ചെന്നൈ സൂപ്പർ കിംഗ്‌സും (സിഎസ്‌കെ) രാജസ്ഥാൻ റോയൽസും (ആർആർ) തമ്മിലുള്ള ട്രേഡ് ഡീലിനെക്കുറിച്ച് കൂടുതൽ അപ്ഡേറ്റുകൾ ഓരോ മണിക്കൂറും പുറത്ത് വരുന്നു. ഡീലിൽ സിഎസ്‌കെയുടെ സ്റ്റാർ ഓൾറൗണ്ടർ രവീന്ദ്ര ജഡേജയും ഇംഗ്ലണ്ടിന്റെ സാം കറനും രാജസ്ഥാനിലേക്ക് പോകുമ്പോൾ ആർആർ ക്യാപ്റ്റൻ സഞ്ജു സാംസൺ ചെന്നൈയിലേക്ക് മാറും. എന്നിരുന്നാലും സാം കരന്റെ ഡീൽ കാര്യത്തിൽ തീരുമാനമാകാതെ നിൽക്കുന്നത് കൊണ്ടാണ് ഈ ഡീൽ ഇതുവരെ സ്ഥിതീകരിക്കാതെ നിൽക്കുന്നത്.
ക്രിക്ക്ബസ് റിപ്പോർട്ട് അനുസരിച്ച്, രണ്ട് ഫ്രാഞ്ചൈസികളും ഇതിനകം ഡീലിൽ താൽപ്പര്യം പ്രകടിപ്പിച്ചെങ്കിലും സാം കരന്റെ കാര്യത്തിൽ ആശയക്കുഴപ്പം നിൽക്കുന്നതിനാലാണ് ഡീൽ വൈകുന്നത്. റോയൽസിന്റെ വിദേശ ക്വാട്ട ഇതിനകം നിറഞ്ഞിരിക്കുകയാണ്. അതിനാൽ തന്നെ നിലവിലെ വിദേശ കളിക്കാരിൽ ഒരാളെ വിട്ടയച്ചില്ലെങ്കിൽ കറനെ ഒപ്പം ചേർക്കാൻ രാജസ്ഥാന് സാധിക്കില്ല. ഇതുകൊണ്ടാണ് സ്വാപ്പ് ഡീൽ ഔദ്യോഗികമായി സ്ഥിതീകരിക്കാത്തത്. നിലവിൽ രാജസ്ഥാൻ ടീമിൽ എട്ട് വിദേശ താരങ്ങൾ ഉൾപ്പെടുന്നു. ജോഫ്ര ആർച്ചർ, ഷിമ്രോൺ ഹെറ്റ്മെയർ, വാനിന്ദു ഹസരംഗ, മഹേഷ് തീക്ഷണ, ഫസൽഹഖ് ഫാറൂഖി, ക്വേന മഫാക്ക, നന്ദ്രെ ബർഗർ, ലുഹാൻ-ഡ്രെ പ്രിട്ടോറിയസ് – കൂടാതെ 14 ഇന്ത്യൻ കളിക്കാരും. 25 കളിക്കാരുടെ പരിധിക്കുള്ളിൽ മൂന്ന് പേരെ കൂടി സൈൻ ചെയ്യാൻ ഇത് അവസരം നൽകുന്നു. പക്ഷേ അവിടെ ബജറ്റ് പരിധിക്കുള്ളിൽ തന്നെ തുടരേണ്ടതുണ്ട്.
എന്നാൽ ആർആറിന്റെ കൈവശം 30 ലക്ഷം രൂപ മാത്രമേ ശേഷിക്കുന്നുള്ളൂ. സാം കറന്റെ മൂല്യം 2.4 കോടി രൂപയാണ്. അതിനാൽ കരാർ പൂർത്തിയാക്കാൻ, ഉയർന്ന വിലയുള്ള ഒരു വിദേശ കളിക്കാരനെയെങ്കിലും ടീം വിട്ടയക്കേണ്ടതുണ്ട്. അതേസമയം റോയൽസിന്റെ ക്യാപ്റ്റനായി നിയമിക്കപ്പെട്ടാൽ മാത്രമേ താൻ ഈ നീക്കത്തോട് യോജിക്കുകയുള്ളൂ എന്ന് ജഡേജ വ്യക്തമാക്കിയതായി റിപ്പോർട്ടുണ്ട്.
ക്രിക്കറ്റ് നെക്സ്റ്റിന്റെ റിപ്പോർട്ട് അനുസരിച്ച്, 37 കാരനായ ജഡേജ തന്റെ മഹത്തായ കരിയറിന്റെ അവസാന ഘട്ടത്തിൽ ഫ്രാഞ്ചൈസിയെ നയിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ട്. യശസ്വി ജയ്‌സ്വാളിനെയും റിയാൻ പരാഗിനെയും ഭാവി ക്യാപ്റ്റന്മാരായി പരിഗണിച്ചിരുന്ന റോയൽസ് മാനേജ്‌മെന്റ് ഇപ്പോൾ ജഡേജയുടെ ആവശ്യം ഗൗരവമായി പരിഗണിക്കുകയാണ്. അദ്ദേഹത്തിന്റെ അനുഭവവും നേതൃത്വഗുണവും കണക്കിലെടുത്ത് അദ്ദേഹത്തിന്റെ നിബന്ധന അംഗീകരിക്കാൻ സാധ്യതയുണ്ട്, പക്ഷേ ട്രേഡ് അന്തിമമാക്കിയതിനുശേഷം മാത്രമേ ഔദ്യോഗിക തീരുമാനം എടുക്കൂ എന്ന് സ്രോതസ്സുകൾ സൂചിപ്പിക്കുന്നു.
എംഎസ് ധോണി സ്ഥാനമൊഴിഞ്ഞതിനുശേഷം 2022 സീസണിൽ ചെന്നൈ സൂപ്പർ കിംഗ്‌സിനെ കുറച്ചുകാലം നയിച്ച ജഡേജയ്ക്ക് മുൻ ക്യാപ്റ്റൻസി പരിചയമുണ്ട്. എന്നിരുന്നാലും, അദ്ദേഹത്തിന്റെ നേതൃത്വത്തിൽ എട്ട് മത്സരങ്ങളിൽ നിന്ന് രണ്ട് വിജയങ്ങൾ മാത്രമേ സിഎസ്‌കെക്ക് നേടാനായുള്ളൂ എന്നതും ശ്രദ്ധിക്കണം.













Discussion about this post