ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച താരങ്ങളായ വിരാട് കോഹ്‌ലിയും രോഹിത് ശർമ്മയും ഇപ്പോൾ അവരുടെ കരിയറിന്റെ അവസാന നാളുകളിലാണ്. ആരാധകരെ സംബന്ധിച്ച് വിഷമം ഉണ്ടാകുന്ന കാര്യം ആണെങ്കിലും ഇവരുടെയൊക്കെ വിരമിക്കൽ വളരെ അടുത്താണ് എന്നുള്ളതാണ് സത്യം. ഇരുവരും ടി20യിൽ നിന്നും ടെസ്റ്റിൽ നിന്നും വിരമിച്ച ശേഷം നിലവിൽ ഏകദിന മത്സരങ്ങളിൽ (ഏകദിനങ്ങൾ) മാത്രമേ ദേശീയ ടീമിനെ പ്രതിനിധീകരിക്കുന്നുള്ളൂ. കൂടാതെ ഇന്ത്യൻ പ്രീമിയർ ലീഗും കളിക്കുന്നുണ്ട്.
എന്നിരുന്നാലും, ചുരുങ്ങിയ മത്സരങ്ങൾ മാത്രം കളിക്കുന്നതിനാൽ തന്നെ വലിയ ഇടവേളകൾ എടുക്കും ആരാധകർക്ക് ഇവരെ വീണ്ടും കളത്തിൽ കാണാൻ. മാസങ്ങൾക്ക് ശേഷം അടുത്തിടെ ഇരുവരും ഓസ്‌ട്രേലിയയിൽ നടന്ന ഏകദിന പരമ്പരയിലൂടെയാണ് ടീമിൽ തിരിച്ചെത്തിയത്. രണ്ടാം മത്സരത്തിൽ രോഹിത് ഫോം വീണ്ടെടുത്തപ്പോൾ, കോഹ്‌ലി തുടർച്ചയായി രണ്ട് മത്സരങ്ങളിൽ പൂജ്യമായി മടങ്ങി.
എന്തായാലും ഇന്ത്യ-ഓസ്ട്രേലിയ ഏകദിന പരമ്പരയിലെ അവസാന മത്സരത്തിൽ മികച്ച പ്രകടനത്തോടെ അവസാനിപ്പിച്ച വിരാട് കോഹ്‌ലിയും രോഹിത് ശർമ്മയും 74 റൺസും 121 റൺസും നേടി മനോഹര കൂട്ടുകെട്ട് തീർത്താണ് ഇന്ത്യയെ ജയിപ്പിച്ചത്. എന്തായാലും ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) ഈ താരങ്ങൾക്ക് ചില കർശന നിർദേശങ്ങൾ നൽകി രംഗത്ത് വന്നിരിക്കുകായാണ്.
ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് അനുസരിച്ച്, ഫിറ്റ്നസ് നിലനിർത്താൻ ആഭ്യന്തര ക്രിക്കറ്റ് കളിക്കാൻ ബിസിസിഐ ഇരുവരോടും നിർദ്ദേശിച്ചിട്ടുണ്ട്.
“ഇന്ത്യയ്ക്ക് വേണ്ടി കളിക്കണമെങ്കിൽ ആഭ്യന്തര ക്രിക്കറ്റ് കളിക്കണമെന്ന് ബോർഡും ടീം മാനേജ്മെന്റും ഇരുവരെയും അറിയിച്ചിട്ടുണ്ട്. ഇരുവരും രണ്ട് ഫോർമാറ്റുകളിൽ നിന്നും വിരമിച്ചതിനാൽ, ഫിറ്റ്നസ് നിലനിർത്താൻ അവർ ആഭ്യന്തര ക്രിക്കറ്റ് കളിക്കണം,” ബോർഡിലെ ഒരു അംഗം പറഞ്ഞു.
എന്തായാലും വിജയ് ഹസാരെ ട്രോഫി ടൂർണമെന്റിൽ കളിക്കാൻ താൻ തയാറാണെന്ന് രോഹിത് ശർമ്മ മുംബൈ ക്രിക്കറ്റ് അസോസിയേഷനെ (എംസിഎ) അറിയിച്ചിട്ടുണ്ട്. ഇത് കൂടാതെ ഈ മാസം അവസാനം ആരംഭിക്കുന്ന ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയിൽ കോഹ്‌ലിയോടൊപ്പം രോഹിത് ഇന്ത്യയെ പ്രതിനിധീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.













Discussion about this post