ഇന്ത്യയുടെ ഹെഡ് കോച്ച് എന്ന നിലയിൽ ഗംഭീറും ടി 20 നായകൻ എന്ന നിലയിൽ സൂര്യകുമാർ യാദവും മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. സംശയാസ്പദമായ തന്ത്രങ്ങളും സെലക്ഷൻ തീരുമാനങ്ങളും ഇവരുടെ കാലയളവിൽ ഉണ്ടായിട്ടുണ്ട്. എന്നാൽ ആരാണ് അങ്ങനെ ചെയ്യാത്തത്? എംഎസ് ധോണി അത്തരത്തിൽ ഉള്ള തീരുമാനങ്ങൾ കൊണ്ട് നമ്മളെ ഞെട്ടിച്ച താരമായിരുന്നു. എന്നിട്ടും അയാൾ ഏറ്റവും മികച്ച വൈറ്റ് ബോൾ നായകനായി.
എന്നാൽ ഓസ്‌ട്രേലിയക്കെതിരെ ഹൊബാർട്ടിൽ നടക്കുന്ന പോരിൽ ഇരുവരും ചേർന്നെടുത്ത തീരുമാനങ്ങൾ കാണുമ്പോൾ ഇതൊക്കെ എന്ത് തന്ത്രമാണ് എന്ന് ചോദിക്കുകയാണ് ആരാധകർ. ടോസ് നേടി ഫീൽഡിങ് തിരഞ്ഞെടുത്ത ഇന്ത്യൻ നിരയിൽ കുൽദീപ്, ഹർഷിത്, സഞ്ജു എന്നിവർ സ്‌ക്വാഡിൽ നിന്ന് പുറത്തായപ്പോൾ വാഷിംഗ്‌ടൺ, അർശ്ദീപ്, ജിതേഷ് എന്നിവർക്ക് അവസരം കിട്ടി.
ഇതിൽ കുൽദീപിന് പകരം ടീമിലെത്തിയ വാഷിംഗ്‌ടൺ സുന്ദർ ബോളിങ് ഓൾ റൗണ്ടർ എന്ന നിലയിലാണ് അറിയപ്പെടുന്നത്. എന്നാൽ താരത്തിന് ഒരു ഓവർ പോലും ടീം നൽകിയില്ല എന്നതാണ് കൗതുകം. ബുംറ, അർശ്ദീപ്, അക്‌സർ, വരുൺ, ദുബൈ, അഭിഷേക് ശർമ എന്നിങ്ങനെ 6 ഓപ്ഷൻ ഇന്ത്യ പരീക്ഷിച്ചിട്ടും സുന്ദറിന് ഒരു ഓവർ പോലും നൽകിയില്ല എന്നത് ഞെട്ടിച്ചു. സ്പിന്നർ വരുൺ ഈ പിച്ചിൽ 2 വിക്കറ്റ് നേടി എന്നത് ശ്രദ്ധിക്കണം. പാർട്ട് ടൈം ബോളറായ അഭിഷേകിനും ഇന്ത്യ ഓവർ നൽകി. എന്നിട്ടും എന്തിനാണ് നല്ല പിശുക്കൻ ബോളിങ് രീതിക്ക് പേരുകേട്ട വാഷിങ്ടണിന് ഓവർ നൽകുന്നില്ല എന്നത് ചോദ്യമാണ്.
ഒരു പ്രോപ്പർ ബാറ്റ്സ്മാൻ എന്ന നിലയിൽ മാത്രമാണോ സുന്ദറിനെ ഇന്ത്യ കാണുന്നത്? അങ്ങനെ ആണെങ്കിൽ എന്തുകൊണ്ട് റിങ്കുവിനെ ഇന്ത്യ കളിപ്പിക്കുന്നില്ല? വിവിധ ചോദ്യങ്ങൾക്ക് ഉത്തരം പറയാൻ ഗംഭീർ ബാധ്യസ്ഥനാണെന്ന് പറയാം.













Discussion about this post