കഴിഞ്ഞ 15 വർഷമായി ഇന്ത്യയിൽ ഒരു ടെസ്റ്റ് മത്സരം പോലും ജയിക്കാൻ ദക്ഷിണാഫ്രിക്കയ്ക്ക് കഴിഞ്ഞിട്ടില്ല. എന്നാൽ ദക്ഷിണാഫ്രിക്ക ഈ വരൾച്ച അവസാനിപ്പിക്കാൻ പോകുകയാണെന്ന് സ്പിന്നർ കേശവ് മഹാരാജ് ആത്മവിശ്വാസം പ്രകടിപ്പിച്ചു രംഗത്ത് വന്നിരിക്കുകയാണ്. നവംബർ 14 ന് കൊൽക്കത്തയിൽ ആരംഭിക്കുന്ന രണ്ട് മത്സര ടെസ്റ്റ് പരമ്പരയിൽ ആതിഥേയരെ നേരിടുമ്പോൾ, ഇന്ത്യയിൽ ചരിത്രം സൃഷ്ടിക്കാനാണ് സൗത്താഫ്രിക്ക ഒരുങ്ങുന്നത്.
ഇന്ത്യയെ തോൽപ്പിക്കുക എന്ന ലക്‌ഷ്യം മാത്രമാണ് ടീമിന് ഉള്ളതെന്ന് താരം പറഞ്ഞു “ഇന്ത്യയെ അവരുടെ സ്വന്തം നാട്ടിൽ തോൽപ്പിക്കാനുള്ള ശക്തമായ ദൃഢനിശ്ചയവും പ്രേരണയും ടീമിലുണ്ട്. ഏറ്റവും കഠിനമായതല്ലെങ്കിലും ഏറ്റവും വെല്ലുവിളി നിറഞ്ഞ പര്യടനമാണിതെന്ന് പറയാം. ഞങ്ങൾ എത്രത്തോളം പുരോഗമിച്ചുവെന്ന് പരിശോധിക്കാനുള്ള അവസരമായും ഞങ്ങൾ ഇതിനെ കാണുന്നു,” അദ്ദേഹം പറഞ്ഞു, പി.ടി.ഐ ഉദ്ധരിച്ചതുപോലെ.
ഉപഭൂഖണ്ഡത്തിന്റെ മറ്റ് ഭാഗങ്ങളിൽ ദക്ഷിണാഫ്രിക്ക മുന്നേറ്റം നടത്താൻ തുടങ്ങിയിട്ടുണ്ടെന്നും കളിക്കാർ ഈ പര്യടനത്തെ അവരുടെ പുരോഗതിയിലെ ഒരു പ്രധാന അധ്യായമായി കാണുന്നുവെന്നും മഹാരാജ് ചൂണ്ടിക്കാട്ടി. “ഉപഭൂഖണ്ഡത്തിന്റെ മറ്റ് ഭാഗങ്ങളിൽ ഞങ്ങൾ ഞങ്ങളുടെ വ്യക്തിമുദ്ര പതിപ്പിക്കാൻ തുടങ്ങിയിരിക്കുന്നു. ഇത് ഞങ്ങൾ ഏറ്റെടുക്കാൻ ആഗ്രഹിക്കുന്ന ഒരു വെല്ലുവിളിയാണ്,” അദ്ദേഹം കൂട്ടിച്ചേർത്തു.
ദക്ഷിണാഫ്രിക്കയുടെ സമീപകാല ഇന്ത്യാ സന്ദർശനങ്ങൾ ഒന്നും നല്ല രീതിയിൽ അല്ല സമാപിച്ചത്. 2015 ലും 2019 ലും നടന്ന പരമ്പരകളിൽ അവർ തോൽവികൾ ഏറ്റുവാങ്ങി. എന്നാൽ വരാനിരിക്കുന്ന പരമ്പര കൂടുതൽ മികച്ച മത്സരം നൽകുമെന്ന് മഹാരാജ് പ്രതീക്ഷിക്കുന്നു.“പാകിസ്ഥാനിൽ കണ്ടതുപോലെ സ്പിൻ ശക്തിയുള്ള പിച്ചുകൾഇവിടെ ഉണ്ടാകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നില്ല. വെസ്റ്റ് ഇൻഡീസ് പരമ്പരയിൽ കണ്ടതുപോലെ ഉള്ള സാഹചര്യമാണ് പ്രതീക്ഷിക്കുന്നത്. നാലോ അഞ്ചോ ദിവസത്തേക്ക് മത്സരക്ഷമത നിലനിർത്തുന്ന വിക്കറ്റുകളാണ് ഇപ്പോൾ ടീമുകൾ ലക്ഷ്യമിടുന്നത്,” മഹാരാജ് പറഞ്ഞു നിർത്തി.













Discussion about this post