യുണൈറ്റഡ് അറബ് എമിറേറ്റ്സിൽ (യുഎഇ) നടന്ന 2025 ഏഷ്യാ കപ്പ് ടൂർണമെന്റിൽ ഇന്ത്യ തകർപ്പൻ ജയമൊക്കെ നേടിയെങ്കിലും ടൂർണമെന്റ് മുഴുവൻ വിവാദങ്ങളാൽ നിറഞ്ഞതായിരുന്നു. ഇപ്പോഴിതാ ഇന്ത്യ- പാകിസ്ഥാൻ മത്സരത്തിലെ വിവാദങ്ങളുടെ ബാക്കിയായി ഏറ്റവും കൂടുതൽ പണി കിട്ടിയത് പാക് താരം ഹാരിസ് റൗഫിനായിരുന്നു. ഇന്ത്യൻ നായകൻ സൂര്യകുമാർ യാദവിനും ജസ്പ്രീത് ബുംറക്കും സംഭവത്തിന്റെ ബാക്കിയായി ഒരു ഡീമെറിറ്റ് പോയിന്റ് ലഭിച്ചു.
ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള മൂന്ന് മത്സരങ്ങളിലും ഇരുടീമുകളിലെ താരങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും ഏറ്റുമുട്ടിയിരുന്നു. ഗ്രൂപ്പ് ഘട്ട മത്സരത്തിലും ഫൈനലിലും നടത്തിയ വിവാദപരമായ പെരുമാറ്റത്തിനും ആംഗ്യങ്ങൾക്കും ഹാരിസ് റൗഫിന് കുറ്റക്കാരനാണെന്ന് കണ്ടെത്തി. താരത്തിന് മാച്ച് ഫീസിന്റെ 30 ശതമാനം പിഴയും രണ്ട് ഡീമെറിറ്റ് പോയിന്റുകളും ലഭിച്ചു. ഫൈനലിലെ പ്രവൃത്തിക്കും അദ്ദേഹത്തിന് അതേ ശിക്ഷ ലഭിച്ചു.
24 മാസ കാലയളവിൽ നാല് ഡീമെറിറ്റ് പോയിന്റുകൾ നേടിയതിനാലാണ് പേസർക്ക് രണ്ട് മത്സരത്തിൽ സസ്പെന്ഷൻ കിട്ടിയത്. തൽഫലമായി, ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ രണ്ട് ഏകദിനങ്ങളിൽ കളിക്കാൻ അദ്ദേഹത്തിന് പറ്റില്ല. പാകിസ്ഥാനെതിരായ ഗ്രൂപ്പ് ഘട്ടത്തിൽ ഇന്ത്യ വിജയിച്ചതിന് ശേഷമുള്ള മത്സര പ്രസന്റേഷനിൽ നടത്തിയ പരാമർശങ്ങൾക്ക്, ഇന്ത്യൻ നായകൻ സൂര്യകുമാർ യാദവിന് മാച്ച് ഫീയുടെ 30 ശതമാനം പിഴയും രണ്ട് ഡീമെറിറ്റ് പോയിന്റുകളും ലഭിച്ചു.
ജസ്പ്രീത് ബുംറക്ക് ഫൈനലിലെ മോശം പെരുമാറ്റത്തിന് ഒരു ഡിമെറിറ്റ് പോയിന്റാണ് പിഴയായി ലഭിച്ചത്. ആവേശകരമായ ഫെെനലിൽ പാകിസ്താനെ അഞ്ച് വിക്കറ്റിനാണ് ഇന്ത്യ തോൽപ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത പാകിസ്താൻ 146 റൺസിൽ കൂടാരം കയറിയപ്പോൾ രണ്ട് പന്തും അഞ്ച് വിക്കറ്റും ബാക്കിയാക്കി ഇന്ത്യ വിജയം നേടിയെടുക്കുകയായിരുന്നു. കുൽദീപ് യാദവിന്റെ നാല് വിക്കറ്റ് പ്രകടനവും തിലക് വർമയുടെ (69) അപരാജിത ഫിഫ്റ്റിയുമാണ് ഇന്ത്യക്ക് ആവേശ ജയം സമ്മാനിച്ചത്.













Discussion about this post