ഓസ്ട്രേലിയക്കെതിരായ രണ്ടാം ടി20 മത്സരത്തിൽ ബാറ്റിംഗ് നിരയിൽ വരുത്തിയ മാറ്റങ്ങൾക്ക് മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ബാറ്റ്സ്മാൻ സദഗോപ്പൻ രമേശ് ടീം മാനേജ്മെന്റിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചു. മത്സരത്തിൽ സഞ്ജു സാംസൺ മൂന്നാം നമ്പറിൽ ബാറ്റ് ചെയ്യാൻ വന്നതോടെ നായകൻ സൂര്യകുമാർ യാദവ് നാലാം സ്ഥാനത്തേക്കിറങ്ങി. ഇത് കൂടാതെ ശിവം ദുബെയ്ക്ക് മുമ്പ് ഹർഷിത് റാണ ബാറ്റ് ചെയ്യാൻ വന്നതും ഈ നീക്കങ്ങൾ ഒന്നും ഇന്ത്യക്ക് ഗുണം ചെയ്യാതെ പോകുന്ന കാഴ്ചയും കാണാൻ സാധിച്ചു. എന്തായാലും ഇന്ത്യ 125 റൺസിന് പുറത്തായി, ഓസ്ട്രേലിയ 4 വിക്കറ്റിന് മത്സരം ജയിച്ചു.
ഇപ്പോഴിതാ ബാറ്റിംഗ് ഓർഡറിൽ ‘മ്യൂസിക്കൽ ചെയർ കളിക്കുന്നത്’ നിർത്താൻ രമേശ് ടീം മാനേജ്മെന്റിനോട് ആവശ്യപ്പെട്ടു, തുടർച്ചയായ മാറ്റങ്ങൾ ഇന്ത്യൻ ക്രിക്കറ്റ് ടീം ബാറ്റ്സ്മാൻമാർക്കിടയിൽ ആശയക്കുഴപ്പത്തിന് കാരണമാകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. “ഇന്ത്യ അവരുടെ ബാറ്റിംഗ് ഓർഡറിൽ മ്യൂസിക്കൽ ചെയർ കളിക്കുന്നത് നിർത്തണം. 160 മുതൽ 170 വരെ റൺസ് നേടിയിരുന്നെങ്കിൽ അവർക്ക് വിജയിക്കാനുള്ള മികച്ച സാധ്യത ഉണ്ടാകുമായിരുന്നു. കഴിഞ്ഞ മത്സരത്തിൽ സൂര്യകുമാർ യാദവ് മൂന്നാം സ്ഥാനത്ത് നന്നായി കളിച്ചില്ലേ? അദ്ദേഹം പുറത്തായില്ല. പിന്നെ എന്തിനാണ് സഞ്ജു സാംസണെ മൂന്നാം സ്ഥാനത്ത് അയയ്ക്കുന്നത്,” രമേശ് ഇൻസ്റ്റാഗ്രാമിൽ പറഞ്ഞു.
“അദ്ദേഹം ഓപ്പണിംഗിൽ നിന്ന് അഞ്ചാം സ്ഥാനത്തേക്ക് പോയി, ഇപ്പോൾ അഞ്ചിൽ നിന്ന് മൂന്നാം സ്ഥാനത്തേക്ക്. ആരൊക്കെ എവിടെ ബാറ്റ് ചെയ്യണം എന്നറിയാതെ എല്ലാവരും പരസ്പരം നോക്കുകയാണ്. തിലക് വർമ്മ ഇന്ത്യയെ ഏഷ്യാ കപ്പ് ഫൈനലിൽ നാലാം സ്ഥാനത്ത് ഇറങ്ങി വിജയിപ്പിച്ചു. അദ്ദേഹത്തെ കഴിഞ്ഞ മത്സരത്തിൽ നിങ്ങൾ അഞ്ചാം സ്ഥാനത്തേക്ക് മാറ്റി.”
ഹർഷിതിനെ ദുബൈക്ക് മുമ്പായി അയച്ച നീക്കത്തെയും രമേശ് വിമർശിച്ചു, ടീം മാനേജ്മെന്റ് കളിക്കാരുടെ ശക്തിയിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് പറഞ്ഞു.
“നന്നായി പാചകം ചെയ്യുന്ന ഒരാളെ ഡ്രൈവറാക്കാൻ കഴിയില്ല, നല്ലൊരു ഡ്രൈവറെ പാചകക്കാരനാകാനും കഴിയില്ല. അതുപോലെ, മാനേജ്മെന്റ് ഓരോ കളിക്കാരന്റെയും ശക്തിയിലും ടീമിലെ പ്രധാന പങ്കിലും ശ്രദ്ധ കേന്ദ്രീകരിക്കുകയും ആ റോളിൽ അവരിൽ നിന്ന് ഏറ്റവും മികച്ചത് പുറത്തെടുക്കാൻ ലക്ഷ്യമിടുകയും വേണം. അവർ എന്തെങ്കിലും അധികമായി ചെയ്താൽ, ബോണസ് ആണെന്ന് മാത്രം കരുതുക.”
അദ്ദേഹം കൂട്ടിച്ചേർത്തു:
“എന്നാൽ അവരുടെ അധിക കഴിവ് പ്രധാന റോളായി മാറരുത്, ഈ ഇന്ത്യൻ ടീമിൽ അത് അങ്ങനെ ഒരു അപകടം നടന്നു. ബാറ്റ് ചെയ്യാൻ കഴിയുന്ന ഒരു ബൗളർ ആദ്യം പന്ത് ഉപയോഗിച്ച് നന്നായി കളിക്കണം. അതുപോലെ ബോൾ ചെയ്യാൻ കഴിയുന്ന ഒരു ബാറ്റ്സ്മാൻ ആദ്യം നല്ല പ്രകടനം നടത്തേണ്ടത് ബാറ്റിംഗിലാണ്. മാനേജ്മെന്റ് ഇക്കാര്യത്തിൽ വ്യക്തത ഉള്ളവർ ആയിരിക്കണം. ഇന്ത്യ ഇപ്പോൾ പതറുന്നത് അവിടെയാണ്.”
ബാറ്റിംഗിൽ തിളങ്ങിയെങ്കിലും ബോളിങ്ങിൽ നിരാശപ്പെടുത്തിയ ഹർഷിത് രണ്ടോവറിൽ വിട്ടുനൽകിയത് 27 റൺസാണ്.













Discussion about this post