ഫിറ്റ്നസ് നിലനിർത്താൻ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് വിരാട് കോഹ്‌ലിയോടും രോഹിത് ശർമ്മയോടും ആഭ്യന്തര ക്രിക്കറ്റ് കളിക്കാൻ ആവശ്യപ്പെട്ടത് വാർത്ത ആയിരുന്നു. മറ്റ് രണ്ട് ഫോർമാറ്റുകളിൽ നിന്ന് വിരമിച്ചതിനാൽ ഇന്ത്യൻ ക്രിക്കറ്റിലെ രണ്ട് ഇതിഹാസങ്ങളും ഏകദിന ക്രിക്കറ്റിൽ മാത്രമേ സജീവമായി കളിക്കുന്നുള്ളൂ. അതിനാൽ തന്നെ ഇവർക്കും കിട്ടുന്ന കളിസമയം വളരെ കുറവാണ്. അതുകൊണ്ടാണ് ആഭ്യന്തര ക്രിക്കറ്റ് കളിച്ച് കളത്തിൽ ഫിറ്റായി നിൽക്കണം എന്ന നിർദേശം ഇവർക്ക് ബിസിസിഐ നൽകിയത്.
ബിസിസിഐയുടെ ഉത്തരവിനെത്തുടർന്ന്, വരാനിരിക്കുന്ന വിജയ് ഹസാരെ ട്രോഫിയിൽ രോഹിത് കളിക്കും എന്ന് തന്നെയാണ് ഇതുവരെ വന്ന റിപ്പോർട്ടിൽ നിന്ന് മനസിലാകുന്ന കാര്യം. പരിക്ക് കാരണം ഏറെ നാളുകളായി കളത്തിന് പുറത്തായിരുന്ന ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യയും ആഭ്യന്തര ക്രിക്കറ്റിൽ തന്റെ സംസ്ഥാന ടീമിനായി കളിക്കാൻ തയാറാണെന്ന് ഉറപ്പായി കഴിഞ്ഞു.
ബറോഡയ്ക്ക് വേണ്ടിയാകും സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ പാണ്ഡ്യ കളിക്കുക. രോഹിതും പാണ്ഡ്യയും അവരുടെ ലഭ്യത സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും, കോഹ്‌ലിയുടെ പങ്കാളിത്തം ഇപ്പോഴും അനിശ്ചിതത്വത്തിലാണ്. കോഹ്‌ലി ലണ്ടനിലാണെന്നാണ് റിപ്പോർട്ട്. ആഭ്യന്തര ക്രിക്കറ്റ് കളിക്കാതെ ഇരുന്നാൽ ഇന്ത്യൻ ടീമിലേക്ക് പരിഗണിക്കില്ല എന്നത് ഉറപ്പായി കഴിഞ്ഞ സാഹചര്യത്തിൽ കോഹ്‌ലി ടൂർണമെന്റ് കളിക്കും എന്ന് തന്നെയാണ് പ്രതീക്ഷ.
ദക്ഷിണാഫ്രിക്കക്ക് എതിരായ ഏകദിന പരമ്പരയാണ് ഈ മൂന്ന് സൂപ്പർതാരങ്ങളെയും കാത്തിരിക്കുന്ന അടുത്ത അസൈൻമെന്റ്.













Discussion about this post