ചെന്നൈ സൂപ്പർ കിംഗ്‌സും (സിഎസ്‌കെ) രാജസ്ഥാൻ റോയൽസും (ആർആർ) തമ്മിലുള്ള രവീന്ദ്ര ജഡേജ-സഞ്ജു സാംസൺ സ്വാപ്പ് ഡീൽ പ്രതിസന്ധിയിൽ. ഇരുടീമുകളും കരാർ ഇതുവരെ ഔദ്യോഗികമായി ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന്റെ ബിസിസിഐ) അംഗീകാരത്തിനായി സമർപ്പിച്ചിട്ടില്ല. ക്രിക്ക്ബസ് റിപ്പോർട്ട് അനുസരിച്ച്, രണ്ട് ഫ്രാഞ്ചൈസികളും ഇതിനകം ഡീലിൽ താൽപ്പര്യം പ്രകടിപ്പിച്ചെങ്കിലും സാം കരന്റെ കാര്യത്തിൽ ആശയക്കുഴപ്പം നിൽക്കുന്നതിനാലാണ് ഡീൽ വൈകുന്നത്.
റോയൽസിന്റെ വിദേശ ക്വാട്ട ഇതിനകം നിറഞ്ഞിരിക്കുകയാണ്. അതിനാൽ തന്നെ നിലവിലെ വിദേശ കളിക്കാരിൽ ഒരാളെ വിട്ടയച്ചില്ലെങ്കിൽ കറനെ ഒപ്പം ചേർക്കാൻ രാജസ്ഥാന് സാധിക്കില്ല. ഇതുകൊണ്ടാണ് സ്വാപ്പ് ഡീൽ ഔദ്യോഗികമായി സ്ഥിതീകരിക്കാത്തത്. നിലവിൽ രാജസ്ഥാൻ ടീമിൽ എട്ട് വിദേശ താരങ്ങൾ ഉൾപ്പെടുന്നു – ജോഫ്ര ആർച്ചർ, ഷിമ്രോൺ ഹെറ്റ്മെയർ, വാനിന്ദു ഹസരംഗ, മഹേഷ് തീക്ഷണ, ഫസൽഹഖ് ഫാറൂഖി, ക്വേന മഫാക്ക, നന്ദ്രെ ബർഗർ, ലുഹാൻ-ഡ്രെ പ്രിട്ടോറിയസ് – കൂടാതെ 14 ഇന്ത്യൻ കളിക്കാരും. 25 കളിക്കാരുടെ പരിധിക്കുള്ളിൽ മൂന്ന് പേരെ കൂടി സൈൻ ചെയ്യാൻ ഇത് അവസരം നൽകുന്നു. പക്ഷേഅവിടെ ബജറ്റ് പരിധിക്കുള്ളിൽ തന്നെ തുടരേണ്ടതുണ്ട്.
എന്നാൽ ആർആറിന്റെ കൈവശം 30 ലക്ഷം രൂപ മാത്രമേ ശേഷിക്കുന്നുള്ളൂ. സാം കറന്റെ മൂല്യം 2.4 കോടി രൂപയാണ്. അതിനാൽ കരാർ പൂർത്തിയാക്കാൻ, ഉയർന്ന വിലയുള്ള ഒരു വിദേശ കളിക്കാരനെയെങ്കിലും ടീം വിട്ടയക്കേണ്ടതുണ്ട്. റിപ്പോർട്ട് അനുസരിച്ച്, റോയൽസ് അവരുടെ ശ്രീലങ്കൻ ജോഡികളായ വാനിന്ദു ഹസരംഗ (5.25 കോടി രൂപ), മഹേഷ് തീക്ഷണ (4.40 കോടി രൂപ) എന്നിവരെ പുറത്താക്കാൻ സാധ്യതയുണ്ട്, ഇത് ടീമിന് കൂടുതൽ ഫണ്ട് നൽകും. എന്നിരുന്നാലും, നവംബർ 15 ലെ നിലനിർത്തൽ സമയപരിധിക്ക് ശേഷം, ഐപിഎൽ ടീമുകൾ നിലനിർത്തിയതും വിട്ടയച്ചതുമായ കളിക്കാരുടെ പട്ടിക ഔദ്യോഗികമായി പ്രഖ്യാപിക്കുമ്പോൾ മാത്രമേ അത്തരം നീക്കങ്ങൾ അന്തിമമാകൂ.
അതിനാൽ തന്നെ എന്താകും സഞ്ജു- ജഡേജ സ്വാപ്പ് ഡീൽ കാര്യത്തിൽ അവസാന അപ്ഡേറ്റ് എന്ന് അറിയാൻ കുറച്ച് കാത്തിരുന്നേ പറ്റൂ എന്ന് സാരം.













Discussion about this post