾ ജയ്‌സ്വാൾ വെളിപ്പെടുത്തിയിരുന്നില്ല.
ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യാൻ കമ്പനികൾക്ക് അനുമതി നൽകിയെങ്കിലും അതിന് നിബന്ധനകളുണ്ട്. ഇന്ത്യയിൽ നിന്ന് ഇവ യു.എസിലേക്ക് കയറ്റുമതി ചെയ്യാൻ പാടില്ല എന്നതാണ് പ്രധാന വ്യവസ്ഥകളിലൊന്ന്. മറ്റൊന്ന് ചൈനയിൽ നിന്ന് ലഭിക്കുന്ന അപൂർവ എർത്ത് മാഗ്നറ്റുകൾ ഒരിക്കലും പ്രതിരോധ ആവശ്യങ്ങൾക്കായി ഉപയോഗിക്കരുതെന്നും നിബന്ധനയുണ്ട്.
വൈദ്യുതവാഹനങ്ങൾ, ഊർജ സാങ്കേതികവിദ്യ, സൈനിക ഉപകരണങ്ങൾ, വൈദ്യശാസ്ത്ര ഉപകരണങ്ങൾ എന്നിങ്ങനെ ആധുനിക സാങ്കേതികവിദ്യകളിൽ ഏറെ പ്രധാനപ്പെട്ടവയാണ് ഈ ലോഹങ്ങൾ. യു.എസിനെ ലക്ഷ്യമിട്ടാണ് ചൈന കയറ്റുമതി നിയന്ത്രണം ഏർപ്പെടുത്തിയത്. ഇത് ആഗോളതലത്തിൽ വിതരണ ശൃംഖലയെ തടസപ്പെടുത്തിയിരുന്നു.













Discussion about this post