സന്ദീപ് ദാസ്
വർഷം 2013 , സാക്ഷാൽ സച്ചിൻ രമേശ് തെൻഡുൽക്കർ അന്താരാഷ്ട്ര ക്രിക്കറ്റിനോട് വിടപറയാനുള്ള തയ്യാറെടുപ്പുകളിലായിരുന്നു. അതിനുമുമ്പ് തൻ്റെ അവസാനത്തെ രഞ്ജി ട്രോഫി മത്സരം കളിക്കുന്നതിനുവേണ്ടി സച്ചിൻ ഹരിയാനയിലെ ‘ലാലി’ എന്ന ചെറിയ ഗ്രാമത്തിൽ എത്തിച്ചേർന്നു. ഇത്രയും വലിയൊരു അതിഥിയെ ഉൾക്കൊള്ളാൻ സാധിക്കുന്ന മികച്ച ഹോട്ടലുകൾ ആ പ്രദേശത്ത് ഇല്ലായിരുന്നു. സംസ്ഥാന മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ സച്ചിനെ താമസിപ്പിച്ചാലോ എന്നുവരെ സംഘാടകർ ആലോചിച്ചു! അവസാനം സച്ചിൻ ഒരു സ്റ്റേറ്റ് ഗസ്റ്റ് ഹൗസിലാണ് തങ്ങിയത്.
ഹരിയാനയും മുംബൈയും തമ്മിലുള്ള രഞ്ജി മത്സരം ആരംഭിച്ചപ്പോൾ ലാലിയിലെ ചൗധരി സ്റ്റേഡിയം നിറഞ്ഞുകവിഞ്ഞു. സച്ചിനെ ഒരു നോക്ക് കാണുന്നതിനുവേണ്ടി ഗ്രാമീണർ ഗ്രൗണ്ടിലേയ്ക്ക് ഒഴുകി. അങ്ങനെയുള്ള കാണികളിൽ ഒരാളായിരുന്നു സഞ്ജീവ് വർമ്മ. നാലാം ഇന്നിംഗ്സിലെ സച്ചിൻ്റെ തകർപ്പൻ ബാറ്റിങ്ങിൻ്റെ മികവിൽ മുംബൈ മത്സരം ജയിച്ചു. തൻ്റെ ഹീറോയുടെ ബാറ്റിങ്ങ് നേരിട്ട് കണ്ടപ്പോൾ സഞ്ജീവ് വളരെയേറെ സന്തുഷ്ടനായി.
സച്ചിൻ്റെ കളി കാണാൻ സഞ്ജീവ് തനിച്ചല്ല പോയത്. കേവലം ഒമ്പത് വയസ്സുമാത്രം പ്രായമുണ്ടായിരുന്ന മകളെയും സഞ്ജീവ് സ്റ്റേഡിയത്തിൽ കൊണ്ടുപോയിരുന്നു. അന്ന് ആ ബാലിക തീരുമാനിച്ചു- ”ക്രിക്കറ്റാണ് എൻ്റെ വഴി. സച്ചിനെപ്പോലെ ഞാനും സ്വപ്നങ്ങളെ പിന്തുടരാൻ പോവുകയാണ്. 12 വർഷങ്ങൾ കടന്നുപോയി. സച്ചിൻ്റെ സ്വന്തം മണ്ണായ മുംബൈയിലെ ഡി.വൈ പാട്ടീൽ സ്റ്റേഡിയത്തിൽ വനിതാ ലോകകപ്പിൻ്റെ ഫൈനൽ അരങ്ങേറുകയായിരുന്നു. ആ പഴയ ഒമ്പത് വയസ്സുകാരിയുടെ ചിറകിലേറി ഇന്ത്യ കിരീടത്തിൽ മുത്തമിട്ടു. അവളുടെ പേരാണ് ഷെഫാലി വർമ്മ.
പ്രതീക റാവലിന് പരിക്കേറ്റതുകൊണ്ട് മാത്രമാണ് ഷെഫാലി ടീമിലെത്തിയത്. ആദ്യം അവൾ ഒരു ഗംഭീര അർദ്ധസെഞ്ച്വറിയിലൂടെ ഇന്ത്യൻ സ്കോറിന് അടിത്തറയിട്ടു. പിന്നീട് രണ്ട് വിക്കറ്റുകൾ വീഴ്ത്തിയതുവഴി ദക്ഷിണാഫ്രിക്കൻ റൺചേസിൻ്റെ മുനയൊടിച്ചു. ബാറ്റിങ്ങിനിടെ ഒരു ഫ്രീഹിറ്റ് പാഴാക്കിയപ്പോൾ ദേഷ്യത്തോടെ അലറിയ ഷെഫാലിയെ നാം കണ്ടു. പക്ഷേ അടുത്ത പന്ത് അവൾ വേലിക്കെട്ടിലേയ്ക്ക് പറപ്പിച്ചു! അത്രയുമാണ് ഷെഫാലിയുടെ പോരാട്ടവീര്യം. ഏകദിന ക്രിക്കറ്റിൽ ഒരേയൊരു വിക്കറ്റിൻ്റെ സമ്പാദ്യമാണ് ഷെഫാലിയ്ക്ക് ഉണ്ടായിരുന്നത്. അങ്ങനെയുള്ള ഒരാൾ ഇതുപോലൊരു ഹൈപ്രൊഫൈൽ ഗെയിമിൽ രണ്ട് തലകൾ അരിഞ്ഞിട്ടു എന്നത് അവിശ്വസനീയമാണ്.
