സഞ്ജു സാംസൺ വീണ്ടും ക്രിക്കറ്റ് ആരാധകർക്കടയിൽ ശ്രദ്ധാകേന്ദ്രമായിരിക്കുകയാണ്. ടി20 ടീമിൽ ഇടം നേടാൻ ആഗ്രഹിക്കുന്നുവെങ്കിൽ മധ്യനിരയിൽ ബാറ്റ് ചെയ്യണം എന്നായിരുന്നു ഏഷ്യാ കപ്പിന് മുമ്പ് സഞ്ജുവിന് കിട്ടിയ നിർദേശം. എന്നാൽ അവിടെ പല സ്ഥാനങ്ങളിലും താരം ബാറ്റ് ചെയ്യാനിറങ്ങി. ഇപ്പോഴിതാ ഓസ്‌ട്രേലിയൻ പര്യടനത്തിലെ രണ്ടാം ടി 20 യിൽ ബാറ്റ് ചെയ്യാനിറങ്ങിയത് മൂന്നാം നമ്പറിൽ ആയിരുന്നു. ബൗൺസി ട്രാക്കിൽ മൂന്നാം നമ്പറിലിറലേക്ക് സ്ഥാനക്കയറ്റം കിട്ടിയ സഞ്ജു രണ്ട് മാത്രം എടുത്താണ് മടങ്ങിയത്.
മെൽബണിൽ ഇന്ത്യക്ക് സർവത്ര പിഴച്ചെന്നും സൂര്യകുമാറിന്റെ ക്യാപ്റ്റൻസി രീതികൾ പാളിയെന്നും പറയുകയാണ് ഇർഫാൻ പത്താൻ ഇപ്പോൾ. സ്ഥിരമായി ബാറ്റ് ചെയ്യുന്ന മൂന്നാം നമ്പറിലേക്ക് എന്തിനാണ് താൻ സഞ്ജു സാംസണെ അയച്ചതെന്നാണ് ഇർഫാൻ ചോദിക്കുന്നത്. “സഞ്ജു സാംസണെ സംബന്ധിച്ചിടത്തോളം, ബാറ്റിംഗ് ഓർഡർ ഇങ്ങനെ മുകളിലേക്കും താഴേക്കും മാറ്റിയാൽ അത് എത്രത്തോളം ഫലപ്രദമാകുമെന്ന് എനിക്കറിയില്ല,” പത്താൻ തന്റെ യൂട്യൂബ് ചാനലിൽ പറഞ്ഞു.
“ടി20 ക്രിക്കറ്റിൽ, ഓപ്പണർമാർ ഒഴികെ, ആർക്കും യഥാർത്ഥത്തിൽ ഒരു നിശ്ചിത സ്ഥാനമില്ലെന്നും വഴക്കം പ്രധാനമാണെന്നും എനിക്കറിയാം. എന്നാൽ വഴക്കത്തിന്റെ പേരിൽ, നിർവചിക്കപ്പെട്ട റോളുകൾ ഇടയ്ക്കിടെ മാറ്റി നിങ്ങൾ ഇലാസ്റ്റിക് ആകരുത്. ഇന്ത്യൻ ടീം ശരിക്കും ശ്രദ്ധിക്കേണ്ട കാര്യമാണിത്,” പത്താൻ മുന്നറിയിപ്പ് നൽകി.
ഇത് കൂടാതെ ഓസ്ട്രേലിയക്കെതിരായ രണ്ടാം ടി20 മത്സരത്തിൽ ബാറ്റിംഗ് നിരയിൽ വരുത്തിയ മാറ്റങ്ങൾക്ക് മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ബാറ്റ്സ്മാൻ സദഗോപ്പൻ രമേശ് ടീം മാനേജ്മെന്റിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചുകൊണ്ട് നേരത്തെ രംഗത്ത് വന്നിരുന്നു. മത്സരത്തിൽ സഞ്ജു സാംസൺ മൂന്നാം നമ്പറിൽ ബാറ്റ് ചെയ്യാൻ വന്നതോടെ നായകൻ സൂര്യകുമാർ യാദവ് നാലാം സ്ഥാനത്തേക്കിറങ്ങി. ഇത് കൂടാതെ ശിവം ദുബെയ്ക്ക് മുമ്പ് ഹർഷിത് റാണ ബാറ്റ് ചെയ്യാൻ വന്നതും ഈ നീക്കങ്ങൾ ഒന്നും ഇന്ത്യക്ക് ഗുണം ചെയ്യാതെ പോകുന്ന കാഴ്ചയും കാണാൻ സാധിച്ചു. എന്തായാലും ഇന്ത്യ 125 റൺസിന് പുറത്തായി, ഓസ്ട്രേലിയ 4 വിക്കറ്റിന് മത്സരം ജയിച്ചു.
ഇപ്പോഴിതാ ബാറ്റിംഗ് ഓർഡറിൽ ‘മ്യൂസിക്കൽ ചെയർ കളിക്കുന്നത്’ നിർത്താൻ രമേശ് ടീം മാനേജ്മെന്റിനോട് ആവശ്യപ്പെട്ടു, തുടർച്ചയായ മാറ്റങ്ങൾ ഇന്ത്യൻ ക്രിക്കറ്റ് ടീം ബാറ്റ്സ്മാൻമാർക്കിടയിൽ ആശയക്കുഴപ്പത്തിന് കാരണമാകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. “ഇന്ത്യ അവരുടെ ബാറ്റിംഗ് ഓർഡറിൽ മ്യൂസിക്കൽ ചെയർ കളിക്കുന്നത് നിർത്തണം. 160 മുതൽ 170 വരെ റൺസ് നേടിയിരുന്നെങ്കിൽ അവർക്ക് വിജയിക്കാനുള്ള മികച്ച സാധ്യത ഉണ്ടാകുമായിരുന്നു. കഴിഞ്ഞ മത്സരത്തിൽ സൂര്യകുമാർ യാദവ് മൂന്നാം സ്ഥാനത്ത് നന്നായി കളിച്ചില്ലേ? അദ്ദേഹം പുറത്തായില്ല. പിന്നെ എന്തിനാണ് സഞ്ജു സാംസണെ മൂന്നാം സ്ഥാനത്ത് അയയ്ക്കുന്നത്,” രമേശ് ഇൻസ്റ്റാഗ്രാമിൽ പറഞ്ഞു.
“അദ്ദേഹം ഓപ്പണിംഗിൽ നിന്ന് അഞ്ചാം സ്ഥാനത്തേക്ക് പോയി, ഇപ്പോൾ അഞ്ചിൽ നിന്ന് മൂന്നാം സ്ഥാനത്തേക്ക്. ആരൊക്കെ എവിടെ ബാറ്റ് ചെയ്യണം എന്നറിയാതെ എല്ലാവരും പരസ്പരം നോക്കുകയാണ്. തിലക് വർമ്മ ഇന്ത്യയെ ഏഷ്യാ കപ്പ് ഫൈനലിൽ നാലാം സ്ഥാനത്ത് ഇറങ്ങി വിജയിപ്പിച്ചു. അദ്ദേഹത്തെ കഴിഞ്ഞ മത്സരത്തിൽ നിങ്ങൾ അഞ്ചാം സ്ഥാനത്തേക്ക് മാറ്റി.”













Discussion about this post