ന്യൂഡൽഹി : രാജ്യത്തെ തന്നെ ഏറ്റവും പ്രശസ്തമായ ക്ഷേത്രങ്ങളിൽ ഒന്നായ തിരുമല തിരുപ്പതി ദേവസ്ഥാനത്തിൽ നടന്ന ലഡു കുംഭകോണവുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷണ റിപ്പോർട്ട് പുറത്ത്. അഞ്ചുവർഷത്തോളം തിരുപ്പതി ക്ഷേത്രത്തിൽ ഉപയോഗിച്ചത് വ്യാജ നെയ്യ് ആണെന്ന് സിബിഐ റിപ്പോർട്ട് വ്യക്തമാക്കുന്നു. പാലിന്റെയോ വെണ്ണയുടെയോ ഒരു അംശം പോലുമില്ലാത്ത ഈ വ്യാജ നെയ്യ് ഉത്തരാഖണ്ഡിൽ നിന്നുള്ള ഒരു ഡയറിയിൽ നിന്നുമായിരുന്നു ക്ഷേത്രത്തിലേക്ക് വാങ്ങിയിരുന്നത്.
2019 മുതൽ 2024 വരെ നെയ്യ് വിതരണം ചെയ്തിരുന്ന ഭോലെ ബാബ ഓർഗാനിക് ഡയറിയാണ് വൻ അഴിമതിക്ക് പിന്നിൽ പ്രവർത്തിച്ചത്. 250 കോടി രൂപയുടെ അഴിമതിയാണ് തിരുപ്പതി ക്ഷേത്രത്തിലേക്കുള്ള നെയ്യ് വിതരണത്തിലൂടെ നടന്നിട്ടുള്ളത്. അഞ്ച് വർഷത്തിനിടെ തിരുപ്പതി ക്ഷേത്രത്തിന് 68 ലക്ഷം കിലോഗ്രാം വ്യാജ നെയ്യ് വിതരണം ചെയ്തതായി സിബിഐ അന്വേഷണത്തിൽ കണ്ടെത്തി. ഇതിന് ഏകദേശം 250 കോടി രൂപ വിലമതിക്കുമെന്നാണ് റിപ്പോർട്ട്.
ഭോലെ ബാബ ഓർഗാനിക് ഡയറി ഒരിക്കലും യഥാർത്ഥ പാലോ വെണ്ണയോ വാങ്ങിയിട്ടില്ലെന്നും പകരം മോണോഡിഗ്ലിസറൈഡുകൾ, അസറ്റിക് ആസിഡ് എസ്റ്ററുകൾ തുടങ്ങിയ രാസവസ്തുക്കൾ ഉപയോഗിച്ച് കൃത്രിമ നെയ്യ് നിർമ്മിച്ചുവെന്നും സിബിഐയുടെ പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) പറഞ്ഞു. ഡയറിയിലേക്ക് ഈ രാസവസ്തുക്കൾ വിതരണം ചെയ്ത പ്രതി അജയ് കുമാർ സുഗന്ധിന്റെ അറസ്റ്റിന് ശേഷമാണ് അന്വേഷണ ഏജൻസി ഈ വിവരം വെളിപ്പെടുത്തിയത്. 2022 ൽ ഭോലെ ബാബ ഡയറി കരിമ്പട്ടികയിൽ പെടുത്തിയതിനുശേഷവും, വൈഷ്ണവി ഡയറി (തിരുപ്പതി), മാൽ ഗംഗാ ഡയറി (ഉത്തർപ്രദേശ്), എആർ ഡയറി ഫുഡ്‌സ് (തമിഴ്‌നാട്) തുടങ്ങിയ മറ്റ് കമ്പനികളുടെ പേരിൽ അവർ വ്യാജ നെയ്യ് വിതരണം തുടർന്നിരുന്നുവെന്നും സിബിഐ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
2023 ജൂലൈയിൽ തിരുപ്പതി ദേവസ്ഥാനം നിരസിച്ച നാല് ടാങ്കർ നെയ്യ് ഭോലെ ബാബ ഡയറി ലേബലുകൾ മാറ്റിയ ശേഷം ക്ഷേത്രത്തിലേക്ക് തിരികെ അയച്ചതായും അന്വേഷണത്തിൽ വ്യക്തമായി. ഈ നെയ്യ് മായം ചേർത്തതും മൃഗക്കൊഴുപ്പ് അടങ്ങിയതുമാണെന്നാണ് കണ്ടെത്തിയിട്ടുള്ളത്. ഈ കേസ് വെറും ഒരു തട്ടിപ്പല്ല, മറിച്ച് മതവിശ്വാസവുമായി ബന്ധപ്പെട്ട ഗുരുതരമായ കുറ്റകൃത്യമാണെന്ന് സിബിഐ റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഈ മുഴുവൻ അഴിമതിയിലും പങ്കാളികളായ തിരുപ്പതി ദേവസ്ഥാനം ഉദ്യോഗസ്ഥരെക്കുറിച്ചുള്ള കൂടുതൽ അന്വേഷണം തുടരുകയാണെന്നും സിബിഐ അറിയിച്ചു.









Discussion about this post