വർഷങ്ങൾക്ക് മുമ്പ് സച്ചിനൊക്കെ കളിച്ചിരുന്ന കാലത്ത് അദ്ദേഹത്തിന്റെ വിക്കറ്റ് പോയാൽ ‘ ഞങ്ങളും ഉണ്ട് പുറകെ ‘ എന്ന് പറഞ്ഞത് പോലെ പുറകെ പുറകെ വിക്കറ്റ് കളഞ്ഞിരുന്ന സഹതാരങ്ങൾ ആയിരുന്നു അന്ന് ഉണ്ടായിരുന്നത്. സച്ചിൻ ഔട്ടായി കഴിഞ്ഞാൽ ടി വി ഓഫാക്കി പോകുന്നവരും ഏറെയായിരുന്നു. എന്നാൽ ഇന്ന് കാലം മാറി, സച്ചിന് ശേഷം വന്ന സൂപ്പർതാരങ്ങൾ വിരാടും രോഹിതും രണ്ട് ഫോര്മാറ്റുകളിൽ നിന്ന് വിരമിച്ചിട്ടും ഇന്ത്യൻ ടീമിന്റെ കരുത്തിന് ഒരു കുറവും ഇല്ല. അത്രമാത്രം ബാക്കപ്പ് ഓപ്ഷനുകൾ ഇന്ന് ഇന്ത്യൻ ടീമിലുണ്ട് എന്നതാണ് ഇതിനൊക്കെ കാരണം. അങ്ങനെ ബാക്കപ്പ് ഓപ്ഷൻ കൂടുന്നതിനാൽ തന്നെ പണ്ടുള്ള കാലത്ത് കളിച്ച താരങ്ങൾക്ക് കിട്ടുന്ന അവസരമൊന്നും ഇനി താരങ്ങൾക്ക് കിട്ടില്ല. ആകെ ചെയ്യാനുള്ളത് കിട്ടുന്ന അവസരത്തിൽ നന്നായി ചെയ്യുക എന്നതാണ്.
അങ്ങനെ ഏറെ നാൾ കാത്തിരുന്ന അവസരത്തിൽ നന്നായി കളിച്ച് ഇപ്പോൾ കൈയടികൾ നേടുകയാണ് ഇന്ത്യൻ കീപ്പർ ജിതേഷ് ശർമ്മ. സഞ്ജുവിന്റേയും പന്തിന്റെയും ഇഷാൻ കിഷന്റെയും രാഹുലിന്റെയും ഒകെ സാന്നിധ്യമുള്ള ടീമിൽ അദ്ദേഹം പലപ്പോഴും ബാക്കപ്പ് ഓപ്ഷൻ മാത്രമായിരുന്നു. അതിനാൽ തന്നെ ഈ 32 വയസുള്ള താരം 10 ൽ താഴെ മത്സരങ്ങളിൽ മാത്രമാണ് ഇന്ത്യൻ ജേഴ്സിയിൽ ഇറങ്ങിയത്. ഏഷ്യാ കപ്പിലും ഓസ്‌ട്രേലിയക്കെതിരായ ടി 20 ടീമിലുമൊക്കെ സഞ്ജു സാംസണ് ബാക്കപ്പ് ആയിരുന്നു ജിതേഷ്. ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ടി 20 യിൽ സഞ്ജു സാംസൺ 2 റൺ മാത്രം നേടി പുറത്തായതോടെ അത് ജിതേഷിന് വാതിൽ തുറന്നു.
ഇന്ന് മൂന്നാം ടി 20 യിൽ ഓസ്ട്രേലിയ ഉയർത്തിയ 186 റൺ പിന്തുടർന്ന ഇന്ത്യ കഴിഞ്ഞ കളിയിലെ വിഷമം എല്ലാം മാറ്റി നന്നായി കളിച്ചപ്പോൾ റൺ ഉയർന്നു. ടീം സ്കോർ 145 – 5 ൽ നിൽക്കെയാണ് ജിതേഷ് ക്രീസിൽ വന്നത്. 13 പന്തിൽ 22 റൺ നേടിയ താരത്തിന്റെ ഇന്നിങ്സിൽ മൂന്ന് ബൗണ്ടറികൾ ഉണ്ടായിരുന്നു. സുന്ദർ 49 റൺ നേടി ടോപ് സ്കോററായപ്പോൾ വിജയര കടത്തി ബൗണ്ടറി നേടിയത് ജിതേഷ് ആയിരുന്നു. ഇന്ത്യ 5 വിക്കറ്റിന്റെ ജയം നേടി പരമ്പരയിൽ ഒപ്പമെത്തുകയും ചെയ്‌തു( 1 – 1 )
ഈ പ്രകടനത്തോടെ അടുത്ത മത്സരത്തിലും താൻ തന്നെ ടീമിൽ എന്നും ജിതേഷ് ഉറപ്പിക്കുകയാണ്. സഞ്ജുവിനെ സംബന്ധിച്ച് ഇത് വമ്പൻ പണി തന്നെയാണെന്ന് പറയാം. പ്രത്യേകിച്ച് ടി 20 ലോകകപ്പ് വരാനിരിക്കെ.













Discussion about this post