നമുക്ക് അത്ഭുതം തോന്നും. ഇത്രയും കട്ടിയുള്ള മനസ്സ് ഈ കൊച്ചുപെൺകുട്ടിയ്ക്ക് എങ്ങനെ കിട്ടി!?ഹരിയാനയിലെ തെരുവുകളിൽ അതിനുള്ള ഉത്തരമുണ്ട്. ഒരു പെൺകുട്ടി ആയതിൻ്റെ പേരിൽ ഷെഫാലി ബാല്യത്തിൽ കടുത്ത വിവേചനം അനുഭവിച്ചിരുന്നു. പല ക്രിക്കറ്റ് അക്കാദമികളും അവൾക്ക് പ്രവേശനം നിഷേധിച്ചിരുന്നു. ക്രിക്കറ്റിനുവേണ്ടി ഷെഫാലി സ്വന്തം മുടി മുറിച്ചു. തന്നേക്കാൾ പ്രായമുള്ള ആൺകുട്ടികളോടൊപ്പം കളിച്ചു. ഷെഫാലി ഒരു ആൺകുട്ടിയാണെന്ന് ചിലർ തെറ്റിദ്ധരിച്ചു! അങ്ങനെ അവൾക്ക് ചില ‘മാൻ ഓഫ് ദ മാച്ച് ‘ പുരസ്കാരങ്ങളും ലഭിച്ചു!!
ആ ബാല്യകാലം നൽകിയ ഔർജ്ജത്തിൽ നിന്നാണ് ഷെഫാലി ഉദിച്ചുയർന്നത്. വെസ്റ്റ് ഇൻഡീസിനെതിരായ ഒരു ടി-20 മത്സരത്തിൽ 49 പന്തുകളിൽ നിന്ന് 73 റണ്ണുകൾ അടിച്ചുകൂട്ടുമ്പോൾ ഷെഫാലിയ്ക്ക് 15 വയസ്സ് മാത്രമായിരുന്നു പ്രായം! അന്താരാഷ്ട്ര അർദ്ധസെഞ്ച്വറി കരസ്ഥമാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ താരം എന്ന ബഹുമതിയും അവൾ അന്ന് സ്വന്തമാക്കി.
പക്ഷേ പിന്നീട് ഷെഫാലിയ്ക്ക് തിരിച്ചടികളുടെ കാലമായിരുന്നു. ഏകദിന ക്രിക്കറ്റിൽ ഒരു ഫിഫ്റ്റി പോലും നേടാനാവാതെ ഷെഫാലി മൂന്ന് വർഷങ്ങൾ തള്ളിനീക്കി. അതോടെ ഇന്ത്യൻ ടീമിൻ്റെ വാതിലുകൾ ഷെഫാലിയ്ക്ക് മുമ്പിൽ കൊട്ടിയടക്കപ്പെട്ടു. ഷെഫാലി നീലക്കുപ്പായത്തിൽനിന്ന് പുറത്താക്കപ്പെടുമ്പോൾ പിതാവായ സഞ്ജീവ് വർമ്മ ഹൃദയാഘാതം മൂലം ആശുപത്രിയിലായിരുന്നു. അച്ഛൻ ആരോഗ്യം വീണ്ടെടുത്തതിനുശേഷമാണ് ഷെഫാലി എല്ലാം തുറന്നുപറഞ്ഞത്. അതുവരെ അവൾ എല്ലാ വേദനകളും തനിച്ചുതന്നെ സഹിച്ചു. ജീവിതം ഷെഫാലിയ്ക്ക് ഒരു അവസരം കൂടി നൽകി. അവൾ അത് അസാധാരണമാംവിധം പ്രയോജനപ്പെടുത്തി! ഇപ്പോൾ സഞ്ജീവ് വർമ്മ അഭിമാനത്താൽ ഉൾപ്പുളകമണിയുന്നുണ്ടാവും.
2023-ലെ പുരുഷ ലോകകപ്പിൻ്റെ ഫൈനലിൽ ഇന്ത്യ പരാജയപ്പെട്ടിരുന്നു. അന്ന് നിറകണ്ണുകളോടെ മൈതാനം വിട്ട ഇന്ത്യൻ നായകൻ രോഹിത് ശർമ്മയെ ആരും മറന്നിട്ടുണ്ടാവില്ല. ഡി.വൈ പാട്ടീൽ സ്റ്റേഡിയത്തിൽ രോഹിത് സന്നിഹിതനായിരുന്നു. വനിതകളുടെ വിജയം പൂർത്തിയാവുമ്പോൾ നിറഞ്ഞ മനസ്സോടെ ചിരിക്കുന്ന രോഹിതിനെ നാം കണ്ടു. കൂടെ ഒരിറ്റ് കണ്ണുനീരും! എല്ലാം അതിലുണ്ടായിരുന്നു. ലാലിയിലെ ചൗധരി സ്റ്റേഡിയത്തിൻ്റെ മുമ്പിൽ നിന്ന് പെൺകുട്ടികൾ ഇനി ഉറക്കെപ്പറയും-”ഇവിടെനിന്നാണ് ഷെഫാലിയുടെ യാത്ര ആരംഭിച്ചത്. ഷെഫാലിയ്ക്ക് കഴിഞ്ഞത് ഞങ്ങളെക്കൊണ്ടും സാധിക്കും. വലിയ സ്വപ്നങ്ങൾ കാണണം. അത് നമ്മുടെ അവകാശമാണ്.













Discussion about this post