2010-ൽ ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ടെസ്റ്റ് മത്സരത്തിൽ, ഹാഷിം അംല സിംഗിൾ എടുക്കുന്നത് തടയാൻ ഫീൽഡ് ചെയ്യുന്നതിനിടെ മനഃപൂർവ്വം പന്ത് ബൗണ്ടറിയിലേക്ക് പന്ത് തട്ടിയിട്ട സെവാഗിന്റെ കഥ നിങ്ങൾ കേട്ടിട്ടുണ്ടോ? കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ നടന്ന പരമ്പരയിലെ രണ്ടാം ടെസ്റ്റിനിടെയാണ് സംഭവം നടന്നത്. അഞ്ചാം ദിവസത്തെ കളിയവസാനിക്കുമ്പോൾ ഇന്ത്യയുടെയും വിജയത്തിന്റെയും ഇടയിലുള്ള തടസം ഹാഷിം അംലയോടൊപ്പം മോർണേ മോർക്കൽ ആയിരുന്നു ക്രീസിൽ. പരമ്പരയിലെ ആദ്യ മത്സരത്തിൽ സൗത്താഫ്രിക്ക ജയിച്ചതിനാൽ തന്നെ രണ്ടാം മത്സരം ഇന്ത്യക്ക് ജയിക്കേണ്ടത് അത്യാവശ്യമായിരുന്നു.
അംല ഓരോ ഓവറിന്റെയും അവസാന പന്തിൽ സിംഗിൾ ഓടുന്നതിനാൽ തന്നെ അടുത്ത ഓവർ അദ്ദേഹം തന്നെയാണ് സ്‌ട്രൈക്കിൽ വരുന്നത്. ഇത് ഇന്ത്യക്ക് കാര്യങ്ങൾ ബുദ്ധിമുട്ടുണ്ടാക്കി. അങ്ങനെ അംല ബാറ്റ് ചെയ്യുന്നതിനിടെ, സെവാഗ് കവറിൽ ആയിരുന്നു ഫീൽഡ് ചെയ്തത്. അംല ഓവറിന്റെ അവസാന പന്തിൽ ഒരു ഷോട്ട് അടിച്ചു. പന്ത് ബൗണ്ടറി ലൈനിന് തൊട്ടടുത്ത് ചെന്ന് നിന്നു. ഈ നേരം കൊണ്ട് അംല സിംഗിൾ നേടിയിരുന്നു. എന്നാൽ പന്ത് എടുക്കുന്നതിനുപകരം, സെവാഗ് മനഃപൂർവ്വം ആ പന്ത് ബൗണ്ടറിയിലേക്ക് തട്ടുകയാണ് ചെയ്തത്.
താരം അടുത്ത പന്തിൽ സ്‌ട്രൈക്കിൽ വരുന്നത് ഒഴിവാക്കാനാണ് ഇങ്ങനെ ഒരു പ്രവർത്തി ചെയ്തത്. ക്രിക്കറ്റ് നിയമങ്ങൾ പ്രകാരം സേവാഗിന്റെ ആ നടപടി “മനഃപൂർവ്വമായ നിയമവിരുദ്ധ പ്രവൃത്തി”യാണെന്ന് അമ്പയർമാരായ സ്റ്റീവ് ഡേവിസും ഡാരിൽ ഹാർപ്പറും വിധിച്ചു. ദക്ഷിണാഫ്രിക്കയ്ക്ക് അഞ്ച് പെനാൽറ്റി റൺസ് ലഭിച്ചു.
പെനാൽറ്റിയൊക്കെ വിധിച്ചെങ്കിലും മത്സരം തീരാൻ ഒമ്പത് പന്തുകൾ ബാക്കി നിൽക്കെ മോർക്കലിനെ ഇന്ത്യക്ക് സ്‌ട്രൈക്കിൽ കിട്ടി. ഹർഭജൻ അദ്ദേഹത്തെ പുറത്താക്കി ഇന്ത്യയെ ജയിപ്പിക്കുകയും ചെയ്തു. ചതിയാണ് കാണിച്ചത് എങ്കിലും അപ്പോഴത്തെ സാഹചര്യത്തിൽ അതാണ് ചെയ്യാൻ തോന്നിയത് എന്നാണ് സെവാഗ് പറഞ്ഞത്.













Discussion about this post